മോട്ടോർ വാഹന വകുപ്പ് ജോയിന്റ് കമ്മീഷ്ണറുടെ അന്വേഷണ റിപ്പോർട്ട് അടിസ്ഥാനത്തിലാണ് നടപടി. ജോലി സംബന്ധമായി ഇരുവരും തമ്മിൽ തർക്കങ്ങൾ ഉണ്ടായിരുന്നതായാണ് അന്വേഷണത്തിലെ കണ്ടെത്തൽ.

വയനാട്: മാനന്തവാടി (Mananthavady) സബ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസിലെ ജീവനക്കാരി സിന്ധുവിന്റെ ആത്മഹത്യയിൽ വകുപ്പുതല നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്. ആരോപണ വിധേയയായ ജൂനിയർ സുപ്രണ്ട് അജിത കുമാരിയോട് അവധിയിൽ പ്രവേശിക്കാൻ നിർദേശിച്ചു. മോട്ടോർ വാഹന വകുപ്പ് ജോയിന്റ് കമ്മീഷ്ണറുടെ അന്വേഷണ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് നടപടി. ജോലി സംബന്ധമായി ഇരുവരും തമ്മിൽ തർക്കങ്ങൾ ഉണ്ടായിരുന്നതായാണ് അന്വേഷണത്തിലെ കണ്ടെത്തൽ. സിന്ധുവിന്റെ ആത്മഹത്യയ്ക്ക് കാരണം സഹപ്രവർത്തകരുടെ മാനസിക പീഡനം മൂലമാണെന്ന് കുടുംബം നേരത്തെ വ്യക്തമാക്കിയിരുന്നു. സിന്ധുവിൻ്റെ ഡയറിയിൽ അജിത കുമാരിയടക്കമുള്ളവരെ കുറിച്ച് പരാമർശമുണ്ടെന്ന് പൊലീസ് പറഞ്ഞു.

സിന്ധു തൂങ്ങി മരിച്ച എള്ളുമന്ദത്തെ വീട്ടിലെ മുറിയിൽ നിന്നാണ് 20 പേജുള്ള ഡയറിയും ചില കുറിപ്പുകളും കണ്ടെത്തിയത്. ഓഫീസിൽ ഒറ്റപ്പെട്ടെന്നും ജോലി നഷ്ടപ്പെടുമെന്നും സിന്ധു ഡയറിയിൽ കുറിച്ചു വെച്ചിരുന്നു. മാനസികമായി പീഡിപ്പിച്ച ചില സഹപ്രവർത്തകരുടെ പേരുകളും ഡയറിയിലുണ്ടെന്ന് പൊലീസ് പറഞ്ഞു. ഓഫീസിൽ ഒറ്റപ്പെട്ടെന്നും ജോലി നഷ്ടപ്പെടുമെന്നും സിന്ധു ഡയറിയിൽ കുറിച്ചിട്ടുണ്ട്. എന്നാൽ ഈ കാര്യങ്ങളാണ് ആത്മഹത്യയ്ക്ക് പ്രേരണയായതെന്ന് ഉറപ്പിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ ഗതാഗത വകുപ്പ് മന്ത്രി ആൻ്റണി രാജുവിന് ട്രാൻസ്പോർട്ട് കമ്മീഷണർ ഉടൻ പ്രാഥമിക റിപ്പോർട്ട് നൽകും.

വകുപ്പുതല അന്വേഷണത്തിനായി ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർ പി രാജീവ് വയനാട്ടിലെത്തി. സിന്ധുവിനെ ഓഫീസിനുള്ളിൽ വെച്ച് ഉദ്യോഗസ്ഥർ പരസ്യമായി അപമാനിച്ചത് അറിയാമെന്ന് പഞ്ചായത്ത് പ്രസിഡൻ്റ് എച്ച്ബി പ്രദീപ് പറഞ്ഞു. തൂങ്ങി മരിക്കുന്നതിന് മൂന്ന് ദിവസം മുൻപ് സിന്ധുവും മറ്റ് 4 സഹപ്രവർത്തകരും വയനാട് ആർടിഒ മോഹൻദാസിനെ നേരിൽ കണ്ടിരുന്നു. ഓഫീസിൽ ഗ്രൂപ്പിസമുണ്ട്, ഓഫീസിൽ സുഖമായി ജോലി ചെയ്യാനുള്ള അന്തരീക്ഷം ഉണ്ടാക്കണമെന്നുമാണ് ഇവര്‍ ആര്‍ടിഒയോട് ആവശ്യപ്പെട്ടത്. ഓഫീസിൽ ജോലി ചെയ്യാനുള്ള അന്തരീക്ഷമില്ലെന്ന് അറിയിച്ചെങ്കിലും നടപടിയുണ്ടായില്ല.

എന്നാല്‍ സിന്ധു രേഖാമൂലം പരാതി നല്‍കിയിട്ടില്ലെന്നായിരുന്നു ആര്‍ടിഒ വിശദീകരിച്ചത്. കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ സംഘടനകൾ മാനന്തവാടി ആർടിഒ ഓഫീസിലേക്ക് പ്രതിഷേധ പ്രകടനം നടത്തി. ഇന്നലെ രാവിലെയാണ് എള്ളുമന്ദത്തെ വീട്ടിൽ മാനന്തവാടി സബ് ആർടിഒ ഓഫീസിലെ സീനിയർ ക്ലർക്കായിരുന്നു സിന്ധുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

Alos Read : മാനന്തവാടി ആർടിഒ ഓഫീസ് ഉദ്യോഗസ്ഥ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍

Alos Read : 'കൈക്കൂലിക്ക് കൂട്ടുനിന്നില്ല, ഉദ്യോഗസ്ഥരുടെ മാനസിക പീഡനം'; ആർടിഒ ജീവനക്കാരിയുടെ മരണത്തിൽ ആരോപണവുമായി കുടുംബം

(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056)