തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തില്‍ വകുപ്പുകള്‍ തമ്മില്‍ ഏകോപനം വേണമെന്ന് ആഭ്യന്തര സെക്രട്ടറി. സര്‍ക്കാര്‍ ഉത്തരവിന്‍റെ അടിസ്ഥാനത്തിലാകണം നിയന്ത്രണങ്ങള്‍. ഇതുസംബന്ധിച്ച് ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദേശം നല്‍കണമെന്ന് ആഭ്യന്തര സെക്രട്ടറി അറിയിച്ചു. മൂന്ന് ആരോഗ്യപ്രവർത്തകർക്കും ഒരു മാധ്യമ പ്രവർത്തകനും അടക്കം സംസ്ഥാനത്ത് ഇന്ന് പത്ത് പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. പത്തിൽ എട്ട് പേർക്ക് സമ്പ‍ർക്കത്തിലൂടെയാണ് രോഗ ബാധ. റാൻഡം പരിശോധനക്കായെടുത്തതടക്കം ഇനിയും വരാനുള്ള 490 ഫലങ്ങൾ നിർണ്ണായകമാണ്.

സംസ്ഥാനത്ത് ഇതാദ്യമായാണ് ഒരു മാധ്യമപ്രവർത്തകന് കൊവിഡ് സ്ഥിരീകരിക്കുന്നത്. കാസ‍ർകോട്ടെ ദൃശ്യ മാധ്യമപ്രവർത്തകന് സമ്പർക്കത്തിലൂടെയാണ് രോഗം ഉണ്ടായത്. കൊല്ലത്ത് ആറിൽ അഞ്ചുപേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ. മറ്റൊരാൾ ആന്ധ്രയിൽ നിന്നും വന്നയാളാണ്. ഒരു രോഗി പോലും ഇല്ലാതിരുന്ന തിരുവനന്തപുരത്ത് രണ്ട് പേർക്കാണ് രോഗബാധ. 

നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ കഴിഞ്ഞിരുന്ന കളിയിക്കാവിള സ്വദേശിയാണ് ഒരാൾ. ഇയാൾ തമിഴ്നാട്ടിൽ പോയി വന്നിരുന്നു. പാറശ്ശാല പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ നിന്നും മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റാൻ ശുപാർശ ചെയ്തിട്ടും ഇയാൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. ഇതേ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലുണ്ടായിരുന്ന മറ്റൊരാൾക്ക് ഇയാളിൽ നിന്നാണ് രോഗ ബാധയുണ്ടായതെന്നാണ് വിവരം.