Asianet News MalayalamAsianet News Malayalam

വ്യാജ ഒസ്യത്ത് കേസ്; നാല് റവന്യൂ ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കും

മുന്‍  വില്ലേജ് ഓഫീസർ, വില്ലേജ് അസിസ്റ്റന്‍റുമാര്‍ എന്നിവരുടെ മൊഴിയാണ് എടുക്കുക. റവന്യൂ അന്വേഷണ ഉദ്യോഗസ്ഥൻ ഡെപ്യൂട്ടി കളക്ടര്‍ സി ബിജുവാണ് ഇവരെ മൊഴിയെടുക്കാൻ വിളിപ്പിച്ചത്. 

deputy collector will take statement of four revenue employees
Author
Kozhikode, First Published Oct 15, 2019, 8:52 AM IST

കോഴിക്കോട്: കൂടത്തായി വ്യാജ ഒസ്യത്ത് കേസില്‍ ഇന്ന് നാല് റവന്യൂ ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കും. മുന്‍  വില്ലേജ് ഓഫീസർ, വില്ലേജ് അസിസ്റ്റന്‍റുമാര്‍ എന്നിവരുടെ മൊഴിയാണ് എടുക്കുക. റവന്യൂ അന്വേഷണ ഉദ്യോഗസ്ഥൻ ഡെപ്യൂട്ടി കളക്ടര്‍ സി ബിജുവാണ് ഇവരെ മൊഴിയെടുക്കാൻ വിളിപ്പിച്ചത്. രാവിലെ 10 മണിയോടെ നടപടികള്‍ ആരംഭിക്കും. റവന്യൂ അന്വേഷണം പൂര്‍ത്തിയാക്കി രണ്ടാഴ്ചയ്ക്കകം കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കാനാണ് ഡെപ്യൂട്ടി കളക്ടര്‍ തീരുമാനിച്ചിരിക്കുന്നത്. 

വ്യാജ വിൽപത്രം ഉപയോഗിച്ച് പൊന്നാമറ്റം വീടും പുരയിടവും സ്വന്തം പേരിലേക്ക് മാറ്റിയ ജോളി ഒരു തവണ നികുതിയടച്ചിരുന്നു. എന്നാൽ പിന്നീട് ജോളിക്ക് നികുതി അടയ്ക്കാനായില്ല. സ്വത്ത് മാറ്റിയ വിൽപത്രം വ്യാജമാണെന്ന് കാണിച്ച് ജോളിയുടെ ആദ്യഭർത്താവ് റോയ് തോമസിന്‍റെ സഹോദരങ്ങളായ റെ‍ഞ്ചിയും റോജോയും നൽകിയ പരാതിയിൽ വില്ലേജ് ഓഫീസ് അന്വേഷണം നടത്തി. ഒസ്യത്ത് വ്യാജമാണെന്ന് കണ്ടെത്തുകയും ചെയ്തു. എന്നാൽ ഈ അന്വേഷണ റിപ്പോർട്ട് ഇപ്പോൾ വില്ലേജ് ഓഫീസിലില്ല. ഇത് കാണാനില്ലെന്നാണ് പറയുന്നത്. ഇതുമായി ബന്ധപ്പെട്ടാണ് ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കുക. നേരത്തേ കൂടത്തായി വില്ലേജോഫീസിൽ പൊലീസ് പരിശോധന നടത്തുകയും ചെയ്തിരുന്നു.

ഇന്നലെ ആരോപണ വിധേയയായ തഹസീല്‍ദാര്‍ ജയശ്രീയെ കോഴിക്കോട് കളക്ടറേറ്റിൽ വിളിച്ച് വരുത്തി ഡെപ്യൂട്ടി കളക്ടര്‍ ചോദ്യം ചെയ്തിരുന്നു. വ്യാജരേഖകൾ ഉപയോഗിച്ച് നികുതിയടക്കാൻ ജോളിയെ സഹായിച്ചെന്ന ആരോപണത്തെത്തുടർന്നാണ് ജയശ്രീക്കെതിരെ അന്വേഷണം തുടങ്ങാൻ റവന്യൂ വകുപ്പ് തീരുമാനിച്ചത്. ജില്ലാ കളക്ടർ വി സാംബശിവ റാവുവിനോട് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരൻ ഇക്കാര്യത്തിൽ റിപ്പോർട്ട് തേടിയിരുന്നു. പൊലീസ് റിപ്പോർട്ടും, നിലവിൽ ചോദ്യം ചെയ്യലിൽ നിന്ന് ലഭിക്കുന്ന വിവരങ്ങളും എടുത്ത് ക്രോഡീകരിച്ച ശേഷം ജില്ലാ കളക്ടർ റിപ്പോർട്ട് റവന്യൂ മന്ത്രിക്ക് കൈമാറും.


 

Follow Us:
Download App:
  • android
  • ios