വിഴിഞ്ഞം ഓഹരി കൈമാറ്റത്തിൽ മുഖ്യമന്ത്രി വിഡി സതീശന് മറുപടിയുമായി കെ കെ രാഗേഷ്. ഓഹരി കൈമാറ്റത്തിൽ കണ്ണൂർ ജില്ലാ സെക്രട്ടറിക്ക് മാത്രമല്ല ഓരോ മലയാളിക്കും താൽപര്യമുണ്ടെന്നും കേരളത്തിന്റെ പൊതുമുതൽ കൈമോശം വരാതിരിക്കാനുള്ള ജാഗ്രതയാണിതെന്നും കെ കെ രാഗേഷ് പറഞ്ഞു.
കണ്ണൂർ: വിഴിഞ്ഞം ഓഹരി കൈമാറ്റത്തിൽ മുഖ്യമന്ത്രി വിഡി സതീശന് മറുപടിയുമായി സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്. ഓഹരി കൈമാറ്റത്തിൽ കണ്ണൂർ ജില്ലാ സെക്രട്ടറിക്ക് മാത്രമല്ല ഓരോ മലയാളിക്കും താൽപര്യമുണ്ടെന്നും കേരളത്തിന്റെ പൊതുമുതൽ കൈമോശം വരാതിരിക്കാനുള്ള ജാഗ്രതയാണിതെന്നും കെ കെ രാഗേഷ് പറഞ്ഞു.
അസഹിഷ്ണുത കാണിച്ചാൽ മുഖ്യമന്ത്രിയോട് തിരിച്ചും ചോദ്യങ്ങളുണ്ടാകുമെന്നും ചോദ്യം ചോദിക്കുമ്പോൾ പൊതുപ്രവർത്തകരെ വിരട്ടി നിർത്താൻ നോക്കരുതെന്നും അദ്ദേഹം പറഞ്ഞു. ചോദ്യ ഉയരുമ്പോഴുള്ള അസ്വസ്ഥത കണ്ടാൽ മുഖ്യമന്ത്രി പ്രതിരോധത്തിലാണെന്ന് മനസ്സിലാകും. ഇനിയും ചോദ്യങ്ങൾ ഉയരുമെന്നും കെ കെ രാഗേഷ് മുന്നറിയിപ്പ് നൽകി. സിപിഎം ജില്ലാ സെക്രട്ടറിക്ക് എന്താണ് വിഴിഞ്ഞത്ത് കാര്യം എന്ന നിലയിൽ മുഖ്യമന്ത്രി വി ഡി സതീശൻ വാർത്താസമ്മേളനത്തിൽ ചോദിച്ചിരുന്നു. ഇതിനാണ് മറുപടിയുമായി കെ കെ രാഗേഷ് രംഗത്തുവന്നത്.
വിഴിഞ്ഞം ഓഹരി കൈമാറ്റത്തിൽ എൽഡിഎഫിനെ കടന്നാക്രമിച്ച് കൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ വാർത്തസമ്മേളനം. സർക്കാരിൻ്റെ മുൻകൂർ അനുമതി ഇല്ലാതെ ഓഹരി കൈമാറ്റം നടക്കില്ല. ഓഹരി കൈമാറ്റം നേരത്തെ അറിയാമായിരുന്നു എന്ന ആരോപണം തെറ്റാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഓഹരി കൈമാറ്റം നേരത്തെ അറിയാമായിരുന്നത് ദേശാഭിമാനിക്ക് മാത്രം ആയിരുന്നുവെന്നും പഴയ പത്രവാർത്ത ഉയർത്തികൊണ്ട് സതീശൻ ചൂണ്ടിക്കാട്ടി. അദാനിയും എംഎസ്‍സി കമ്പനിയുമായി ഒരു വർഷമായി ചർച്ച നടത്തി. 2026 ജൂൺ അഞ്ചിന് ദേശാഭിമാനി ഇത് റിപ്പോർട്ട് ചെയ്തു. ദേശാഭിമാനിയുടെ വാർത്ത ഉറവിടം എൽഡിഎഫ് സർക്കാർ ആയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

