2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥി അഡ്വ. ടി.കെ അശോക് കുമാർ 8595 വോട്ടാണ് നേടിയത്.
മലപ്പുറം: നിലമ്പൂരിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം ഇടത് വലത് മുന്നണികൾ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചെങ്കിലും പത്രിക സമർപ്പിക്കുന്നതിന് തൊട്ട് മുമ്പ് വരെ ബിജെപിയിൽ സര്‍വ്വത്ര ആശയക്കുഴപ്പങ്ങൾ ആയിരുന്നു. ഉപതെരഞ്ഞെടുപ്പിൽ നിലമ്പൂരിൽ മത്സരിക്കണോ വേണ്ടയോ എന്നതിൽ ബിജെപിയിൽ രണ്ട് അഭിപ്രായമാണ് ഉയർന്നത്. ആർക്കും ഗുണം ചെയ്യാത്ത തെരഞ്ഞെടുപ്പാണെന്നും തദ്ദേശ തെരഞ്ഞെടുപ്പിലാണ് ശ്രദ്ധ വേണ്ടതെന്നും പാർട്ടി കോർ കമ്മറ്റി യോഗത്തിൽ അഭിപ്രായമുയർന്നതോടെ നിലമ്പൂരിൽ താമര ചിഹ്നത്തിൽ മത്സരിക്കാൻ ആൾ ഉണ്ടായേക്കുമോ എന്നത് സംശയമായി മാറി. മത്സരിച്ചില്ലെങ്കിൽ നാണക്കേടാകുമെന്ന് ഒരു വിഭാഗം നിലപാടെടുത്തു. അങ്ങനെ അവസാനം ചാക്കിട്ടുപിടുത്തം നടത്തി അഡ്വ. മോഹൻ ജോർജിനെ ബിജെപി സ്ഥാനാർത്ഥിയായി എത്തിച്ചു.
ഇടത് പക്ഷ സ്ഥാനാർത്ഥി ജയിക്കാതിരിക്കാൻ വോട്ട് മറിയുമെന്ന് വോട്ടെണ്ണലിന് ഒരു ദിവസം മുമ്പ് സ്ഥാനാർത്ഥി പറഞ്ഞെങ്കിലും, കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാൾ ബിജെപിക്ക് ഇത്തവണ നേരിയ തോതിൽ വോട്ട് കൂടി. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥി അഡ്വ. ടി.കെ അശോക് കുമാർ 8595 വോട്ടാണ് നേടിയത്. 8440 വോട്ടുകൾ പോൾ ചെയ്തു, 155 പോസ്റ്റൽ വോട്ടുകളും ലഭിച്ചു. 4.96 ശതമാനമായിരുന്നു വോട്ട് ഷെയർ. ഇത്തവണ 8648 വോട്ടാണ് മോഹൻ ജോർജ് ബിജെപിക്കായി നേടിയത്. ഭരണ വിരുദ്ധത വികാരവും വികസന മുരടിപ്പും ചൂണ്ടിക്കാട്ടി ബിജെപി നടത്തിയ പ്രചാരണം ഫലം കണ്ടില്ല.
മടിച്ചുമടിച്ചാണ് ബിജെപി നിലമ്പൂരിലെ തെരഞ്ഞെടുപ്പ് പോർകളത്തിലേക്ക് ഇറങ്ങിയത്. കേരള കോൺഗ്രസ് മാണി, ബാലകൃഷ്ണപിള്ള, ജോസഫ് വിഭാഗങ്ങളിലായി 4 പതിറ്റാണ്ട് കാലം പ്രവർത്തിച്ച ചുങ്കത്തറ സ്വദേശിയായ മോഹൻ ജോർജിനെ കുടിയേറ്റ ക്രിസ്ത്യൻ വിഭാഗത്തിന്റെ പ്രതിനിധിയായാണ് ബിജെപി അവതരിപ്പിച്ചത്. വന്യജീവി മനുഷ്യ സംഘർഷവും വികസനവും പ്രധാന വിഷയങ്ങളായി ഉന്നയിച്ച് ബിജെപിയുടെ പ്രചാരണവും പതിഞ്ഞ താളത്തിലായിരുന്നു. ലോക്സഭ തെരഞ്ഞെടുപ്പിലായാലും, നിയമസഭ തെരഞ്ഞെടുപ്പിലായാലും വലിയ ചലനം സൃഷ്ടിക്കാൻ കഴിയില്ലെന്ന തിരിച്ചറിവിൽ വലിയ താരപ്രചാരകര്‍ ഒന്നും ബിജെപി സ്ഥാനാർത്ഥിക്കായി എത്തിയില്ല.
ഉപതിരഞ്ഞെടുപ്പ് ഫലംവരുന്നതിന് തലേന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി മോഹന്‍ ജോര്‍ജ് നടത്തിയ പ്രസ്താവന വിവാദമായിരുന്നു. അവസാന റൗണ്ടില്‍ തങ്ങള്‍ക്ക് വിജയ സാധ്യതയില്ലെന്ന് കണ്ട് വോട്ട് മറിച്ച് കുത്തിയവരുണ്ടെന്നായിരുന്നു മോഹന്‍ ജോര്‍ജ് കഴിഞ്ഞ ദിവസം പറഞ്ഞത്. ഇടതുപക്ഷത്തെ തോല്‍പിക്കണം എന്ന ഉദ്ദേശത്തോടുകൂടി വലതുപക്ഷത്തിന് വോട്ട് ചെയ്തവരുണ്ട്. അവസാന ഘട്ടത്തില്‍ എല്‍ഡിഎഫും യുഡിഎഫും ശക്തമായി പരിശ്രമിച്ചു എന്നുമായിരുന്നു ജോർജിന്‍റെ പ്രസ്താവന. വിവാദമായതോടെ ജോർജ് പ്രസ്താവന തിരുത്തി മലക്കം മറിഞ്ഞിരുന്നു.


