Asianet News MalayalamAsianet News Malayalam

'ശബരിമലയ്ക്കായി പ്രത്യേക നിയമം'; ദേവസ്വം ബോർഡോ വകുപ്പ് മന്ത്രിയോ അറിയാത്ത കാര്യമെന്ന് എ പത്മകുമാർ

വരുമാനം ഉള്ളതുകൊണ്ടാണ് ശബരിമലയ്ക്കായി അത്തരത്തിലുള്ള ആവശ്യമുയരുന്നത്. ഇക്കാര്യം അറിയിക്കാൻ അഭിഭാഷകനെ ചുമതലപ്പെടുത്തിട്ടില്ലെന്നും പത്മകുമാർ വ്യക്തമാക്കി.

Devaswom Board do not know anything related special law for sabarimala  A Padamkumar
Author
Thiruvananthapuram, First Published Sep 7, 2019, 12:47 PM IST

തിരുവനന്തപുരം: ശബരിമലയ്ക്കായി പ്രത്യേക നിയമം കൊണ്ടുവരുമെന്ന് അഭിഭാഷകൻ സുപ്രീംകോടതിയെ അറിയിച്ചത് ദേവസ്വം ബോർഡോ വകുപ്പ് മന്ത്രിയോ അറിയാത്ത കാര്യമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാർ. തിരുവിതാംകൂർ ദേവസ്വം ബോർഡിൽ നിന്ന് ശബരിമല അടർത്തി മാറ്റണമെന്നത് ചിലരുടെ സ്വപ്നം മാത്രമാണെന്നും പത്മകുമാർ പറഞ്ഞു.

വരുമാനം ഉള്ളതുകൊണ്ടാണ് ശബരിമലയ്ക്കായി അത്തരത്തിലുള്ള ആവശ്യമുയരുന്നത്. ഇക്കാര്യം അറിയിക്കാൻ അഭിഭാഷകനെ ചുമതലപ്പെടുത്തിട്ടില്ലെന്നും പത്മകുമാർ വ്യക്തമാക്കി.

Read Also: 'ശബരിമല'യ്ക്ക് നിയമം കൊണ്ടുവരാൻ സംസ്ഥാന സർക്കാർ, നിലപാടറിയിച്ചത് സുപ്രീം കോടതിയിൽ

അതേസമയം, ശബരിമലക്ക് പ്രത്യേക നിയമമുണ്ടാക്കുമെന്ന് സർക്കാർ സുപ്രീംകോടതിയിൽ പറഞ്ഞത് സംബന്ധിച്ച് അറിയില്ലെന്ന ദേവസ്വം മന്ത്രി കടകം പള്ളി സുരേന്ദ്രന്റെ വാദം സി പി എമ്മിന്റെ അടവ് നയത്തിന്റെ ഭാഗമാണെന്ന് ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ ആരോപിച്ചു.ശബരിമല ആചാര സംരക്ഷണത്തിനായി ശ്രീ അയ്യപ്പ ധർമ്മ സംരക്ഷണ സമിതിക്ക് രൂപം നൽകി മുന്നോട്ടു പോകും. ശബരിമലക്ക് പ്രത്യേക നിയമം കൊണ്ട് വരാനുള്ള നീക്കം ഗൂഢാലോചനയാണെന്നും പ്രയാർ ഗോപാലകൃഷ്ണൻ പറഞ്ഞു.

ശബരിമലയ്ക്കായി പ്രത്യേക നിയമം കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട സത്യവാങ്മൂലം ഇന്നലെയാണ് സർക്കാർ സുപ്രീംകോടതിയെ അറിയിച്ചത്. ഭരണകാര്യങ്ങളിലുൾപ്പടെ കൃത്യമായ ചട്ടങ്ങളുമായി നിയമനിർമാണം നടത്തുമെന്നാണ് സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ അറിയിച്ചത്.

ശബരിമലയുമായി ബന്ധപ്പെട്ട ഒരു ഹര്‍ജി പരിഗണിക്കവേയാണ് പുതിയ നിയമനിര്‍മ്മാണത്തെ കുറിച്ച് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിയത്. എന്നാൽ, കോടതിയില്‍ ഇത്തരം സത്യവാങ്മൂലം നല്‍കിയിട്ടില്ലെന്നും വാര്‍ത്തയ്ക്ക് ആധാരമായ വിവരമെന്തെന്ന് പരിശോധിക്കുമെന്നുമായിരുന്നു മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ വിശദീകരണം. 

Follow Us:
Download App:
  • android
  • ios