സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ഇടപാടുകൾ അവസാനിപ്പിച്ച് ദേവസ്വം ബോർഡ്. സ്മാർട്ട് ക്രിയേഷൻസുമായി പോറ്റി മുഖേനയുള്ള വാറന്റി ദേവസ്വം ബോർഡ് ഉപേക്ഷിച്ചു
പത്തനംതിട്ട: ശബരിമല സ്വർണപ്പാളി വിവാദങ്ങൾ കൊടുംപിരി കൊള്ളുന്ന സാഹചര്യത്തിൽ സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ഇടപാടുകൾ അവസാനിപ്പിച്ച് ദേവസ്വം ബോർഡ്. സ്മാർട്ട് ക്രിയേഷൻസുമായി പോറ്റി മുഖേനയുള്ള വാറന്റി ദേവസ്വം ബോർഡ് ഉപേക്ഷിച്ചു. ഇനി സ്വന്തം നിലയിൽ നേരിട്ട് ഇടപാടുകൾ നടത്തുമെന്നാണ് തീരുമാനം. 2019ൽ ചെന്നൈയിൽ സ്വർണം പൂശിയ ശേഷം പോറ്റിയുടെ പേരിലാണ് സ്മാർട്ട് ക്രിയേഷൻസ് വാറന്റി എഴുതിയത്. 40 വർഷത്തേക്കായിരുന്നു വാറന്റി. ഇത് ഉപേക്ഷിക്കുന്നതിലൂടെ 18 ലക്ഷം രൂപയുടെ നഷ്ടമാണ് ബോർഡിന് വരുന്നത്. ഉണ്ണികൃഷ്ണൻ പോറ്റിയുടെ തട്ടിപ്പ് പുറത്ത് വന്നതോടെയാണ് വാറന്റി ഉപേക്ഷിക്കാൻ ബോർഡ് തീരുമാനമെടുത്തത്.
ദേവസ്വം ബോർഡിന് യാതൊരു വീഴ്ചയും സംഭവിച്ചിട്ടില്ല, പി എസ് പ്രശാന്ത്
ശബരിമല സ്വർണപ്പാളി വിവാദവുമായി ബന്ധപ്പെട്ട് ദേവസ്വം ബോർഡിന് യാതൊരു വീഴ്ചയും സംഭവിച്ചിട്ടില്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്. സ്വർണ്ണപ്പാളി ചെന്നൈയിൽ കൊണ്ടുപോയതിൽ ഒരു പാളിച്ചയും ഉണ്ടായിട്ടില്ലെന്നും അത് ഉണ്ണികൃഷ്ണൻ പോറ്റിയുടെ കയ്യിലല്ല കൊടുത്തുവിട്ടതെന്നും പി എസ് പ്രശാന്ത് മാധ്യമങ്ങളോട് പറഞ്ഞു. ഉണ്ണികൃഷ്ണൻ പോറ്റിയോട് ചെന്നൈയിൽ വരാനാണ് പറഞ്ഞത്. മാത്രമല്ല തിരുവാഭരണം പൊലീസ് അകമ്പടിയിലാണ് കൊണ്ടുപോയത്. കമ്മീഷണറും ഒപ്പമുണ്ടായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി. സ്മാർട്ട് ക്രിയേഷൻസുമായുള്ള 40 വർഷത്തെ വാറൻ്റി ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ പേരിലാണ്. അതുകൊണ്ടാണ് അദ്ദേഹത്തെ ഒപ്പം കൂട്ടേണ്ടി വന്നത്. ഇത്തരം അവതാരങ്ങൾക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും പി എസ് പ്രശാന്ത് പറഞ്ഞു.


