കോൺഗ്രസ് സംഘടന പ്രസിഡന്റിനെ രാത്രി വീണ്ടും മാറ്റി. പി ആർ ശ്രീ ശങ്കറിനെയാണ് ഹെഡ് ഓഫീസിൽ നിന്ന് മാറ്റിയത്. ബോർഡ് നടപടിയിൽ കോൺഗ്രസിൽ അമർഷം പുകയുകയാണ്.
തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിൽ ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റ വിവാദം തീരുന്നില്ല. കോൺഗ്രസ് സംഘടന പ്രസിഡന്റിനെ രാത്രി വീണ്ടും മാറ്റി. പി ആർ ശ്രീ ശങ്കറിനെയാണ് ഹെഡ് ഓഫീസിൽ നിന്ന് മാറ്റിയത്. ബോർഡ് നടപടിയിൽ കോൺഗ്രസിൽ അമർഷം പുകയുകയാണ്. സ്വർണ്ണക്കൊള്ള കേസിൽ ആരോപണ വിധേയരായവർക്ക് ഉന്നത പദവി നൽകിയത് അടക്കം ട്രാൻസ്ഫർ ലിസ്റ്റിൽ ഉയർന്ന പരാതികളിൽ മന്ത്രി കെ മുരളീധരൻ ദേവസ്വം ബോർഡിനെ അതൃപ്തി അറിയിച്ചിരുന്നു. അതൃപ്തി നിലനിൽക്കെയാണ് വീണ്ടും സ്ഥലംമാറ്റ വിവാദം.
ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ ആരോപണ വിധേയരായ ഉദ്യോഗസ്ഥർക്ക് ഉന്നത പദവി അടക്കം തിരുവിതാംകൂർ ദേവസ്വം ബോർഡ് ഇറക്കിയ സ്ഥലം മാറ്റ പട്ടികയാണ് വിവാദത്തിലായത്. അഡ്മിനിസ്ട്രേറ്റീവ് ഓഫീസർമാരുടെ സ്ഥലം മാറ്റം പുനഃപരിശോധിക്കണമെന്ന് ദേവസ്വം മന്ത്രി കെ മുരളീധരൻ ബോർഡിന് കത്ത് നൽകി. വരുമാനം കൂടിയ ക്ഷേത്രങ്ങളിൽ സിപിഎം നേതൃത്വത്തിലുള്ള സംഘടനാ പ്രതിനിധികളാണെന്ന ആക്ഷേപം കോൺഗ്രസ് അനുകൂല സംഘടന ദേവസ്വം എംപ്ലോയിസ് ഫ്രണ്ടിനും പരാതിയുണ്ടായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ ബോർഡ് യോഗം ചേർന്നെങ്കിലും ചട്ടവിരുദ്ധമായി ഒന്നും നടന്നിട്ടില്ലെന്നാണ് കണ്ടെത്തൽ. വിജിലൻസ് ക്ലിയറൻസ് ഇല്ലാത്തവരെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും പരിഗണന പട്ടികയിൽ പോരായ്മ ഉണ്ടെന്ന് കരുതുന്നില്ലെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാർ പറഞ്ഞു. പരാതി ഉയർന്ന സാഹചര്യത്തിൽ 75 നിയമനങ്ങളിലെ 20 എണ്ണത്തിൽ ഭേദഗതി വരുത്തുമെന്നും കെ ജയകുമാർ ഇന്നലെ വിശദീകരിച്ചിരുന്നു.
