ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രൻ ബിജെപിയിലേക്ക്. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറുമായി ചര്‍ച്ച നടത്തി. ഒരു മാസത്തിനുളളിൽ തീരുമാനമെന്ന് രാജേന്ദ്രൻ അറിയിച്ചു.
ഇടുക്കി: ദേവികുളം മുൻ എം എൽ എ യും ഇടുക്കിയിലെ സിപിഎം നേതാവുമായിരുന്ന എസ് രാജേന്ദ്രൻ ബിജെപിയിൽ ചേരും. ഇത് സംബന്ധിച്ച് ബിജെപി സംസ്ഥാന പ്രസിഡണ്ട് രാജീവ് ചന്ദ്രശേഖരവുമായി ചർച്ച നടത്തി. ഒരു മാസത്തിനുള്ളിൽ തീരുമാനം എന്ന് എസ് രാജേന്ദ്രൻ അറിയിച്ചു. മൂന്നു വർഷമായി എസ് രാജേന്ദ്രൻ ബിജെപി യിൽ ചേരും എന്ന് പ്രചരണം ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരത്ത് എത്തി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരമായി എസ് രാജേന്ദ്രൻ കൂടിക്കാഴ്ച നടത്തിയത്. വ്യക്തിപരമായ ആവശ്യങ്ങൾ ഒന്നും ഉന്നയിച്ചില്ല എന്നാണ് രാജേന്ദ്രൻ പറയുന്നത്. ബിജെപിയിൽ ചേരുന്നതിന് മറ്റു പ്രത്യേക നിബന്ധനകളും വച്ചിട്ടില്ല.
ബിജെപിയിൽ ചേർന്നാലും ഇത്തവണ ദേവികുളത്ത് സ്‌ഥാനാർഥി ആകാൻ സാധ്യത ഇല്ല. നേരത്തെ ദില്ലിയിലെത്തി ബിജെപി നേതാവ് പ്രകാശ് ജാവ്ദേക്കറുമായി ചർച്ച നടത്തിയിരുന്നു. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ദേവികുളത്ത് എൽഡിഎഫ് സ്ഥാനാർത്ഥി രാജയെ തോൽപ്പിക്കാൻ രാജേന്ദ്രൻ ശ്രമിച്ചു എന്ന് പരാതി ഉയർന്നിരുന്നു.
പാർട്ടി അന്വേഷണത്തിൽ ഇത് ശരിയാണെന്നു കണ്ടെത്തി. തുടർന്ന് സസ്പെൻ്റ് ചെയ്തു. പിന്നീട്ട് തിരികെയെത്തിക്കാൻപല തവണ നേതാക്കൾ ശ്രമിച്ചെങ്കിലും രാജേന്ദ്രൻ വഴങ്ങിയില്ല. പാർലമെൻറ് തിരഞ്ഞെടുപ്പ് സമയത്തും പഞ്ചായത്ത് തെരഞ്ഞെടുപ്പ് സമയത്തും രാജേന്ദ്രൻ ബിജെപിയിലേക്ക് എന്ന പ്രചരണം ശക്തമായിരുന്നു. അപ്പോഴൊക്കെ തീരുമാനമെടുത്തിട്ടില്ല എന്നാണ് രാജേന്ദ്രൻ പറഞ്ഞിരുന്നത്. ബിജെപി സംസ്‌ഥാന നേതാക്കളുടെ നേതൃത്വത്തിൽ മൂന്നാറിൽ നടക്കുന്ന യോഗത്തിൽ രാജേന്ദ്രൻ അംഗത്വം സ്വീകരിക്കും.



