Asianet News MalayalamAsianet News Malayalam

കല്ലടയില്‍ കണ്ണു തുറന്ന് സര്‍ക്കാര്‍; സ്വകാര്യ ബസ് ലോബിക്കെതിരെ കര്‍ശന നടപടി

ജനരോക്ഷം ഫലം കണ്ടു. സംസ്ഥാനത്തെ സ്വകാര്യ ബസ് ലോബിയെ നിയന്ത്രിക്കാന്‍ കര്‍ശന നടപടിയുമായി പൊലീസ്.

dgp asked to summons kallada travels owner
Author
Thiruvananthapuram, First Published Apr 22, 2019, 1:10 PM IST

തിരുവനന്തപുരം: കല്ലട ട്രാവല്‍സിന്‍റെ ബസില്‍ സഞ്ചരിച്ച യാത്രക്കാര്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ ജനരോക്ഷം ശക്തമായതോടെ സംസ്ഥാനത്തെ സ്വകാര്യബസ് ലോബികള്‍ക്ക് മേല്‍ നിയന്ത്രണം ശക്തമാക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു.

സംഭവത്തില്‍ നേരിട്ട് ഇടപെട്ട സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ സംഭവം പുറത്തു കൊണ്ടു വന്ന ബസിലെ യാത്രക്കാരന്‍ ജേക്കബ് ഫിലിപ്പുമായി നേരിട്ട് സംസാരിച്ചു. അതീവ ഗൗരവത്തോടെയാണ് പൊലീസ് ഇക്കാര്യം കാണുന്നതെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. കര്‍ശന നടപടിയെടുക്കാന്‍ ഗതാഗതവകുപ്പ് കമ്മീഷറും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. സംഭവത്തില്‍ എറണാകുളം ആര്‍ടിഒ അന്വേഷണം ആരംഭിച്ചു. 

കല്ലട ട്രാവല്‍സിന്‍റെ ഉടമയെ വിളിച്ചു വരുത്തി വിശദീകരണം തേടാന്‍ ദക്ഷിണമേഖലാ എഡിജിപി മനോജ് എബ്രഹാമിനോട് ലോക്നാഥ് ബെഹ്റ നിര്‍ദേശിച്ചു. കല്ലട ട്രാവല്‍സിലെ തിരുവനന്തപുരം ഓഫീസില്‍ തമ്പാനൂര്‍ പൊലീസ് പരിശോധന നടത്തി.രേഖകള്‍ കസ്റ്റഡിയിലെടുത്തു. കമ്പനി പ്രതിനിധികളോട് ഉടനെ പൊലീസ് ആസ്ഥാനത്ത് എത്താനും ആവശ്യപ്പെട്ടിട്ടുണ്ട്.

ഇപ്പോള്‍ യാത്രക്കാര്‍ മര്‍ദ്ദിക്കപ്പെട്ട ബസിന്‍റെ പെര്‍മിറ്റ് റദ്ദാക്കാന്‍ ഉള്ള നടപടികള്‍ കൊച്ചി പൊലീസ് ആരംഭിച്ചതായാണ് സൂചന. സംഭവസമയം ബസിലുണ്ടായിരുന്ന രണ്ട് ജീവനക്കാരെ പൊലീസ് ഇപ്പോള്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കല്ലട ട്രാവല്‍സിന്‍റെ കൊച്ചി മാനേജറെ പൊലീസ് ചോദ്യം ചെയ്തു. 

തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളില്‍ നിന്നായി നൂറുകണക്കിന് സ്വകാര്യബസുകള്‍ കേരളത്തിന് അകത്തും പുറത്തുമുള്ള വിവിധ നഗരങ്ങളിലേക്ക് നിത്യവും സര്‍വ്വീസ് നടത്തുന്നുണ്ട്. എത്ര വണ്ടികള്‍ ഓടുന്നു, ഇതില്‍ ജീവനക്കാര്‍ ആരെല്ലാം എന്ന കാര്യത്തിലൊന്നും കൃത്യമായ വിവരം സര്‍ക്കാരിന്‍റെ കൈയില്‍ ഇല്ല.

ഇതിനെല്ലാം ഇനി കൃത്യമായ മാര്‍ഗ്ഗ നിര്‍ദേശവും പൊതുമാനദണ്ഡവും രൂപപ്പെടുത്താനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.കല്ലട ബസിലുണ്ടായതിന് സമാനമായ സംഭവങ്ങള്‍ മുന്‍പും പലതവണ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും അതെല്ലാം ഒറ്റപ്പെട്ട ശബ്ദമായി അവസാനിക്കുകയാണ് ചെയ്തത്. എന്നാല്‍ ഇനി ഇക്കാര്യത്തില്‍ ഉദാസീനമായ നിലപാട് വേണ്ടെന്നാണ് പൊലീസ് തീരുമാനം. 

കോണ്‍ട്രാക്ട് കാര്യേജ് എന്ന ലൈസന്‍സ് വച്ചാണ് സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തുന്നത്. ഒരു വ്യക്തിയില്‍ നിന്നും പണം വാങ്ങി കൊണ്ടു പോകാനുള്ള അനുമതിയല്ല ഒരു സ്ഥലത്ത് നിന്നും മറ്റൊരു സ്ഥലത്തേക്ക് വണ്ടി ഓടിക്കാന്‍ മാത്രമുള്ള അനുമതിയാണ്. അതായത് ഒരോ യാത്രക്കാരനില്‍ നിന്നുമായി പണം വാങ്ങാന്‍ ബസുടകമള്‍ക്ക് അനുവാദമില്ല. ജനങ്ങള്‍ക്ക് ബുദ്ധിമുട്ടാവും എന്നതിനാല്‍ മാത്രമാണ് ഇത്ര കാലവും ഇക്കാര്യത്തില്‍ ശക്തമായ നടപടി സ്വീകരിക്കാതിരുന്നത് എന്നാണ് പൊലീസും ആര്‍ടിഓ ഉദ്യോഗസ്ഥരും പറയുന്നത്.

യാത്രാക്കാരില്‍ നിന്നും പണം വാങ്ങാന്‍ പോലും അനുവാദമില്ലാത്ത സ്വകാര്യ ബസുകളാണ് ഉത്സവസമയത്തും മറ്റും തോന്നുന്ന നിരക്ക് ഈടാക്കി സ്വകാര്യ ബസുകള്‍ യാത്രക്കാരെ കൊള്ളയടിച്ചത്. കഴിഞ്ഞ ഓണക്കാലത്ത് കല്ലട ട്രാവല്‍സിലെ ടിക്കറ്റ് നിരക്ക് മൂന്നിരട്ടിയായി കൂട്ടിയ സംഭവത്തില്‍ ഇവര്‍ക്കെതിരെ വ്യാപക പരാതി വന്നെങ്കിലും കമ്പനിയുടെ ശക്തമായ സ്വാധീനം മൂലം ഒരു നടപടിയും ഉണ്ടായിരുന്നില്ല. മോശം നിലയിലുള്ള ബസുകള്‍ വച്ച് ഇരട്ടി തുക ഈടാക്കി സ്പെഷ്യല്‍ സര്‍വ്വീസ് നടത്തിയ സംഭവങ്ങളും നിരവധിയാണ്. 

കല്ലട ബസിലെ സംഭവത്തോടെ കേരളത്തിലെ സ്വകാര്യ ബസുകളെ നിയന്ത്രിക്കാനും നിരീക്ഷിക്കാനുമായി ഒരു സ്ഥിരം സംവിധാനം കൊണ്ടുവരാനാണ് പൊലീസ് ആലോചിക്കുന്നത്. ഇക്കാര്യത്തില്‍ ഗതാഗത  വകുപ്പുമായി പൊലീസ് ആലോചന ആരംഭിച്ചിട്ടുണ്ട്. അന്തസംസ്ഥാന ബസുകളില്‍ പലതും നിയമവിരുദ്ധമായി സര്‍വ്വീസ് നടത്തുകയാണെന്നും ഇതിനൊരു നിയന്ത്രണം വേണമെന്നുമുള്ള അഭിപ്രായം ഉദ്യോഗസ്ഥര്‍ക്കിടിയില്‍ തന്നെ ഉണ്ടായിട്ടുണ്ട്. 

ഇതിനിടെ സുരേഷ് കല്ലടയുടെ വൈക്കത്തെ ഓഫീസ് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ എത്തി അടിപ്പിച്ചു. ഇവിടെ നിന്നും ഇനി സര്‍വീസ് നടത്താന്‍ അനുവദിക്കില്ലെന്ന് പ്രവര്‍ത്തകര്‍ പറഞ്ഞു. ഓഫീസിലുണ്ടായിരുന്ന രണ്ട് ജീവനക്കാരെ ബലമായി പിടിച്ചു പുറത്താക്കിയ ശേഷമാണ് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ കല്ലട ഓഫീസ് അടപ്പിച്ചത്. എന്തെങ്കിലും കാരണവശാല്‍ സര്‍വ്വീസ് നടത്താന്‍ ശ്രമിച്ചാല്‍ ശക്തമായ പ്രതിഷേധം നേരിടേണ്ടി വരുമെന്നും എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 
 

Follow Us:
Download App:
  • android
  • ios