തൃശ്ശൂര്‍: തൃശ്ശൂര്‍ കയ്പമംഗലത്തെ പെട്രോൾ പമ്പ് ഉടമ മനോഹരന്റെ കൊലപാതക കേസിൽ മൂന്ന് പ്രതികൾ അറസ്റ്റിൽ. കാറിൽ പണമില്ലെന്നറിഞ്ഞ ദേഷ്യത്തിൽ മനോഹരനെ പ്രതികൾ ശ്വാസം മുട്ടിച്ചു കൊല്ലുകയായിരുന്നുവെന്ന് ഡിഐജി എസ് സുരേന്ദ്രന്‍. കൃത്യമായ ആസൂത്രണത്തിനൊടുവിലാണ് കൃത്യം നടത്തിയതെന്നും മൂന്ന് ദിവസം മുമ്പേ പ്രതികള്‍ ഒരുക്കങ്ങള്‍ ആരംഭിച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞു.

കയ്പമംഗലം സ്വദേശികളായ അനസ്, അൻസാർ, സ്റ്റിയോ എന്നിവരാണ് കേസിൽ അറസ്റ്റിലായത്. ആഢംബരജീവിതം നയിക്കാന്‍ വേണ്ടിയാണ് പ്രതികള്‍ മനോഹരനില്‍ നിന്ന് പണം തട്ടിയെടുക്കാന്‍ ശ്രമിച്ചതെന്ന് ഡിഐജി പറ‌ഞ്ഞു. കൃത്യം നടത്താന്‍ പ്രതികൾക്ക് പുറത്തുനിന്നുള്ളവരുടെ സഹായം കിട്ടിയിട്ടില്ല. ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ കൃത്യം നടത്താനാവശ്യമായ സെലോ ടേപ്പ്, കയറ് തുടങ്ങിയവയെല്ലാം പ്രതികള്‍ ശേഖരിച്ചിരുന്നു. പ്രതികളുടെ കയ്യിലുണ്ടായിരുന്നത് കളിത്തോക്കാണെന്ന് വ്യക്തമായി.

അപകട നാടകം നടത്തിയാണ് പ്രതികൾ മനോഹരനെ അപായപ്പെടുത്തിയതെന്നും ഡിഐജി എസ് സുരേന്ദ്രന്‍ കൂട്ടിച്ചേർത്തു. പെട്രോൾ പമ്പിൽ നിന്ന് മനോഹരൻ വീട്ടിലേക്ക് പോകുമ്പോൾ, ഹൈവേയിൽ നിന്ന് ഇടവഴിയിലേക്ക് തിരിഞ്ഞ സമയം പ്രതികൾ കാറിന് പിറകിൽ ബൈക്ക് ഇടിപ്പിക്കുകയായിരുന്നു. തുടർന്ന് ഒന്നാം പ്രതി അനസ് അപകടം പറ്റിയതായി അഭിനയിച്ച് റോഡിൽ കിടന്നു. 

ഇതുകണ്ട് എന്തുപറ്റി മക്കളേ എന്ന് ചോദിച്ചാണ് മനോഹരന്‍ കാറില്‍ നിന്നിറങ്ങിവന്നത്. ഉടൻ മൂന്നുപേരും ചേര്‍ന്ന് മനോഹരന്‍റെ വായ പൊത്തി പിടിക്കുകയും ഇരു കൈകളും പിറകിലേക്ക് കുട്ടിക്കെട്ടുകയും ചെയ്തു. തുടര്‍ന്നാണ് കാറില്‍ കയറ്റിയതും തോക്ക് ചൂണ്ടി പണം ആവശ്യപ്പെട്ടതും. കാറിൽ പണമില്ലെന്നറിഞ്ഞ ദേഷ്യത്തിൽ മൂന്നുപേരും ചേർന്ന് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. രണ്ട് മണിക്കൂറോളം പലയിടത്തും സ‍ഞ്ചരിച്ചശേഷമാണ് പ്രതികള്‍ മനോഹരനെ കൊലപ്പെടുത്തിയത്. 

ഇതിന് ശേഷവും കാറിൽ പണമുണ്ടോയെന്ന് പ്രതികൾ പലവട്ടം പരിശോധിച്ചു. മനോഹരന്റെ പോക്കറ്റിൽ 200 രൂപ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ശേഷം മമ്മിയൂരിൽ മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു. തുടർന്ന് മലപ്പുറം ഭാഗത്തേക്ക് തിരിച്ചു. അങ്ങാടിപ്പുറം റെയിൽവേ സ്‌റ്റേഷനിലെ പാർക്കിംഗ് ഏരിയയിൽ കാറ് ഉപേക്ഷിച്ച് ബെംഗളൂരുവിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് പൊലീസ് പിടിയിലായത്. കൊലപാതകം നടന്നതിന്റെ തലേദിവസവും പ്രതികള്‍ മനോഹരനിൽ നിന്ന് പണം തട്ടിയെടുക്കാൻ ശ്രമിച്ചിരുന്നു. എന്നാല്‍, അന്ന് മനോഹരന്‍ വേഗത്തില്‍ കാറോടിച്ച് പോയതിനാല്‍ ഇവരുടെ ഉദ്ദേശ്യം നടന്നില്ലെന്നും ഡിഐജി പറഞ്ഞു.