Asianet News MalayalamAsianet News Malayalam

ഡാൻസാഫ് സംഘത്തിൻ്റെ മയക്കുമരുന്ന് ബന്ധം: ഇൻ്റലിജൻസ് റിപ്പോർട്ടിനെക്കുറിച്ചുള്ള വാർത്ത തള്ളി ഡിജിപി

ഡാൻസാഫിനെ കൂടുതൽ ഊർജിതമാക്കുമെന്ന് വ്യക്തമാക്കിയ ഡിജിപി. ഡാൻസാഫിനെതിരെ ഒരു ഇൻ്റലിജൻസ് റിപ്പോർട്ടുംകിട്ടിയിട്ടില്ലെന്നും കൂട്ടിച്ചേർത്തു.  

DGP on relation between dansaf and drug mafia
Author
Thiruvananthapuram, First Published Sep 22, 2021, 3:23 PM IST

കണ്ണൂ‍ർ/തിരുവനന്തപുരം: മയക്കുമരുന്ന് പിടികൂടാൻ രൂപീകരിച്ച പ്രത്യേക പൊലീസ് സേനാവിഭാഗമായ ഡാൻസാഫ്(Dansaf) സംഘത്തിന് മയക്കുമരുന്ന് മാഫിയയുമായി(Drug Mafia) ബന്ധമുണ്ടെന്ന ഇൻറെലിജൻസ് റിപ്പോർ‍ട്ടുകളെക്കുറിച്ചുള്ള വാർത്ത നിഷേധിച്ച സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത് (DGP Anilkanth). ഡാൻസാഫിനെ കൂടുതൽ ഊർജിതമാക്കുമെന്ന് വ്യക്തമാക്കിയ ഡിജിപി. ഡാൻസാഫിനെതിരെ ഒരു ഇൻ്റലിജൻസ് റിപ്പോർട്ടും ( intelligence report)കിട്ടിയിട്ടില്ലെന്നും കൂട്ടിച്ചേർത്തു.  

മയക്കുമരുന്ന് പിടികൂടാൻ രൂപീകരിച്ച പൊലീസിൻറെ ഡാൻസാഫ് സംഘത്തിന് മയക്കുമരുന്ന് മാഫിയയുമായി ബന്ധമെന്ന് ഇൻ്റെലിജൻസ് റിപ്പോർ‍ട്ട് കൊടുത്ത കാര്യം നേരത്തെ ഏഷ്യാനെറ്റ് ന്യൂസ് പുറത്തു വിട്ടിരുന്നു.  മയക്കുമരുന്ന് കടത്തുകാരുടെ ഒത്താശയോടെ പൊലീസ് വാഹനത്തിൽ കൊണ്ടുവരുന്ന കഞ്ചാവ് റോഡിലിട്ട് കേസെടുക്കുകയാണ് ഡാൻസാഫിൻറെ രീതിയെന്നാണ് ഇൻ്റലിജൻസ് റിപ്പോർട്ടിലെ ഗുരുതര കണ്ടെത്തൽ. ഇൻ്റലിജൻസ് റിപ്പോ‍ട്ടിൻ്റെ അടിസ്ഥാനത്തിൽ പ്രത്യേക സംഘത്തെ പിരിച്ചുവിട്ടിരുന്നു. 

സിനിമാക്കഥയെ വെല്ലുന്ന രീതിയിലായിരുന്നു ലഹരിമാഫിയക്കെതിരെ പ്രവർത്തിക്കേണ്ട പൊലീസ് സംഘത്തിൻറെ പ്രവർത്തനമെന്നാണ് ഇൻറലിജൻസ് കണ്ടെത്തൽ. തലസ്ഥാനത്ത് വ‍‍ർദ്ധിച്ചുവരുന്ന ലഹരികടത്ത് തടയാനായിരുന്നു ഒരു എസ്ഐയുടെ  നേതൃത്വത്തൽ ഡാൻസാഫ് എന്ന സംഘം രൂപീകരിച്ചത്. ലഹരി വിൽപ്പന നടത്തുന്ന സംഘങ്ങളെ പിടികൂടുന്നതിന് പകരം ലഹരിമാഫിയെ കൂട്ടുപിടിച്ച് വ്യാജ കേസുണ്ടാക്കി പേരെടുക്കാനായിരുന്നു സംഘത്തിൻറെ പ്രവർത്തനമെന്നാണ്  ഇൻറലിജൻസ് റിപ്പോർ‍ട്ട്. 

മയക്കുമരുന്ന് മാഫിയ ബന്ധമുള്ള രണ്ട് ഗുണ്ടകളെ കൂട്ടുപിടിച്ചാണ് തമിഴ്നാട്ടിലെയും ആന്ധ്രയിലെയും ഗോഡൗണുകളിൽ പോയി കഞ്ചാവ് കൊണ്ടുവരികയായിരുന്നു പതിവ്. ഈ ഗോഡൗണിലെ കാവൽക്കാരെയും ഗുണ്ടകൾ തരപ്പെടുത്തി നൽകുന്നവരെയും കൂട്ടികൊണ്ടുവരും. ഇങ്ങനെ പൊലീസ് വാഹനത്തിൽ കടത്തികൊണ്ടുവരുന്ന കഞ്ചാവ് റോഡരികിലും ഒറ്റപ്പെട്ട സ്ഥലങ്ങളിലും കൊണ്ടുവച്ച് ലോക്കൽ പൊലീസിനെ കൊണ്ട് കേസെടുപ്പിക്കും . ഇതരസംസ്ഥാനങ്ങളിൽ നിന്നും കൂട്ടികൊണ്ടുവരുന്ന പ്രതികളെ ലോക്കൽ പൊലീസിന് മുന്നിൽ ഹാജരാക്കും. 

കേസെടുക്കാൻ കൊണ്ടുവരുന്നത്തിൽ ബാക്ക് കഞ്ചാവ് ലഹരി സംഘത്തിന് കൈമാറും. ഡാൻസാഫ് രീതിയിൽ ലോക്കൽ പൊലീസ് സംശയമുന്നയിച്ചതോടെയാണ് ഇൻറലിജൻസ് അന്വേഷണം തുടങ്ങിയത്. പേട്ട, മെഡിക്കൽ കോളജ് സ്റ്റേഷൻ പരിധിയിലെടുത്ത കേസുകള്‍ മുൻനിർത്തിയാണ് റിപ്പോർട്ട്. 

യുവസംരഭകയായ ശോഭാ വിശ്വനാഥിൻറെ വീവേഴ്സ് വില്ലേജിൽ നിന്നും കഞ്ചാവ് കണ്ടെത്തിയതും ഡാൻസാഫ് ആയിരുന്നു. ശോഭയെ കുടുക്കാനുള്ള പഴയ സുഹൃത്തിൻറെ ഗൂഡാലോചനയായിരുന്നു ഇതെന്ന് അടുത്തിടെ ക്രൈം ബ്രാഞ്ച് കണ്ടെത്തിയിരുന്നു, ഈ സംഭവത്തിലും ഡാൻസാഫിൻറെ ഇടപടെലുകളെ കുറിച്ച് സമഗ്ര അന്വേഷണം വേണമെന്ന് റിപ്പോർട്ട് ആവശ്യപ്പെടുന്നു. മാഫിയക്കൊപ്പം ചേർന്ന് ലഹരി എത്തിക്കുക, അത് പിടിച്ച് ക്രെഡിറ്റ് നേടുക ,കള്ളക്കേസുണ്ടാക്കുക... ഇങ്ങനെ അസാധാരണമായ ക്രിമിനൽ നടപടികളിലൂടെ പൊലീസിനാകെ നാണക്കേടുണ്ടാക്കിയിരിക്കുകയാണ് ഡാൻസാഫ് സംഘം. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios