മാസപ്പടിക്കേസിൽ സിഎംആർഎൽ എംഡിയുടെ ഡയറി ഷോൺ ജോർജ് പുറത്തുവിട്ടത് ബിജെപിയിൽ കടുത്ത അമർഷത്തിന് കാരണമായി. പിണറായി വിജയനെ ലക്ഷ്യമിട്ട നീക്കം ബിജെപി നേതാക്കളുടെ പേരുകൾ പുറത്തുവന്നതോടെ പാർട്ടിക്ക് തന്നെ തിരിച്ചടിയായി. ഡയറിയിലുള്ളത് താനല്ലെന്ന് വി. മുരളീധരൻ വ്യക്തമാക്കി.

തിരുവനന്തപുരം: മാസപ്പടിക്കേസിൽ സിഎംആർഎൽ എംഡി ശശിധരൻ കർത്തയുടെ ഡയറി വൈസ് പ്രസിഡന്റ് ഷോൺ ജോർജ് പുറത്തുവിട്ടതിനെ ചൊല്ലി ബിജെപിയിൽ കടുത്ത അമർഷം. വി. മുരളീധരൻ പക്ഷവും കൃഷ്ണദാസ് വിഭാഗവും വിഷയം കൈകാര്യം ചെയ്ത രീതിയിൽ വലിയ അതൃപ്തിയിലാണെന്നാണ് സൂചന. ഡയറി പേജുകൾ പുറത്തുവിട്ട നീക്കം പാർട്ടിക്ക് തന്നെ തിരിച്ചടിയായെന്നാണ് വിലയിരുത്തൽ. ഡയറിയുടെ ഭാഗമായി ബിജെപി നേതാക്കളുടെയും സംഘപരിവാർ സംഘടനകളുടെയും പേരുകൾ പുറത്തുവന്നതിൽ സംഘപരിവാറിനും അതൃപ്തിയുണ്ട്. മുൻ മുഖ്യമന്ത്രി പിണറായി വിജയനിലേക്ക് ആരോപണം ശ്രദ്ധകേന്ദ്രീകരിക്കാൻ ലക്ഷ്യമിട്ട നടത്തിയ നീക്കം മറ്റ് വഴികളിലേക്ക് തിരിഞ്ഞുപോയെന്ന് നേതാക്കൾ ചൂണ്ടിക്കാണിക്കുന്നു.

ഷോൺ പുറത്തുവിട്ട രേഖയെ വി മുരളീധരൻ പോലും സംശയിക്കുന്ന സ്ഥിതിയാണ്. മുഖ്യമന്ത്രി, പിണറായി, എംവി ഗോവിന്ദൻ അടക്കം യുഡിഎഫിൻറെയും എൽഡിഎഫിൻറെയും സമുന്നത നേതാക്കളുടെ പേരുകളാണ് പേജുകളിൽ. പക്ഷെ ഷോണിൻറെ വാർത്താസമ്മേളനത്തിന് ശേഷം പുറത്തുവന്ന കൂടുതൽ പേജുകളിൽ മുരളീധരൻ ബിജെപിയെന്നും സംഘപരിവാറും എന്ന് പേരുണ്ട്. ഡയറി പാർട്ടിക്ക് ബൂമറാങ്ങായെന്നാണ് മുരളീധരപക്ഷത്തിന്റെയും കൃഷ്ണദാസ് വിഭാഗത്തിന്റെയും വിലയിരുത്തൽ. സംഘപരിവാറിനും അമർഷമുണ്ട്യ ഇഡി കത്തിൽ പിണറായിയെയ മുൻനിർത്തിയുള്ള രാഷ്ട്രീയനീക്കങ്ങളുടെ മുനയൊടിഞ്ഞെന്നും നേതാക്കൾ വിലയിരുത്തി. ഒരു പടി കൂടി കടന്ന് തന്നെ ലക്ഷ്യമിട്ടുള്ള ശ്രമങ്ങളുമുണ്ടോ എന്ന സംശയവും വി മുരളീധരനുണ്ട്. ഷോണിന്റെ വാർത്താസമ്മേളനത്തിൽ ഇന്നലെ പങ്കെടുത്ത മുരളീധരൻ അവിടെത്തന്നെ അതൃപ്തി സൂചിപ്പിച്ചിരുന്നു. പാർട്ടിക്കാരുടെ പേരുണ്ടെങ്കിൽ എഫ്ഐആർ ഇട്ട് അന്വേഷിക്കട്ടയെന്നായിരുന്നു അധ്യക്ഷന്റെ പ്രതികരണം. ആ പ്രതികരണം ആകസ്മികമാണെന്നാണ് നേതൃത്വം വിശദീകരിക്കുന്നതെങ്കിലും മുരളീപക്ഷത്തിന് പല സംശയങ്ങളുണ്ട്.

എന്നാൽ ആരോപണങ്ങൾ തള്ളിയ ഷോൺ ജോർജ്, പാർട്ടിയിൽ യാതൊരുവിധ അതൃപ്തിയുമില്ലെന്ന് വ്യക്തമാക്കി. ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിൽ ഷോൺ ജോർജ് നടത്തിയ വാർത്താസമ്മേളനത്തിന് തൊട്ടുപിന്നാലെ വി. മുരളീധരനും മാധ്യമങ്ങളെ കണ്ടു. ഡയറിയിലുള്ള മുരളീധരൻ ഞാനല്ലെന്നായിരുന്നു വി. മുരളീധരന്റെ മറുപടി. ഡയറിയിൽ ഏത് മുരളീധരന്റെ പേരാണ് ഉള്ളതെന്ന് അന്വേഷിച്ചു കണ്ടുപിടിക്കണം. ബിജെപിയിൽ വേറെയും മുരളീധരന്മാർ ഉണ്ടല്ലോ. സിഎംആർഎല്ലിന് എതിരെ സമരം നടത്തിയ ആളാണ് ഞാൻ, ആരോപണവിധേയരിൽ നിന്ന് പണം വാങ്ങിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.