കട്ടപ്പന: 'പത്തു രൂപ പോലും എടുക്കാനില്ലാതെ സാധാരണക്കാരായ മനുഷ്യർ കഷ്ടപ്പെടുന്ന സമയമാണ്. അങ്ങനെയൊരു സമയത്ത് സാധനങ്ങൾക്ക് കൊളളവില ഈടാക്കുന്നത് ന്യായമാണോ?' ജോജി പൊടിപാറ എന്ന യുവാവ് ചോദിക്കുന്നു. ഇന്നലെ ഒറ്റ ദിവസം കൊണ്ടാണ് കട്ടപ്പന സ്വദേശിയായ ജോജി എന്ന യുവാവ് സോഷ്യൽ മീഡിയയിൽ വൈറലായത്. കഴുത്തിൽ ഉണക്കമീൻ മാലയിട്ട് കയ്യിൽ പ്ലക്കാർഡുകളും പിടിച്ച് ജോജി നടത്തിയ വ്യത്യസ്ത പ്രതിഷേധം കയ്യടികളോടെയാണ് സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തത്. എന്തിനാണ് ഇത്തരമൊരു വ്യത്യസ്ത പ്രതിഷേധത്തിന് മുതിർന്നതെന്ന് ജോജി ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറയുന്നു. 

'ലോക്ക് ഡൗൺ സമയമായതിനാൽ ഇവിടെയെങ്ങും മീൻ കിട്ടാനില്ല. ബീഫും കോഴിയും പന്നിയും മാത്രമേ കിട്ടൂ. പച്ചമീനൊക്കെ പഴയതാ. പിന്നെയൊള്ളത് ഉണക്കമീനാ. എന്നാൽ പിന്നെ ഉണക്ക മീൻ വാങ്ങാമെന്ന് കരുതി കട്ടപ്പന ചന്തയില് പോയി. അവിടെ ചെന്നപ്പോ മീനിനെല്ലാം ഭയങ്കര വെല. സാധാരണ വിലയേക്കാൾ 40 ഉം 50 ഉം രൂപയാണ് കൂടുതൽ ഈടാക്കുന്നത്. അത് മനസ്സിലായപ്പോൾ ഇതിനെതിരെ പ്രതിഷേധിക്കണമെന്ന് തോന്നി.' ജോജി പറഞ്ഞു. എന്നാൽ ഇത്തരമൊരു പ്രതിഷേധത്തിന് പിന്നിൽ മറ്റൊരു കാരണം കൂടിയുണ്ട് ജോജിക്ക് പറയാൻ. 'കഴിഞ്ഞ ദിവസം വൈക്കത്ത് പോയി തിരികെ വരുന്ന വഴി ഏലപ്പാറയിൽ നിന്ന് ഒരു കിലോ ഉണക്കമീൻ മേടിച്ചു. 350 രൂപയക്ക്. അതേ മീൻ ഇവിടെ കട്ടപ്പന ചന്തയിൽ വന്ന് വാങ്ങാൻ നോക്കിയപ്പോ 560 രൂപ. അടുത്ത മാർക്കറ്റിലൊക്കെ അന്വേഷിച്ചപ്പോൾ അവിടുത്തേക്കാൾ പത്ത് രൂപയെങ്കിലും കൂടുതലാണിവിടെ. അപ്പോൾ പിന്നെ ഇതിനെതിരെ പ്രതികരിക്കണ്ടേ?' ജോജി ചോദിക്കുന്നു.

സാധാരണക്കാർ കഷ്ടപ്പെടുന്ന സമയത്ത് ഇത്തരം കൊള്ളലാഭമുണ്ടാക്കുന്നത് ശരിയല്ലെന്ന് തന്നെയാണ് ജോജിയുടെ നിലപാട്. പ്രതിഷേധിക്കാൻ തീരുമാനിച്ചപ്പോൾ ആരെയും കൂടെ കൂട്ടാനും തോന്നിയില്ലെന്ന് ജോജി പറയുന്നു. വ്യത്യസ്തമായിരിക്കട്ടെ എന്ന് കരുതിയാണ് കഴുത്തിൽ ഉണക്കമീൻ മാലയിട്ട്, ഇവിടെ പൊന്നിനേക്കാൾ വിലയാണ് ഭായീ ഉണക്കമീനിന്, ഈ കൊറോണക്കാലത്തെ ദുരിതത്തിലും ഉണക്കമീനിൽ പകൽക്കൊള്ള നടത്തുന്നവരെ നിങ്ങൾക്ക് മാപ്പില്ല തുടങ്ങിയ വാചകങ്ങളെഴുതിയ പ്ലക്കാർഡും പിടിച്ച് ജോജി ​ഗാന്ധി സ്ക്വയറിന് മുന്നിലെത്തി പ്രതിഷേധിച്ചത്. പ്രത്യേകിച്ച് ലാഭമൊന്നും പ്രതീക്ഷിച്ചല്ല ഇത്തരം പ്രവർത്തനങ്ങളെന്നും ജോജി അടിവരയിട്ട് പറയുന്നു

ഇതിന് മുമ്പും ജോജി പൊടിപാറ എന്ന പേര് വ്യത്യസ്ത പ്രതിഷേധങ്ങൾക്കൊപ്പം കേട്ടിട്ടുണ്ട്. ആദ്യം പ്രളയം വന്ന സമയത്ത് റോ‍ഡുകളൊക്കെ തകർന്ന അവസ്ഥയിലായിരുന്നു. കൂടാതെ ഓണക്കാലവും. അന്ന് റോഡിലെ കുഴികളിൽ വെളളം നിറഞ്ഞിട്ട് പാതാളത്തിലും ജീവിക്കാൻ നിവൃത്തിയില്ലെന്ന് പറഞ്ഞ് മാവേലി വേഷത്തിൽ ജോജി എത്തിയിരുന്നു. മൂന്നാറിലെ റിസോർട്ടിൽ ഷെഫ് ആയി ജോലി ചെയ്യുകയായിരുന്നു ജോജി.