തിരുവനന്തപുരം: അതിജീവനത്തിനായി കേരളം സഹായം തേടുമ്പോള്‍ ഇല്ലായ്മകള്‍ക്കിടയിലും സഹായങ്ങളുമായി ഹൃദയം നിറച്ചവര്‍ നിരവധിയാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അനേകം ആളുകളാണ് ചെറുതും വലുതുമായ സംഭാവനകള്‍ നല്‍കിയത്. കേരളം നന്ദിയോടെ ഓര്‍ക്കുന്ന സുമനസ്സുകളുടെ പട്ടികയില്‍ സ്വന്തം പേരു കൂടി ചേര്‍ക്കുകയാണ് മലപ്പുറം പൂക്കോട്ടൂര്‍ സ്വദേശി ഷിഹാബുദ്ദീന്‍. ഭിന്നശേഷിക്കാരനായ ഇദ്ദേഹം മോട്ടിവേഷന്‍ ക്ലാസുകള്‍ നടത്തി ലഭിച്ച പണമാണ് ദുരിതാശ്വാസനിധിയിലേക്ക് നല്‍കിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം...

ഭിന്നശേഷിക്കാരനായ ഒരു ചെറുപ്പക്കാരനെ എടുത്തുപൊക്കി ചിലര്‍ രാവിലെ വന്നു. മന്ത്രി കെ.ടി ജലീലും ഒപ്പമുണ്ടായിരുന്നു. മോട്ടിവേഷന്‍ ക്ലാസെടുത്ത് ജീവിതം മുന്നോട്ടുകൊണ്ടുപോകുന്ന മലപ്പുറം പൂക്കോട്ടൂര്‍ സ്വദേശി ഷിഹാബുദ്ദീനെ ബാപ്പയും അനുജനും എടുത്ത് ചേമ്പറില്‍ എത്തിക്കുകയായിരുന്നു. താന്‍ കൈകാര്യം ചെയ്ത ക്ലാസുകളിലൂടെ ലഭിച്ച തുകയില്‍ നിന്ന് മാറ്റിവെച്ച വിഹിതം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാനാണ് ഷിഹാബുദ്ദീന്‍ തന്‍റെ വയ്യായ്ക വകവെക്കാതെ എത്തിയത്.

ഭിന്നശേഷിക്കാരനായ ഇദ്ദേഹം പ്ലസ് ടു വിദ്യാഭ്യാസത്തിനു ശേഷമാണ് മോട്ടിവേഷന്‍ ക്ലാസ് എടുക്കാന്‍ തുടങ്ങിയത്. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദം നേടിയ ഷിഹാബുദ്ദീന്‍ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും ഉള്‍പ്പെടെ ആയിരത്തോളം ക്ലാസുകള്‍ ഇതുവരെ കൈകാര്യം ചെയ്തിട്ടുണ്ട്. സുതാര്യമായ ദുരിതാശ്വാസനിധി വിവാദമാക്കുന്നതിനെതിരെ പ്രതികരിക്കാന്‍ വേണ്ടി കൂടിയാണ് നേരിട്ട് മലപ്പുറത്തുനിന്ന് ഇവിടെ എത്തി തുക കൈമാറിയതെന്ന് അദ്ദേഹം പറഞ്ഞു. ശാരീരിക-മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്ക് സ്കൂള്‍തലം മുതല്‍ ബോധവല്‍ക്കരണം നല്‍കണമെന്നാണ് ഷിഹാബുദ്ദീന്‍റെ ആഗ്രഹം.