കൊച്ചി: സിപിഐ നടത്തിയ ഡിഐജി ഓഫീസ് മാർച്ചിലെ സംഘർഷവുമായി ബന്ധപ്പെട്ട കേസിൽ മുൻകൂർ ജാമ്യം തേടി സിപിഐ നേതാക്കള്‍ അടക്കമുള്ളവര്‍ കോടതിയെ സമീപിച്ചു. എല്‍ദോ എബ്രഹാം എംഎൽഎയും എറണാകുളം ജില്ലാ സെക്രട്ടറി പി രാജുവും അടക്കം 10 പേരാണ് ഹൈക്കോടതിയില്‍  മുൻ‌കൂർ ജാമ്യാപേക്ഷ നൽകിയത്.

ജൂലൈ 23 ന് നടന്ന മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായതിനെ തുടര്‍ന്ന് എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത സാഹചര്യത്തിലാണ് സിപിഐ നേതാക്കള്‍ കോടതിയെ സമീപിച്ചിരിക്കുന്നത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെയും പൊതുമുതല്‍ നശിപ്പിക്കല്‍ തടയല്‍ നിയമത്തിലെയും വിവിധ വകുപ്പുകള്‍ ചേർത്ത് എല്‍ദോ എബ്രഹാം, പി രാജു എന്നിവരടക്കം 300 പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. സമരത്തിനിടയിലുണ്ടായ സംഘര്‍ഷത്തില്‍ എസിപി അടക്കമുള്ള ഉദ്യോഗസ്ഥര്‍ക്ക് പരുക്കേറ്റിരുന്നു.