പ്രതിക്ക് തനിക്കെതിരെ തുടരന്വേഷണം വേണ്ടെന്ന് പറയാൻ അവകാശമില്ല. കേസിൽ സത്യമെന്തെന്ന് വെളിച്ചത്ത് വരണം എന്ന് തനിക്ക് ആഗ്രഹമുണ്ട്. കേസിൽ വെളിപ്പെടുത്തൽ നടത്തിയത് പ്രതിയുടെ അടുത്ത സുഹൃത്തെന്നും നടി.

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം മാർച്ച് 1-നകം പൂർത്തിയാക്കിയേ തീരൂവെന്ന് ഹൈക്കോടതി. അന്ന് അന്വേഷണം പൂർത്തിയാക്കി അന്തിമറിപ്പോർട്ട് നൽകണം. ഈ കേസിൽ മാത്രം എന്താണിത്ര പ്രത്യേകത എന്നും, ഒരു സാക്ഷിയുടെ വെളിപ്പെടുത്തലിൽ എന്താണിത്ര അന്വേഷിക്കാനെന്നും ഹൈക്കോടതി ചോദിച്ചു. രണ്ട് മാസം അന്വേഷണത്തിനായി നൽകിയില്ലേ എന്നും ഈ ഒരു വിഷയത്തിൽ മാത്രം അന്വേഷണം കേന്ദ്രീകരിക്കണമെന്നും ഇനി സമയം നീട്ടി നൽകാനാകില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. എന്നാൽ മാർച്ച് 1-നകം അന്വേഷണം പൂർത്തിയാക്കുന്നതിന് തടസ്സമുണ്ടെന്നാണ് പ്രോസിക്യൂഷൻ വാദിച്ചത്. പ്രതിക്ക് തനിക്കെതിരെ തുടരന്വേഷണം വേണ്ടെന്ന് പറയാനാകില്ലെന്ന് ആക്രമിക്കപ്പെട്ട നടിയും വാദിച്ചു. കേസ് മറ്റന്നാൾ പരിഗണിക്കാൻ മാറ്റി. 

നേരത്തേയും കേസിൽ തുടരന്വേഷണം മാർച്ച് 1-ന് പൂർത്തിയാക്കണമെന്ന് ഹൈക്കോടതി നിർദേശം നൽകിയിരുന്നു. എന്നാൽ അത് പ്രയാസമായിരിക്കുമെന്നും ഫോണുകളുടെ ഫോറൻസിക് പരിശോധനാ ഫലത്തിന്‍റെ അടിസ്ഥാനത്തിൽ പ്രതികളെ വീണ്ടും ചോദ്യം ചെയ്യണമെന്നും പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടു. ഈ ഒരു വിഷയത്തിൽ മാത്രം അന്വേഷണം കേന്ദ്രീകരിക്കണം, അങ്ങനെ അന്വേഷണം പൂർത്തിയാക്കണം - കോടതി വ്യക്തമാക്കി. എന്നാൽ ഇത് വരെ നാൽപ്പത് പേരുടെ മൊഴി എടുത്തുവെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. എന്നാൽ അന്വേഷണം അനന്തമായി നീട്ടാനാകില്ലെന്ന് കോടതി വ്യക്തമാക്കി. 

കേസിലെ തുടരന്വേഷണം തടയരുത് എന്ന് ഹൈക്കോടതിയിൽ നടി ആവശ്യപ്പെട്ടു. കേസിൽ വെളിപ്പെടുത്തൽ നടത്തിയത് പ്രതിയുടെ അടുത്ത സുഹൃത്താണ്. ബാംഗ്ലൂരിൽ നിൽക്കുമ്പോഴാണ് താനീ വെളിപ്പെടുത്തൽ ടിവിയിലൂടെ കണ്ടത്. കുറ്റപത്രം നൽകിയാലും തുടരന്വേഷണം നടത്താൻ പൊലീസിന് അധികാരം ഉണ്ട്. ഇരയെന്ന നിലയിൽ കേസിലെ എല്ലാ പ്രതികളെയും വെളിച്ചത്ത് കൊണ്ടുവരണം എന്ന് തനിക്ക് താത്പര്യമുണ്ട്. പ്രതിക്ക് സ്വയം തനിക്കെതിരെ തുടരന്വേഷണം വേണ്ട എന്ന് പറയാനാകില്ലെന്നും നടി വാദിച്ചു. 

തുടരന്വേഷണം അന്തിമഘട്ടത്തിലാണ് എന്നാണ് ഡിജിപി ഇന്ന് കോടതിയെ അറിയിച്ചത്. 20 സാക്ഷികളുടെ മൊഴി ഇതുവരെ എടുത്തു. എന്നാൽ നിലവിൽ രണ്ട് മാസമായില്ലേ എന്നും തുടരന്വേഷണം ഇങ്ങനെ അനന്തമായി നീട്ടിക്കൊണ്ട് പോകാനാകില്ലല്ലോ എന്നും കോടതി ചോദിച്ചു. തുടരന്വേഷണം പൂർത്തിയാക്കാൻ എത്ര സമയം കൂടി വേണം എന്ന് കോടതി ചോദിച്ചു. 

കോടതി കേസിൽ സമയപരിധി നിശ്ചയിക്കുന്നതിൽ എതിർപ്പില്ലെന്ന് പ്രോസിക്യൂഷൻ പറഞ്ഞു. വിചാരണ പൂർത്തിയാക്കാൻ സുപ്രീംകോടതി നാല് തവണ സമയം നീട്ടി നൽകിയില്ലേ എന്നും എന്നിട്ടെന്തായി എന്നും ഹൈക്കോടതി ചോദിച്ചു. ബാലചന്ദ്രകുമാർ ഈ നാല് വർഷം എവിടെ ആയിരുന്നുവെന്നും കോടതി ചോദിച്ചു. എന്നാൽ ബാലചന്ദ്രകുമാറിന്‍റെ മൊഴിയിൽ 81 പോയന്‍റുകൾ കിട്ടിയെന്നും, ഇത് സംബന്ധിച്ചുള്ള തെളിവുകളും ലഭിച്ചുവെന്നും പ്രോസിക്യൂഷൻ വാദിച്ചു. കേസിൽ ഇനി വാദം മറ്റന്നാൾ തുടരും.

YouTube video player