ഏറ്റവുമധികം യാത്രക്കാരുള്ള ജനശതാബ്ദി, മാവേലി എക്സ്പ്രസ്, നേത്രാവതി എക്സ്പ്രസ്, ചെന്നൈ മെയില്‍ എന്നിവയിലെല്ലാം യാത്രക്കാരുടെ എണ്ണത്തില്‍ കാര്യമായ കുറവ് അനുഭവപ്പെടുന്നുണ്ട്. 

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് 19 ജാഗ്രത ശക്തമായതോടെ റെയില്‍ല്‍വേ സ്റ്റേഷനുകളില്‍ യാത്രക്കാരുടെ എണ്ണത്തില്‍ വൻകുറവ്. റെയില്‍വേ സ്റ്റേഷനുകളില്‍ ആവശ്യത്തിന് മുൻകരുതല്‍ നടപടികളില്ലാത്തതും യാത്രക്കാരെ തീവണ്ടി യാത്രകളില്‍ നിന്നും അകറ്റി നിർത്തുകയാണ്.

തിരുവനന്തപുരത്തിനും കോഴിക്കോടിനുമിടയില്‍ ദിവസവും സർവീസ് നടത്തുന്ന ജനശതാബ്ദി എക്സ്പ്രസ്. കേരളത്തിലെ ഏറ്റവും തിരക്കേറിയ ട്രെയിനുകളിലൊന്ന്. ഇപ്പോള്‍ വാരാന്ത്യങ്ങളില്‍പ്പോലും മിക്ക സീറ്റുകളും ഒഴിഞ്ഞുകിടക്കുന്നു. കൊവി‍ഡ് 19 ന്‍റെ പശ്ചാത്തലത്തില്‍ സ്കൂളുകളും കോളേജുകളും അടച്ചതുമാത്രമല്ല ഇതിന് കാരണം.

ഏറ്റവുമധികം യാത്രക്കാരുള്ള മാവേലി എക്സ്പ്രസ്, നേത്രാവതി എക്സ്പ്രസ്, ചെന്നൈ മെയില്‍ എന്നിവയുടെ സ്ഥിതിയും വ്യത്യസ്തമല്ല. ഇതരസംസ്ഥാന തൊഴിലാളികള്‍ നാട്ടിലേക്ക് മടങ്ങുന്ന ട്രെയിനുകളില്‍ മാത്രമാണ് ഇപ്പോഴും തിരക്കുള്ളത്. ബുക്കിങ്ങിനെക്കാളേറെ ക്യാൻസലേഷനുകളെത്തുന്ന സാഹചര്യമാണ് ഇപ്പോള്‍ കൗണ്ടറുകളില്‍ കാണുന്നത്. റെയിൽവേയ്ക്ക് വലിയ വരുമാനനഷ്ടമാണ് ഇതിലൂടെ ഉണ്ടാവുന്നത്.

കൊച്ചിയില്‍ സംസ്ഥാന ആരോഗ്യവകുപ്പുമായി സഹകരിച്ച് ഒരു ഹെല്‍പ് ഡെസ്കും ബോധവത്കരണ പോസ്റ്ററുകളും സ്ഥാപിച്ചതൊഴിച്ചാല്‍, പകർച്ചാവ്യാധി തടയുന്നതിനുള്ള മറ്റ് മുന്നൊരുക്കളൊന്നും റെയില്‍വേസ്റ്റേഷനുകളിലോ ട്രെയിനുകളിലോ കാണുന്നില്ല. ടിടിആർ ഉള്‍പ്പെടെയുള്ള ജീവനക്കാർ മാസ്ക് ധരിക്കണമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രാലയം നിർദ്ദേശം നല്‍കിയിട്ടുണ്ടെങ്കിലും കേരളത്തില്‍ പൂർണ്ണതോതില്‍ അത് പ്രാവർത്തികമായിട്ടുമില്ല.