Asianet News MalayalamAsianet News Malayalam

'പരാതിക്കാരിയുടെ ലക്ഷ്യം പണം തട്ടൽ, വിശദമായി അന്വേഷിക്കണം'; ഡിജിപിക്ക് പരാതി നൽകി സംവിധായകൻ വികെ പ്രകാശ്

സിനിമയാക്കാൻ കഥയുമായി സമീപിച്ച യുവതിയെ കൊല്ലത്തെ സ്വകാര്യ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി ലൈംഗിക താത്പര്യത്തോടെ ഉപദ്രവിച്ചുവെന്നാണ് യുവതി പരാതി ഉന്നയിച്ചത്

Director VK Prakash against complainant woman
Author
First Published Aug 28, 2024, 10:44 PM IST | Last Updated Aug 28, 2024, 10:44 PM IST

കൊച്ചി: യുവ വനിതാ തിരക്കഥാകൃത്തിനെ ഉപദ്രവിച്ചെന്ന പരാതിയിൽ മുൻകൂർ ജാമ്യം തേടി സംവിധായകൻ വി.കെ.പ്രകാശ് ഹൈക്കോടതിയെ സമീപിച്ചു. പരാതിക്കാരിക്ക് ക്രിമിനൽ പശ്ചാത്തലമെന്ന് ഹർജിയിൽ ആരോപിക്കുന്നു. പരാതിക്കാരി ഹണിട്രാപ്പ് കേസിലെ പ്രതിയാണെന്നും ഇക്കാര്യം വ്യക്തമാക്കി ഡിജിപിക്കും, പ്രത്യേക അന്വേഷണ സംഘത്തിനും പരാതി നൽകിയിട്ടുണ്ടെന്നും വി.കെ.പ്രകാശ് ഹൈക്കോടതിയെ അറിയിച്ചു. അഭിഭാഷകൻ ബാബു.എസ് നായർ വഴിയാണ് ഹർജി സമർപ്പിച്ചത്.

തനിക്കെതിരെ യുവതി നൽകിയ പരാതി കെട്ടിച്ചമച്ചതാണെന്ന് ഡിജിപിയ്ക്ക് പരാതിയിൽ വി കെ പ്രകാശ് പറയുന്നു. പരാതിയിൽ വിശദമായ അന്വേഷണം നടത്തണമെന്നും ആരോപണം കാരണം വലിയ മാനനഷ്ടം ഉണ്ടായെന്നും അദ്ദേഹം ഡിജിപിക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെടുന്നു. 'പരാതിക്കാരിക്ക് ക്രിമിനൽ പശ്ചാത്തലമുണ്ട്. തന്റെ സുഹൃത്തായ നിർമ്മാതാവിനെ മുൻപ് പരാതിക്കാരി ബ്ലാക്ക്‌മെയിൽ ചെയ്തിരുന്നു. പണം തട്ടാൻ വേണ്ടിയാണ് യുവതി തനിക്കെതിരെ ആരോപണം ഉന്നയിച്ചത്. ഒരു സിനിമയുടെ കഥയുമായി യുവതി തന്നെ സമീപിച്ചിരുന്നു. കഥ സിനിമയ്ക്ക് യോഗ്യമല്ലെന്ന് യുവതിയെ അറിയിച്ചിരുന്നു. മടങ്ങി പോകുവാൻ തന്റെ ഡ്രൈവർ മുഖേന 10000 രൂപ നൽകി. പിന്നീട് പലപ്പോഴും യുവതി തന്നെ ഫോണിൽ ബന്ധപ്പെട്ടു. അഭിനയിക്കാൻ താത്പര്യം ഉണ്ടെന്ന് അറിയിച്ചു. പരാതിക്കാരിയുടെ ചിത്രങ്ങൾ അയച്ചു തന്നു. എന്നാലിത് തുടക്കത്തിലേ നിരുത്സാഹപ്പെടുത്തിയിരുന്നു' - വികെ പ്രകാശ് ഡിജിപിക്ക് നൽകിയ പരാതിയിൽ പറയുന്നു.

സിനിമയാക്കാൻ കഥയുമായി സമീപിച്ച യുവതിയെ കൊല്ലത്തെ സ്വകാര്യ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി ലൈംഗിക താത്പര്യത്തോടെ ഉപദ്രവിച്ചുവെന്നാണ് യുവതി പരാതി ഉന്നയിച്ചത്. എന്നാൽ താത്പര്യമില്ലെന്ന് വ്യക്തമാക്കി രാത്രി തന്നെ കൊച്ചിക്ക് മടങ്ങിയെന്നാണ് യുവതി പറയുന്നത്. കാര്യം മറ്റാരോടും പറയരുതെന്ന് തുടരെ ഫോണിൽ വിളിച്ച് സംവിധായകൻ നിർബന്ധിച്ചുവെന്നും യുവതി ആരോപിച്ചിരുന്നു. പിന്നീട് ക്ഷമാപണം നടത്തിയ ശേഷം ഡ്രൈവറുടെയോ മറ്റോ അക്കൗണ്ടിൽ നിന്ന് പതിനായിരം രൂപ തനിക്ക് ഫോൺ വഴി അയച്ചു തന്നുവെന്നും യുവതി പറ‌ഞ്ഞിരുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios