വീട് പൊളിച്ചുമാറ്റി താല്‍ക്കാലിക ഷെഡ് പണിത പല കുടുംബങ്ങളും ഈ മഴക്കാലം എങ്ങനെ കഴിച്ചുകൂട്ടുമെന്ന ആശങ്കയിലാണ്. 

ഇടുക്കി: ഇടുക്കി ജില്ലയിലെ ആദിവാസി മേഖലയില്‍ ലൈഫ് ഭവന പദ്ധതിക്കായുള്ള ഫണ്ട് വിതരണം നിലച്ചു. പണം കിട്ടാതായതോടെ 40 പഞ്ചായത്തുകളിലായി ആയിരത്തിലധികം വീടുകളുടെ നിര്‍മ്മാണമാണ് പാതിവഴിയില്‍ നിര്‍ത്തിയത്. ഉള്ള വീട് പൊളിച്ചുമാറ്റി താല്‍ക്കാലിക ഷെഡ് പണിത പല കുടുംബങ്ങളും ഈ മഴക്കാലം എങ്ങനെ കഴിച്ച് കൂട്ടുമെന്ന ആശങ്കയിലാണ്.

വീട് പൊളിച്ചുമാറ്റി പ്ലാസ്റ്റിക് ഷീറ്റിനടിയിലേക്ക് കയറുമ്പോള്‍ 6 മാസത്തിനുള്ളില്‍ പുതിയ വീടിന്‍റെ പണി തീരുമെന്ന പ്രതീക്ഷയിലായിരുന്നു മന്നാന്‍ സമുദായത്തിന്‍റെ ഊരുമൂപ്പനായ അടിമാലി ചാറ്റുപാറ കുടിയിലെ തമ്പി. പക്ഷെ വീട് നിര്‍മ്മാണം പാതിവഴി മുടങ്ങി. പണം കിട്ടാതായതോടെ വിജയന്‍ വീടുപണിക്കായി എടുത്ത വാടക സാമഗ്രികള്‍ തിരികെ കൊടുക്കുകയാണ്. സ്വന്തമായി ഒരു അടച്ചുറപ്പുള്ള വീടെന്ന് സ്വപ്നം കണ്ട ലതയും നിരാശയിലാണ്.

ഇത്തരത്തില്‍ 40 പഞ്ചായത്തിലായി ആയിരത്തിലധികം കുടുംബങ്ങളാണ് ബുദ്ധിമുട്ടുന്നത്. ഓരോ വീടും പണിയാന്‍ 6 ലക്ഷം രൂപ വീതമാണ് സര്‍ക്കാര്‍ നല്‍കുക. ഇതില്‍ മിക്കവര്‍ക്കും ലഭിച്ചത് 2 ലക്ഷത്തില്‍ താഴെയാണ്. പഞ്ചായത്തുകളുടെ പദ്ധതി നിര്‍വഹണം പൂര്‍ത്തിയാകാത്തതും ഫഡ്കോ ലോണ്‍ ലഭിക്കാനുള്ള നടപടികള്‍ വൈകിയതും ബാക്കി തുകക്ക് വിനയായി. നടപടികളെല്ലാം ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് പഞ്ചായത്തുകള്‍ പറയുന്നുണ്ട്. ഈ മഴക്കാലത്തെങ്കിലും ഇവര്‍ക്കെല്ലാം നനയാത്ത വീട്ടില്‍ കയറികിടക്കാന്‍ പറ്റുമോ. ഈ ചോദ്യത്തിന് വ്യക്തമായ ഉത്തരം പറയാന്‍ ഒരു പ‍ഞ്ചായത്തും തയ്യാറല്ല.

അതിർത്തി കട‌ന്നെത്തുന്നത് രോഗം ബാധിച്ച കന്നുകാലികളുടേയും ചത്ത മൃഗങ്ങളുടേയും ഇറച്ചി; പഴകിയ മീനും, പരിശോധന കർശനം

കൊല്ലം: പഴകിയ മീനിന് പുറമേ ഇതര സംസ്ഥാനങ്ങളിൽ നിന്ന് പഴകിയ മാംസവും അതിർത്തി കടന്നെത്തുന്നത് ഭക്ഷ്യസുരക്ഷ വകുപ്പിന് (Food Safety Department) തലവേദനയാകുന്നു. ഇതോടെ അതിർത്തി ചെക് പോസ്റ്റുകളിൽ പരിശോധന ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ കൊല്ലം ജില്ലയിൽ മാത്രം പതിനോരായിരം കിലോ പഴകിയ മീനാണ് ഭക്ഷ്യസുരക്ഷ വിഭാഗം പിടികൂടി നശിപ്പിച്ചത്. രോഗം ബാധിച്ച കന്നുകാലികളുടേയും ചത്ത മൃഗങ്ങളുടേയും ഇറച്ചിയാണ് കുറഞ്ഞ വിലയ്ക്ക് ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തുന്നത്. ഇവ ഭക്ഷ്യയോഗ്യമല്ല.

ബലിപ്പെരുന്നാൾ അടുത്തതോടെ അതിർത്തികൾക്ക് പുറമേ ഇറച്ചി വിൽപ്പന കേന്ദ്രങ്ങളിലും പരിശോധന നടത്താൻ ഒരുങ്ങുകയാണ് ഭക്ഷ്യസുരക്ഷ വകുപ്പ്. ട്രോളിംഗ് തുടങ്ങിയതിന് ശേഷം കൊല്ലം ജില്ലയിൽ മാത്രം പതിനോരായിരം കിലോ മീനാണ് ഫുഡ് സേഫ്റ്റി ഡിപ്പാർട്മെന്റ് പിടിച്ചെടുത്തത്. തമിഴ്നാട്, ആന്ധ്രാപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ നിന്നാണ് കേരളത്തിലേക്ക് പഴകിയ മീനെത്തുന്നത്. മീനിന്റെ ലഭ്യതക്കുറവ് മുതലെടുത്താണ് ഇത്തരം സംഘങ്ങൾ വ്യാപകമായി പ്രവർത്തിക്കുന്നതെന്നാണ് വിലയിരുത്തൽ.