Asianet News MalayalamAsianet News Malayalam

2 വര്‍ഷമായി ഒറ്റ പൈസ പോലും നൽകിയില്ല; പോക്സോ ഇരകളുടെ പുനരധിവാസത്തിനുള്ള സര്‍ക്കാര്‍ ധനസഹായ വിതരണം നിലച്ചു

സര്‍ക്കാരിന് കാശ് കിട്ടുന്ന മുറയ്ക്ക് കൊടുക്കുമെന്നാണ് മുഖ്യമന്ത്രിക്ക് കത്തെഴുതിയവര്‍ക്ക് കിട്ടിയ മറുപടി.

Disbursement of government funding for rehabilitation of POCSO victims has stopped
Author
First Published Aug 30, 2024, 1:03 PM IST | Last Updated Aug 30, 2024, 1:03 PM IST

തിരുവനന്തപുരം:സംസ്ഥാനത്ത് പോക്സാ ഇരകളുടെ പുനരധിവാസത്തിന് സര്‍ക്കാര്‍ നൽകേണ്ട ധനസഹായ വിതരണം പ്രതിസന്ധിയിൽ. ലീഗൽ സര്‍വീസസ് അതോറിറ്റി വഴി ലഭ്യമാക്കേണ്ട തുക രണ്ട് വര്‍ഷമായി കാത്തിരിക്കുന്നവര്‍വരെ ഉണ്ട് ഇരകളുടെ കൂട്ടത്തിൽ. സര്‍ക്കാരിന് കാശ് കിട്ടുന്ന മുറയ്ക്ക് കൊടുക്കുമെന്നാണ് മുഖ്യമന്ത്രിക്ക് കത്തെഴുതിയവര്‍ക്ക് കിട്ടിയ മറുപടി.

11 വയസുള്ളപ്പോൾ മുതൽ സ്വന്തം അച്ഛനാൽ പീഡിപ്പിക്കപ്പെട്ട് നിര്‍ഭയ കേന്ദ്രത്തിലെത്തിയ പോക്സാ അതിജീവിത മുഖ്യമന്ത്രിക്ക് കത്തെഴുതിയിട്ടും ധനസഹായം ലഭിക്കാൻ നടപടിയുണ്ടായിട്ടില്ല. പതിനെട്ട് വയസ്സുവരെ നിര്‍ഭയ കേന്ദ്രത്തിലായിരുന്നു അതിജീവിത. പ്രായപൂര്‍ത്തിയാതോടെ അവിടെ നിന്ന് ഇറങ്ങി അമ്മക്ക് ഒപ്പം പോകേണ്ടി വന്നു. ഇടക്ക് വന്ന കോടതി വിധിയും ലീഗൽ സര്‍വീസസ് അതോറിറ്റി നിശ്ചയിച്ച് നൽകിയ ധനസഹായവും ഉണ്ട്. പക്ഷെ കഴിഞ്ഞ രണ്ട് വര്‍ഷമായി ഈ തുകയ്ക്ക് വേണ്ടി സര്‍ക്കാര്‍ ഓഫീസുകൾ കയറി ഇറങ്ങുകയാണ് ഇവര്‍.

തുടര്‍ പഠനത്തിനും അതിജീവനത്തിനും അത്യാവശ്യമായ തുക അടിയന്തരമായി അനുവദിച്ച് നൽകണമെന്ന അപേക്ഷക്ക് സര്‍ക്കാരിൽ നിന്ന് പണം ലഭിക്കാത്തതിനാലാണ് നല്‍കാൻ കഴിയാത്തതെന്നാണ് ലീഗൽ സര്‍വീസസ് അതോറിറ്റി നൽകിയ മറുപടി.നഷ്ടപരിഹാരം അനുവദിച്ച് ഉത്തരവ് 2022 ഡിസംബറിൽ കിട്ടിയിട്ടുണ്ടെന്നും എന്നാല്‍, സര്‍ക്കാരിൽ നിന്ന് പണം അനുവദിച്ച് കിട്ടാത്തത് കൊണ്ട് അത് അനുവദിക്കാൻ കഴിയുന്നില്ല എന്നുമാണ് ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ മറുപടി.

ഇത് ഒരാളുടെ മാത്രം അനുഭവമല്ല. തിരുവനന്തപുരം ജില്ലയിൽ മാത്രം ഇത്തരത്തിൽ പലര്‍ക്കായി അനുവദിക്കേണ്ട പത്ത് കോടിയോളം കുടിശിക ഉണ്ടെന്നാണ് ലീഗൽ സര്‍വീസ് അതോറിറ്റി വൃത്തങ്ങൾ നൽകുന്ന വിവരം. കഴിഞ്ഞ രണ്ട് വര്‍ഷമായി ഒരു പൈസ പോലും സര്‍ക്കാര്‍ കൊടുത്തിട്ടില്ല. സംസ്ഥാനത്തെ മുഴുവൻ കണക്കെടുത്താൽ വലിയ തുക തന്നെ ഉണ്ടാകും കുടിശിക.

ഇരകൾക്ക് അനുവദിക്കേണ്ട ധനസഹായത്തിന്‍റെ മാനദണ്ഡത്തിൽ തുടങ്ങി അനുവദിച്ച തുകയുടെ വിശദാംശങ്ങൾ അവരെ അറിയിക്കുന്നതിൽ വരെ ഒരു വ്യവസ്ഥയും ഇല്ലെന്ന വിമര്‍ശനങ്ങൾക്ക് ഇടക്കാണ് തുക അനുവദിക്കുന്നതിലെ വീഴ്ച സംബന്ധിച്ച പരാതിയും. പോക്സോ ഇരകൾക്ക് നൽകുന്ന ധനസഹായ വിതരണത്തിലെ കാലതാമസം അടക്കം വിവിധ കാര്യങ്ങളിൽ വിശദീകരണം തേടി ജൂൺ മാസത്തിൽ നിയമസഭയിൽ നൽകിയ ചോദ്യത്തിന് പോലും മുഖ്യമന്ത്രി ഇതുവരെ മറുപടി നൽകിയിട്ടില്ല.

ഇത് ഉപജീവനത്തിനായുള്ള പോരാട്ടം, മലമ്പുഴ ഉദ്യാനത്തിന് മുന്നിൽ സ്ത്രീകളുടെ കുത്തിയിരിപ്പ് സമരം, പൊലീസ് നടപടി

 

Latest Videos
Follow Us:
Download App:
  • android
  • ios