'ഓപ്പറേഷൻ സിന്ദൂർ: മെഴുകുതിരി വെളിച്ചത്തിൽ നിന്ന് ബ്രഹ്മോസിലേക്കുള്ള മാതൃകാപരമായ മാറ്റം' എന്ന വിഷയത്തിൽ രാജ്ഭവനിൽ സംസാരിക്കുകയായിരുന്നു വിവേകാനന്ദ ഇന്‍റർനാഷണൽ ഫൗണ്ടേഷന്‍റെ ചെയർമാൻ എസ് ഗുരുമൂർത്തി
തിരുവനന്തപുരം: പഹൽഗാം ഭീകരാക്രമണത്തെ കുറിച്ചും ഓപ്പറേഷൻ സിന്ദൂറിനെ കുറിച്ചും പ്രഭാഷണം സംഘടിപ്പിച്ച് രാജ്ഭവൻ. വിവേകാനന്ദ ഇന്‍റർനാഷണൽ ഫൗണ്ടേഷന്‍റെ ചെയർമാൻ എസ് ഗുരൂമൂർത്തിയാണ് മുഖ്യ പ്രഭാഷണം നടത്തിയത്. 50 കൊല്ലം കോൺഗ്രസിന് എടുക്കാൻ കഴിയാതിരുന്ന നിലപാടാണ് ഓപ്പറേഷൻ സിന്ദൂറിൽ ശശി തരൂർ സ്വീകരിച്ചതെന്ന് ഗുരുമൂർത്തി പറഞ്ഞു. പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട എൻ രാമചന്ദ്രന്റെ കുടുംബം ചടങ്ങിൽ പങ്കെടുത്തു.
നേരിട്ട് സമ്പർക്കമില്ലാത്ത യുദ്ധമുറയായ നോൺ-കോൺടാക്റ്റ് വാർ മോഡലിലേക്ക് മാറിയതാണ് ഓപ്പറേഷൻ സിന്ദൂറിന്‍റെ വിജയത്തിന് കാരണമെന്ന് ഗുരുമൂർത്തി പറഞ്ഞു. ഓപ്പറേഷൻ സിന്ദൂറിനെ കുറിച്ചുള്ള ചർച്ചകളിൽ ഇക്കാര്യം വിസ്മരിക്കപ്പെടുകയാണെന്ന് അദ്ദേഹം പറഞ്ഞു. 'ഓപ്പറേഷൻ സിന്ദൂർ: മെഴുകുതിരി വെളിച്ചത്തിൽ നിന്ന് ബ്രഹ്മോസിലേക്കുള്ള മാതൃകാപരമായ മാറ്റം' എന്ന വിഷയത്തിൽ രാജ്ഭവനിൽ സംസാരിക്കുകയായിരുന്നു ഗുരുമൂർത്തി. കരസേന നേരിട്ട് ഇറങ്ങേണ്ടതില്ലാത്ത നോൺ-കോൺടാക്റ്റ് യുദ്ധമുറ ഇന്ത്യയ്ക്ക് ഗുണകരമായി മാറിയെന്ന് അദ്ദേഹം പറഞ്ഞു,
2020ൽ തന്നെ പാകിസ്ഥാൻ പ്രതിരോധ വെബ്‌സൈറ്റ് ഇന്ത്യയുടെ ഈ യുദ്ധ തന്ത്രത്തെ കുറിച്ച് പരാമർശിച്ചിരുന്നുവെന്ന് ഗുരുമൂർത്തി പറഞ്ഞു. വേഗത്തിലും നിർണായകവുമായ വിജയം കൈവരിക്കാൻ ലക്ഷ്യമിട്ടുള്ള ദീർഘദൂര മിസൈലുകൾ, കൃത്യതയുള്ള സ്മാർട്ട് ആയുധങ്ങൾ, ആളില്ലാ സംവിധാനങ്ങൾ, റോബോട്ടുകൾ, ഉപഗ്രഹങ്ങൾ എന്നിവ ഉൾക്കൊള്ളുന്നതാണ് നോൺ-കോൺടാക്റ്റ് യുദ്ധതന്ത്രമെന്നും ഗുരുമൂർത്തി പറഞ്ഞു.
ഇന്ത്യയോടുള്ള പാകിസ്ഥാന്റെ 'വെറുപ്പിന്' പിന്നിലെ ചരിത്രപരവും മതപരവും സൈനികവുമായ വശങ്ങളെക്കുറിച്ചും ഗുരുമൂർത്തി വിശദീകരിച്ചു. പരിഷ്കൃത രാജ്യങ്ങളിലെപ്പോലെ പാകിസ്ഥാൻ സൈന്യം ഒരു പ്രൊഫഷണൽ സൈന്യമല്ലെന്ന് അദ്ദേഹം പറഞ്ഞു. 34 വർഷം പാകസ്ഥാൻ പട്ടാള ഭരണത്തിന് കീഴിലായിരുന്നു. ബാക്കിയുള്ള വർഷങ്ങളിൽ പരോക്ഷമായും. പാകിസ്ഥാൻ സൈന്യത്തിന്റെ ഉടമസ്ഥതയിലുള്ള സോൾജിയേഴ്‌സ് ഫൗണ്ടേഷൻ ഫാക്ടറികൾ, റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ തുടങ്ങിയ നിരവധി വാണിജ്യ സംരംഭങ്ങൾ ചേർന്നതാണ്. പാകിസ്ഥാന്റെ സമ്പദ്‌വ്യവസ്ഥ, ബിസിനസ്, രാഷ്ട്രീയം എന്നിവ സൈന്യവുമായി ഇടകലർന്നിരിക്കുന്നു. രാഷ്ട്രീയക്കാർ അവിടെ വെറും തടവുകാരാണെന്നും ഗുരുമൂർത്തി പറഞ്ഞു.
ഇന്ത്യ-പാക് സംഘർഷ ചരിത്രത്തിലെ ഏറ്റവും ക്രൂരമായ ആക്രമണമാണ് പഹൽഗാമിൽ നടന്നതെന്ന് ഗുരുമൂർത്തി പറഞ്ഞു. മതം ചോദിച്ചാണ് കൊലപ്പെടുത്തിയത്. ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ചുള്ള ഗുരുമൂർത്തിയുടെ ശ്രദ്ധേയമായ ലേഖനങ്ങൾ വായിച്ചതിനു ശേഷമാണ് ഗുരുമൂർത്തിയെ രാജ്ഭവനിലേക്ക് വിഷയ അവതരണത്തിനായി ക്ഷണിച്ചതെന്ന് ഗവർണർ രാജേന്ദ്ര അർലേകർ പറഞ്ഞു. പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട കൊച്ചി സ്വദേശിയായ രാമചന്ദ്രന്റെ കുടുംബാംഗങ്ങളെ ചടങ്ങിൽ ഗവർണർ ആദരിച്ചു.



