ബാവയെ മോശക്കാരനായി ചിത്രീകരിക്കാൻ ശ്രമം നടന്നുവെന്നും ഇതിന് പിന്നിലുള്ളവര്‍ക്കെതിരെ നടപടി വേണമെന്നുമാണ് കത്തില്‍ ഉന്നയിച്ചിരിക്കുന്ന ആവശ്യം
കൊച്ചി: യാക്കോബായ സഭയില്‍ തര്‍ക്കം മുറുകുന്നു. സഭാ ട്രസ്റ്റിക്കും വൈദിക ട്രസ്റ്റിക്കുമെതിരെ നടപടി ആവശ്യപ്പെട്ട് കത്തോലിക്ക ബാവ അനുകൂലികൾ പാത്രിയര്‍ക്കീസ് ബാവയ്ക്ക് കത്തയച്ചു. കാതോലിക്ക ബാവയെ അപകീർത്തിപ്പെടുത്താൻ ശ്രമം നടന്നെന്നും പരാതിയില്‍ പറയുന്നു. ബാവയെ മോശക്കാരനായി ചിത്രീകരിക്കാൻ ശ്രമം നടന്നു. ഇതിന് പിന്നിലുള്ളവര്‍ക്കെതിരെ നടപടി വേണമെന്നുമാണ് കത്തില്‍ ഉന്നയിച്ചിരിക്കുന്ന ആവശ്യം. രണ്ട് മെത്രാപോലിത്തമാരും സഭാ സെക്രട്ടറിയും അടക്കമുള്ള ബാവ അനുകൂലികളാണ് കത്തയച്ചത്.
ഏതാനം മാസങ്ങൾക്ക് മുൻപാണ് യാക്കോബായ സഭയിൽ പുതിയ ഭരണസമിതി ചുമതലയേറ്റത്. ഈ സമിതിയും സഭാധ്യക്ഷനായിരുന്ന കത്തോലിക്കാ ബാവയും തമ്മിൽ അത്ര നല്ല ബന്ധമല്ലായിരുന്നു. ഇതേതുടര്‍ന്ന് പുതിയ ഭരണസമിതി തനിക്കെതിരെ ഗൂഡാലോചന നടത്തുന്നുവെന്നാരേപിച്ചാണ് കത്തോലിക്കാ ബാവ സ്ഥാനത്യാഗം ചെയ്തത്.
വിമര്‍ശനങ്ങളെ തുടര്‍ന്ന് മെത്രാപൊലീത്തൻ ട്രസ്റ്റി സ്ഥാനവും കത്തോലിക്കാ ബാവ ഒഴിഞ്ഞിരുന്നു. മെത്രാപൊലീത്തൻ ട്രസ്റ്റി സ്ഥാനം ഒഴിയാനുള്ള സഭാധ്യക്ഷന്‍റെ ആവശ്യം പാത്രീയാർക്കീസ് ബാവ അംഗീകരിക്കുകയായിരുന്നു. വൈദിക ട്രസ്റ്റി ഫാദർ സ്ലീബാ വട്ടവെയിലിലുമായും അൽമായ ട്രസ്റ്റിയുമായും കത്തോലിക്കാ ബാവ സ്വരചേർച്ചയിലായിരുന്നില്ല.
പാത്രിയാര്‍ക്കീസ് ബാവയ്ക്ക് കാത്തോലിക്കാ ബാവ അയച്ച കത്തില്‍, സഭയിൽ തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുണ്ടെന്ന് പരാതിപ്പെട്ടിരുന്നു. ഗൂഢാലോചനയ്ക്ക് പിന്നിൽ പുതിയ ഭരണ സമിതിയാണെന്നും താൻ ഇതേ ചൊല്ലി കടുത്ത മനോവിഷമത്തിലാണെന്നും ബാവ കത്തിൽ വ്യക്തമാക്കിയിരുന്നു. അടുത്ത സിനഡ് പുതിയ ട്രസ്റ്റിയെ തീരുമാനിക്കും.
