മലപ്പുറത്തെ അഭ്യാസം ഇവിടെ വേണ്ടെന്ന് യുവാവിനോട് എസ്ഐ പറയുന്നത് പുറത്തുവന്ന ദൃശ്യങ്ങളില്‍ കേള്‍ക്കാം.

കൽപറ്റ: മൊബൈല്‍ ഫോണില്‍ സംസാരിച്ചുവെന്ന് ആരോപിച്ച് യുവാവിനെ ബലം പ്രയോഗിച്ച് കസ്റ്റഡിയില്‍ എടുത്ത സംഭവത്തില്‍ ട്രാഫിക് എസ്ഐക്ക് സ്ഥലം മാറ്റം. കല്‍പ്പറ്റ ട്രാഫിക് എസ്ഐ വി പി ആന്‍റണിയെയാണ് സ്ഥലം മാറ്റിയത്. ഫൈൻ അടക്കുന്നതിനെ ചൊല്ലി ഉണ്ടായ തർക്കത്തിനൊടുവിലാണ് മലപ്പുറം സ്വദേശിയായ യുവാവിനെ കല്‍പ്പറ്റയില്‍ പൊലീസ് കസറ്റഡിയിലെടുത്തത്. മലപ്പുറത്തെ അഭ്യാസം ഇവിടെ വേണ്ടെന്ന് യുവാവിനോട് ട്രാഫിക് എസ്ഐ പറയുന്ന വീഡിയോയും പുറത്ത് വന്നു.

വാഹനം ഓടിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചുവെന്ന് ആരോപിച്ചായിരുന്നു കല്‍പ്പറ്റ ട്രാഫിക് പൊലീസിന്‍റെ നടപടി. എന്നാല്‍ താൻ ബ്ലൂടൂത്ത് വഴിയാണ് സംസാരിച്ചതെന്നായിരുന്നു യുവാവിന്‍റെ വാദം. പിഴയടക്കണമെന്ന് പറഞ്ഞ് പൊലീസും യുവാവും തമ്മില്‍ തർക്കമായി. ഈ തർക്കത്തിനൊടുവിലാണ് മലപ്പുറം സ്വദേശിയായ ഷംനൂനെ ട്രാഫിക്ക് എസ്ഐ ബലംപ്രയോഗിച്ച് കസറ്റിഡിയിലെടുത്തത്. ഇയാളുടെ ഇന്നോവ കാറും പിടിച്ചെടുത്തു.

മലപ്പുറത്തെ അഭ്യാസം ഇവിടെ വേണ്ടെന്ന് യുവാവിനോട് എസ് ഐ പറയുന്നതും പുറത്തുവന്ന ദൃശ്യങ്ങളില്‍ കേള്‍ക്കാം. എന്നാല്‍ നടപടികളോട് സഹകരിക്കാത്തതാണ് യുവാവിനെ കസ്റ്റഡിയിലെടുത്തതിന് കാരണമെന്ന് ട്രാഫിക് ‌എസ്ഐ വിപി ആന്‍റണി പറഞ്ഞത്. കസറ്റഡിയിലെടുത്ത യുവാവിന്‍റെ അറസ്റ്റ് പിന്നീട് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടയച്ചു. യുവാവിനെ കസ്റ്റഡിയിലെടുത്ത് പോകവെ പൊലീസ് വാഹനം ഒരു ഓട്ടോറിക്ഷയില്‍ തട്ടിയതും തർക്കത്തിന് കാരണമായി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം