Asianet News MalayalamAsianet News Malayalam

കൊച്ചി നഗരത്തിലെ വെള്ളക്കെട്ട്; ശാശ്വത പരിഹാരത്തിനായി ഡ്രെയിനേജ് മാപ്പ് ഒരുങ്ങുന്നു

തയ്യാറാക്കുക കൊച്ചി നഗരത്തിലെ കനാലുകളും ഓടകളും അടക്കം വെള്ളമൊഴുകുന്ന എല്ലാ മാർഗ്ഗങ്ങളും ഉൾപ്പെട്ട വിശദമായ ഡ്രെയിനേജ് മാപ്പ്. വെള്ളക്കെട്ടിനിടയാക്കിയ സാഹചര്യം വിലയിരുത്താൻ വിദഗ്ധ സമിതി.

district administration to create drainage map in kochi
Author
Kochi, First Published Oct 28, 2019, 6:34 PM IST

കൊച്ചി: നഗരത്തിലെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരമുണ്ടാക്കാൻ ഡ്രയിനേജ് മാപ്പ് തയ്യാറാക്കാൻ ഒരുങ്ങി എറണാകുളം ജില്ലാ ഭരണകൂടം. ഓപ്പറേഷൻ ബ്രേക്ക് ത്രൂ കർമ്മ പരിപാടിയുടെ ഭാഗമായാണ് പദ്ധതി തയ്യാറാക്കുക. ഓപ്പറേഷൻ ബ്രേക്ക് ത്രൂവിന്റെ തുടർനടപടികൾ വേഗത്തിൽ മുന്നോട്ട് കൊണ്ടുപോകുമെന്ന് ജില്ലാ കളക്ടർ എസ് സുഹാസ് അറിയിച്ചു.

വെല്ലുവിളി ആയി ഓടകളിലെ മാലിന്യം

ചെലവന്നൂർ, ഇടപ്പള്ളി, പേരണ്ടൂർ, തേവര കനാലുകളെല്ലാം ഒരു കാലത്ത് കൊച്ചിയിലെ പ്രധാന ജലഗതാഗത മാർഗ്ഗങ്ങളായിരുന്നു. കാലക്രമേണ മാലിന്യം അടിഞ്ഞ് ഈ കനാലുകളിൽ എല്ലാം ഒഴുക്ക് തടസ്സപ്പെട്ടു. നഗരത്തിലെ ഓടകളിൽ കൂടി മാലിന്യം അടിഞ്ഞതോടെ വെള്ളമൊഴുകാനുള്ള മാർഗ്ഗമില്ലാതായി. ചെറിയ മഴ പെയ്താൽ പോലും വെള്ളക്കെട്ടാകുന്ന കൊച്ചിയുടെ ഈ അവസ്ഥ പരിഹരിക്കാനാണ് ജില്ലാഭരണകൂടം സമഗ്രപദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.

കനാലുകളും ഓടകളും അടക്കം വിശദമായ ‍ഡ്രെയിനേജ് 

കൊച്ചി നഗരത്തിലെ കനാലുകളും ഓടകളും അടക്കം വെള്ളമൊഴുകുന്ന എല്ലാ മാർഗ്ഗങ്ങളും ഉൾപ്പെട്ട വിശദമായ ഡ്രെയിനേജ് മാപ്പാണ് തയ്യാറാക്കുക. തിരുവനന്തപുരം നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കാന്‍ ആവിഷ്കരിച്ച് നടപ്പാക്കിയ ഓപ്പറേഷന്‍ അനന്തയുടെ മാതൃകയിലാണ് കൊച്ചിയിലും സമഗ്ര പദ്ധതി ആവിഷ്കരിക്കുക.

സാഹചര്യം വിലയിരുത്താൻ വിദഗ്ധ സമിതി

വെള്ളക്കെട്ടിനിടയാക്കിയ സാഹചര്യം വിലയിരുത്തുന്നതിന് വിദഗ്ധരടങ്ങുന്ന സാങ്കേതികസമിതി രൂപീകരിക്കും. ഇതിന് തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജിന്‍റെ സഹകരണവും തേടും. മൂന്നു മാസത്തിനകം കൊച്ചി നഗരത്തിന്റെ ഡ്രയിനേജ് സംവിധാനം  മെച്ചപ്പെടുത്തുകയാണ് ലക്ഷ്യമെന്നും കളക്ടര്‍ വ്യക്തമാക്കി. ഓപ്പറേഷൻ ബ്രേക്ക് ത്രൂ കർമ്മപരിപാടി മുന്നോട്ട് കൊണ്ടുപോകാൻ വിവിധ വകുപ്പുകളുടെ യോഗവും ചേർന്നു.

Read More: വെള്ളക്കെട്ട്: ഓപ്പറേഷന്‍ അനന്ത മോഡല്‍ പദ്ധതി കൊച്ചിയിലും, 150 ദിവസത്തിനുള്ളില്‍ നടപ്പാക്കുമെന്ന് മേയർ സൗമിനി ജെയ്ൻ

തീരുമാനം മുഖ്യമന്ത്രി വിളിച്ച ഉന്നത തലയോഗത്തിൽ

കൊച്ചി നഗരത്തിലെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കണ്ടെത്തുന്നതിന് ദൗത്യസംഘം രൂപീകരിക്കണമെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം നിര്‍ദ്ദേശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി തിരുവനന്തപുരത്ത് വിളിച്ചു ചേർത്ത യോഗത്തിലാണ് തിരുവനന്തപുരത്ത് നടപ്പാക്കിയ ഓപ്പറേഷന്‍ അനന്ത മാതൃകയിലുള്ള പദ്ധതി കൊച്ചിയില്‍  നടപ്പാക്കാൻ തീരുമാനമായത്.

Read More: കൊച്ചിയിലെ വെള്ളക്കെട്ടിന് പരിഹാരം; പുതിയ പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി

പ്രശ്ന പരിഹാരത്തിന്  കോര്‍പ്പറേഷന് പരിമിതകളുണ്ടെന്നും, വിവിധ ഏജന്‍സികളെ  ഏകോപിപ്പിച്ചുള്ള പ്രവര്‍ത്തനം വേണമെന്നും ആയിരുന്നു യോഗത്തിലെ വിലയിരുത്തൽ. കനാലുകള്‍ വൃത്തിക്കുക, ഓടകളുടെ അസാസ്ത്രീയത പരിഹരിക്കുക എന്നിവയുള്‍പ്പെടെ വിവിധ കർമ്മപരിപാടികളാണ് ഓപ്പറേഷൻ ബ്രേക്ക് ത്രൂവിന്റെ ഭാഗമായി നടപ്പാക്കുക.

Follow Us:
Download App:
  • android
  • ios