കൊച്ചി: എറണാകുളം ഭൂതത്താന്‍കെട്ടില്‍ വനഭൂമികളെ ബന്ധിപ്പിച്ച് അനധികൃതമായി നിര്‍മ്മിച്ച ബണ്ട് പൊളിക്കുന്നതിനുള്ള നടപടികള്‍ പുനരാരംഭിച്ചു. ജില്ലാ കളക്ടര്‍ എസ് സുഹാസിന്‍റെ നിര്‍ദ്ദേശത്തെത്തുടര്‍ന്നാണ് നടപടികള്‍ പുനരാരംഭിച്ചത്. സമീപവാസികളുടെ പ്രതിഷേധത്തെത്തുടര്‍ന്ന് ബണ്ട് പൊളിക്കല്‍ തത്കാലത്തേക്ക് നിര്‍ത്തിവച്ചിരുന്നു. പ്രതിഷേധത്തെത്തുടര്‍ന്ന്, ബണ്ട് പൊളിക്കുന്നത് നിര്‍ത്തിവെക്കാന്‍  ജലസേചന വകുപ്പ് ചീഫ് എൻജിനീയര്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. 

താമസസ്ഥലത്തേക്ക് വഴി ഇല്ലാതാകുമെന്ന് പറഞ്ഞായിരുന്നു സമീപവാസികള്‍ ബണ്ട് പൊളിക്കല്‍ നടപടികള്‍ തടഞ്ഞത്. പഞ്ചായത്തംഗങ്ങള്‍ ഉള്‍പ്പടെയുള്ള പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തു. തുടര്‍ന്ന് എംഎല്‍എ വിഷയത്തില്‍ ഇടപെടുകയായിരുന്നു. പിന്നാലെ. കൂടുതൽ ചർച്ച നടത്തിയ ശേഷം നടപടി എടുത്താൽ മതി എന്ന് അധികൃതര്‍ നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു. 

Read Also: ഭൂതത്താന്‍കെട്ടിലെ അനധികൃത ബണ്ട് തല്‍ക്കാലം പൊളിക്കില്ല; തീരുമാനം സമീപവാസികളുടെ പ്രതിഷേധത്തെത്തുടര്‍ന്ന്

ഭൂതത്താന്‍കെട്ടില്‍ പെരിയാര്‍വാലി കനാലിന് കുറുകെ വനഭൂമികളെ ബന്ധിപ്പിച്ച് നിയമവിരുദ്ധമായി ബണ്ട് നിര്‍മ്മിച്ച സംഭവം കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് ന്യൂസാണ് പുറത്തുകൊണ്ടുവന്നത്. വാര്‍ത്ത പുറത്തുവന്നതോടെ ജില്ലാ കളക്ടര്‍ അന്വേഷണം പ്രഖ്യാപിക്കുകയും ബണ്ട് പൊളിച്ചുനീക്കാന്‍ നിര്‍ദ്ദേശിക്കുകയുമായിരുന്നു. 

പെരിയാർ വാലി കനാലിനു കുറുകെ ബണ്ട് പണിതതാര്? ആർക്കാണ് അതുകൊണ്ട് പ്രയോജനം?

ദിവസങ്ങൾക്കുമുമ്പാണ് വനഭൂമിയുടെ ഇരുകരകളെയും ബന്ധിപ്പിച്ച് സ്വകാര്യ ലോബി ബണ്ടിന്‍റെ നിർമാണം തുടങ്ങിയത്. നേരത്തെ ഒരാൾക്കു നടക്കാവുന്ന വീതിയിൽ വരമ്പിന് സമാനമായ ബണ്ടുണ്ടായിരുന്നു. വനഭൂമിക്കുളളിലെ പട്ടയഭൂമിയിലേക്ക് പോകാൻ സ്വകാര്യവ്യക്തികൾ ആശ്രയിച്ചിരുന്നത് ഈ വരമ്പിനെയാണ് . ഇതിന് ബദലായിട്ടാണ് ഒരു ലോറി പോകാൻ പാകത്തിൽ പെരിയാർ വാലി കനാലിനു കുറുകെ ബണ്ട് പണിതത്.  സർക്കാരിന്‍റെ ശമ്പളം മാസാമാസം കൈനീട്ടി വാങ്ങുന്ന ഉദ്യോഗസ്ഥർ ഇതൊന്നും കണ്ടില്ലെങ്കിലും പെരിയാർ വാലി കനാലിലെ പുറമ്പോക്കിൽ താമസിക്കുന്നവര്‍ കണ്ടതാണ്. 

വനത്തിനുളളിൽ ഏക്കറുകണക്കിന് ഭൂമിയുളള കോതമംഗലത്തെ ഒരു വൈദികനും റിസോർട്ടുടമയും അടക്കമുളളവരെത്തിയാണ് ബണ്ട് പണിയിച്ചതെന്നാണ് വനം വകുപ്പു ഉദ്യോഗസ്ഥരും പെരിയാർ വാലി കനാൽ ഉദ്യോഗസ്ഥരും എല്ലാത്തിനുമൊടുവിൽ ഇപ്പോൾ  സമ്മതിക്കുന്നത്. ബണ്ട് അവസാനിക്കുന്ന ഭാഗത്താണ് വനഭൂമിയിലൂടെയുളള വർഷങ്ങളായുളള കൈവഴി. ഇതിലൂടെ ഒരുകിലേ മീറ്ററിലധികം പോയാൽ പട്ടയഭൂമിയിലെത്താം. കുറച്ചുകൂടി മുന്നോട്ടു നീങ്ങിയാൽ റിസോർട്ടുകളും ഹോം സ്റ്റേകളും. വനത്തിനുളളിൽ ഭൂതത്താൻ കെട്ട് ഡാമിനടുത്ത്  റിസോർട്ട് പണിയാൻ ടൂറിസം ലോബികൾ കൂട്ടമായി എത്തിയതോടെയാണ് വനത്തിലൂടെ റോഡ് നി‍ർമിക്കാൻ ശ്രമം തുടങ്ങിയത്.