26 കിലോ പണയ സ്വർണം കവർന്ന സംഭവം; അന്വേഷണം ഏറ്റെടുത്ത് ജില്ലാ ക്രൈംബ്രാഞ്ച്, മധ ജയകുമാറിനായി തെരച്ചില്‍
മുങ്ങിയ മുൻ ബ്രാഞ്ച് മാനേജർ മധ ജയകുമാറിനെ കണ്ടെത്തുകയാണ് അന്വേഷണ സംഘത്തിന്‍റെ ആദ്യ ലക്ഷ്യം.
കോഴിക്കോട്: ബാങ്ക് ഓഫ് മഹാരാഷ്ട്ര വടകര ബ്രാഞ്ചിലെ 26 കിലോ പണയ സ്വർണം കവർന്ന സംഭവത്തിൽ അന്വേഷണം ഏറ്റെടുത്ത് ജില്ലാ ക്രൈം ബ്രാഞ്ച്. മുങ്ങിയ മുൻ ബ്രാഞ്ച് മാനേജർ മധ ജയകുമാറിനെ കണ്ടെത്തുകയാണ് അന്വേഷണ സംഘത്തിന്‍റെ ആദ്യ ലക്ഷ്യം. വീഡിയോ സന്ദേശം ഇന്നലെ പുറത്ത് വന്ന സാഹചര്യത്തിൽ ഇയാളെ കണ്ടെത്താൻ പ്രയാസം ഉണ്ടാകില്ലെന്നാണ് പ്രതീക്ഷ. ഇയാളുടെ നാടായ തമിഴ്നാട് മേട്ടുപാളയം കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. തട്ടിപ്പിന് പിന്നിലുള്ള ആളെന്ന് ജയകുമാർ ആരോപിക്കുന്ന ബാങ്ക് സോണൽ മാനേജരെ
ഉടൻ ചോദ്യം ചെയ്യാനാണ് പോലീസ് നീക്കം. വ്യാജ ലോണുകൾ ആയത് കൊണ്ട് തന്നെ ആരും ഇതുവരെ പരാതിയും നൽകിയിട്ടില്ല.
ബാങ്ക് മുൻ മാനേജരുടെ വെളിപ്പെടുത്തലോടെ കാർഷിക സ്വർണ്ണ പണയ വായ്പ ഉപയോഗിച്ച് നടക്കുന്ന വൻ തട്ടിപ്പിലേക്കാണ് അന്വേഷണം നീളുന്നത്. ബാങ്ക് മുൻ മാനേജർ മധ ജയകുമാറിന്റെ വിഡിയോയിൽ പറയുന്ന സ്വകാര്യ ധനകാര്യസ്ഥാപനത്തെ കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്. ഇതിലെ ജീവനക്കാരെയും ഉടമസ്ഥരെയും അന്വേഷണ സംഘം നേരിട്ട് കാണും. തട്ടിപ്പ് സംബന്ധിച്ച് പ്രതികരിക്കാൻ ബാങ്ക് അധികൃതർ ഇതുവരേയും തയ്യാറായിട്ടില്ല. അന്വേഷണം തുടരുന്നതോടെ സമാനമായ രീതിയിൽ മറ്റു ബാങ്കുകളിൽ നടന്ന കർഷക വായ്പ തട്ടിപ്പ് വിവരങ്ങളും പുറത്ത് വരുമെന്നാണ് പ്രതീക്ഷ.