Asianet News MalayalamAsianet News Malayalam

ദുരിതാശ്വാസ ഫണ്ട് വകമാറ്റൽ; ഹര്‍ജി തള്ളി, മുഖ്യമന്ത്രിക്ക് ആശ്വാസം, പണം നല്‍കാന്‍ അധികാരമുണ്ടെന്ന് ലോകായുക്ത

പണം നല്‍കാന്‍ മുഖ്യമന്ത്രിക്ക് അധികാരമുണ്ടെന്നും മുഖ്യമന്ത്രിയും മന്ത്രിമാരും ക്രമക്കേട് നടത്തിയിട്ടില്ലെന്നും ഹര്‍ജി തള്ളികൊണ്ടുള്ള വിധിയില്‍ ലോകായുക്ത വ്യക്തമാക്കി.

diversion of chief ministers relief funds; The Lokayukta rejected the petition
Author
First Published Nov 13, 2023, 3:25 PM IST

തിരുവനന്തപുരം:മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് വകമാറ്റിയെന്ന ഹർജി ലോകായുക്ത തള്ളി. ഉപലോകായുക്തമാര്‍ വിധി പറയരുതെന്ന ആദ്യത്തെ ഹര്‍ജിയും തള്ളിയതിന് പിന്നാലെയാണ് പ്രധാന ഹര്‍ജിയും തള്ളികൊണ്ട് ലോകായുക്ത ഫുള്‍ ബെഞ്ച് കേസില്‍ അന്തിമ വിധി പ്രസ്താവിച്ചത്. വിധി പറയുന്നതിൽ നിന്നും ഉപലോകായുക്തമാരായ ജസ്റ്റിസ് ഹാറൂൺ അൽ റഷീദിനെയും, ജസ്റ്റിസ് ബാബു മാത്യു പി ജോസഫിനെയും ഒഴിവാക്കണമെന്ന പരാതിക്കാരൻ ആർഎസ് ശശികുമാറിന്‍റെ ഹർജിയാണ് ആദ്യം തള്ളിയത്.ഇതിനുശേഷമാണ് ചട്ടം ലംഘിച്ച് ദുരിതാശ്വാസ ഫണ്ട് വകമാറ്റിയതിൽ മുഖ്യമന്ത്രിക്കും ഒന്നാം പിണറായി സർക്കാറിലെ 18 മന്ത്രിമാർക്കുമെതിരെയായ പ്രധാന ഹർജിയും ലോകായുക്ത തള്ളിയത്.

'ലോകായുക്ത മുട്ടിലിഴയുന്നു', ഹൈക്കോടതിയെ സമീപിക്കുമെന്ന് ഹര്‍ജിക്കാരന്‍

മാർച്ച് 31 ന് ലോകായുക്ത ഡിവിഷൻ ബെഞ്ച് ഭിന്ന വിധി പറഞ്ഞതോടെയാണ് കേസ് ഫുൾ ബെഞ്ചിന് വിട്ടത്. 2018 ൽ നൽകിയ ഹർജിയിലാണ് ഫുൾബെഞ്ചിന്‍റെ വിധി വന്നിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന് ആശ്വാസമാകുന്ന വിധിയാണ് ലോകായുക്ത പുറപ്പെടുവിപ്പിച്ചത്. പണം നല്‍കാന്‍ മുഖ്യമന്ത്രിക്ക് അധികാരമുണ്ടെന്നും മുഖ്യമന്ത്രിയും മന്ത്രിമാരും ക്രമക്കേട് നടത്തിയിട്ടില്ലെന്നും ഹര്‍ജി തള്ളികൊണ്ടുള്ള വിധിയില്‍ ലോകായുക്ത വ്യക്തമാക്കി. പണം നല്‍കാന്‍ മുഖ്യമന്ത്രിക്ക് അധികാരമുണ്ടെന്നും ലോകായുക്ത വ്യക്തമാക്കി. വർഷങ്ങൾ നീണ്ട നിയമപോരട്ടവും വലിയ രാഷ്ട്രീയ ആരോപണ പ്രത്യാരോപണങ്ങളും പിന്നിട്ടാണ് ഈ കേസിൽ ലോകയുക്ത അന്തിമ വിധിയിലേക്ക് എത്തിയിരിക്കുന്നത്. 

'ദുരിതാശ്വാസ ഫണ്ട് അനുവദിച്ച നടപടിക്രമങ്ങളില്‍ വീഴ്ച, എന്നാല്‍, അഴിമതിക്ക് തെളിവില്ല': ലോകായുക്ത

കേസിന്‍റെ നാള്‍ വഴി


27. 07. 2017 നാണ് അന്തരിച്ച എൻസിപി നേതാവ് ഉഴവൂർ വിജയൻറെ കുടുംബത്തിന് 25 ലക്ഷം രൂപ സഹായം നൽകാൻ കാബിനറ്റ് തീരുമാനിച്ചത്. മൂന്ന് മാസം കഴി‌ഞ്ഞ് 2017 ഒക്ടോബർ നാലിനാണ് രണ്ടാമത്തെ ആരോപണത്തിന് ആധാരമായ ക്യാബിനറ്റ് തീരുമാനം എത്തിയത്. കോടിയേരി ബാലകൃഷ്ണന് അകമ്പടി പോയ വാഹനത്തിലെ പോലീസുകാരൻ പ്രവീണിന് അപകടം പറ്റിയ സംഭവത്തിൽ നിയമാനുസൃതം ലഭിക്കേണ്ട ആനുകൂല്യങ്ങൾക്ക് പുറമേ 20 ലക്ഷം രൂപ കൊടുക്കാൻ ക്യാബിനറ്റ് തീരുമാനമെടുത്തു. 2018 ജനുവരി 24നാണ് മൂന്നാമത്തെ ക്യാബിനറ്റ് തരുമാനം. മുൻ എംഎൽഎ കെ കെ രാമചന്ദ്രൻ നായരുടെ കുടുംബത്തിന് 8,66,000/- രൂപയുടെ സഹായവും മകന് ജോലിയും നൽകാനായിരുന്നു ക്യാബിനറ്റ് തീരുമാനം. ഈ മൂന്ന് തീരുമാനങ്ങൾ ചോദ്യം ചെയ്ത് വിവരാവകാശ പ്രവർത്തകൻ ആഎസ് ശശികുമാർ ലോകായുക്തയെ സമീപിച്ചു.

2019 ജനുവരി 14 വിശദമായ വാദപ്രതിവാദങ്ങൾക്ക് ശേഷം പരാതിയിൽ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്നും വിശദമായ പരിശോധന ആവശ്യമാണെന്നും ജസ്റ്റിസ് പയസ് സി കുര്യാക്കോസ് അദ്ധ്യക്ഷനായ ലോകായുക്തയുടെ ഫുൾ ബഞ്ചിന്റെ വിധിന്യായം പുറപ്പെടുവിച്ചു. 2022 ജനുവരിയിൽ ലോകായുക്തയിൽ കേസിന്റെ വിശദമായ വാദം ആരംഭിച്ചു. 2022 മാർച്ചിൽ വാദം പൂർത്തിയായി വിധിപറയാനായി മാറ്റി വച്ചു. എന്നാൽ ഉത്തരവ് അനന്തമായി നീണ്ടു. ഒരുകൊല്ലമായിട്ടും വിധിപറയുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഹർജിക്കാരൻ ഹൈക്കോടതിയിലെത്തി. കോടതി ഇടപെട്ടു. വേനൽക്കാല അവധി ആരംഭിക്കുന്നതിനു മുമ്പ് വിധി പ്രഖ്യാപിക്കണം എന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയുടെ നിർദ്ദേശാനുസരണം വീണ്ടും പരാതിക്കാരൻ ലോകായുക്തക്ക് മുന്നിലെത്തി. ഇക്കഴിഞ്ഞ മാര്‍ച്ച് 31ലെ  ഭിന്നവിധിക്ക് പിന്നാലെ, ഹർജി മൂന്ന് അംഗ ബെഞ്ചിന് വിട്ടുകൊണ്ട് വീണ്ടും ഉത്തരവായി. 2023 ആഗസ്ത് എട്ടിന് മൂന്ന് അംഗ ബെഞ്ച് വാദം പൂർത്തിയാക്കി ഹർജി വിധി പറയാൻ മാറ്റുകയായിരുന്നു.

 

Follow Us:
Download App:
  • android
  • ios