ദേശീയപാതയിൽ ഡിവൈഡർ പറന്നുവന്ന് കാറിൽ വീണതിനെ തുടർന്ന് കാറിന്റെ പിന്നിൽ മറ്റൊരു വാഹനം ഇടിച്ചുണ്ടായ അപകടത്തിൽ സ്കേറ്റിംഗ് ദേശീയ താരം ഉൾപ്പെടെ രണ്ടുപേർക്ക് പരിക്ക്. എറണാകുളം മഹാരാജാസ് കോളേജ് മലയാളം വിഭാഗം മേധാവി ഓടിച്ച വാഹനത്തിനു മുമ്പിലാണ് ഡിവൈഡർ കാറ്റത്ത് പറന്നു വീണത്.

പാലക്കാട്: ദേശീയപാതയിൽ ഡിവൈഡർ പറന്നുവന്ന് കാറിൽ വീണതിനെ തുടർന്ന് കാറിന്റെ പിന്നിൽ മറ്റൊരു വാഹനം ഇടിച്ചുണ്ടായ അപകടത്തിൽ സ്കേറ്റിംഗ് ദേശീയ താരം ഉൾപ്പെടെ രണ്ടുപേർക്ക് പരിക്ക്. എറണാകുളം മഹാരാജാസ് കോളേജ് മലയാളം വിഭാഗം മേധാവി ഓടിച്ച വാഹനത്തിനു മുമ്പിലാണ് ഡിവൈഡർ കാറ്റത്ത് പറന്നു വീണത്. ഈ സമയത്ത് കാറിൽ ഇവരോടൊപ്പം മകളും, മറ്റൊരു വിദ്യാർത്ഥിയും, സ്കേറ്റിംഗ് ദേശീയ താരവും അവരുടെ അമ്മയുമാണ് ഉണ്ടായിരുന്നത്. ദേശീയപാതയിൽ പാലക്കാട് വടക്കഞ്ചേരി മേൽപ്പാലത്താണ് അപകടം ഉണ്ടായത്. ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടമുണ്ടായത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മേൽപ്പാലത്ത് കുത്തിപ്പൊളിച്ച് പണികൾ നടക്കുന്നതിനാൽ കഴിഞ്ഞ ഒരു മാസത്തിൽ അധികമായി പാലക്കാട് ദിശയിലേക്കുള്ള ഭാഗം അടച്ചുകൊണ്ട് തൃശൂർ ദിശയിലേക്കുള്ള ഭാഗത്ത് നിയന്ത്രണം ഏർപ്പെടുത്തിയായിരുന്നു ഗതാഗത സംവിധാനം ഒരുക്കിയിരുന്നത്. ഇതിലൂടെ ഇവർ സഞ്ചരിച്ച കാർ തൃശ്ശൂർ ജില്ലയിലേക്ക് പോകുന്നതിനിടെ മേൽപ്പാലത്ത് ഉണ്ടായ ചെറിയ കാറ്റിൽ ഡിവൈ‍ഡർ പറന്നു വന്ന് ഇവരുടെ കാറിന് മുകളിലേക്ക് വീഴുകയായിരുന്നു. ഈ സമയത്ത് കാർ പെട്ടെന്ന് ബ്രേക്ക് ഇട്ടതിനെത്തുടർന്ന് പിന്നിൽ വന്നിരുന്ന തമിഴ്നാട് രജിസ്ട്രേഷനുള്ള വാഹനം ഇവർ സഞ്ചരിച്ച കാറിന് പിൻവശത്ത് ഇടിക്കുകയായിരുന്നു. ഗതാഗത നിയന്ത്രണം ഏർപ്പെടുത്താനായി വെച്ചിരിക്കുന്ന ഡിവൈഡറുകൾ വെറും പ്ലാസ്റ്റിക് നിർമ്മിതമായതാണ് അപകടത്തിന് കാരണമെന്നാണ് നാട്ടുകാർ പറയുന്നത്. അതുകൊണ്ടുതന്നെ ചെറിയ ഒരു കാറ്റ് വന്നാൽ പോലും ഇവ ഇളകി തെറിച്ചു പോകുന്നത് പതിവാണ്.