സൗദി അറേബ്യയിൽ ദേശീയ എണ്ണക്കമ്പനിയായ സൗദി അരാംകോയുടെ ഉടമസ്ഥതയിലുള്ള ഹെലികോപ്ട‍ർ തകർന്നുവീണ് വൻ അപകടം. ഹെലികോപ്ടറിൽ ഉണ്ടായിരുന്ന 14 പേരും കൊല്ലപ്പെട്ടു. മരിച്ചവരെല്ലാം സൗദി പൗരന്മാരാണെന്ന് സൗദി ഊ‍ർജ മന്ത്രാലയം അറിയിച്ചു.

റിയാദ്: സൗദി അറേബ്യയിൽ ദേശീയ എണ്ണ കമ്പനിയായ സൗദി അരാംകോയുടെ ഉടമസ്ഥതയിലുള്ള ഹെലികോപ്റ്റർ തകർന്നുവീണ് 14 മരണം. മുഴുവൻ യാത്രക്കാരും മരിച്ചതായി ഊർജ്ജ മന്ത്രാലയം ഔദ്യോഗിക വക്താവ് അറിയിച്ചു. ഇന്ന് (ഞായറാഴ്ച) രാവിലെ ആറോടെ റാസ് തനൂറയിലാണ് അപകടമുണ്ടായത്. അപകടത്തിൽ മരിച്ച 14 പേരും സൗദി പൗരന്മാരാണെന്ന് മന്ത്രാലയം സ്ഥിരീകരിച്ചു.

ഹെലികോപ്റ്റർ തകരാനുണ്ടായ യഥാർത്ഥ കാരണങ്ങൾ കണ്ടെത്താനായി ബന്ധപ്പെട്ട മറ്റ് ഔദ്യോഗിക ഏജൻസികളുമായി ചേർന്ന് ഊർജ്ജ മന്ത്രാലയം വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങളെ ഊർജ്ജ മന്ത്രാലയം അതീവ ദുഃഖവും അനുശോചനവും അറിയിച്ചു. പരേതരുടെ ആത്മാക്കൾക്ക് നിത്യശാന്തി ലഭിക്കട്ടെയെന്നും അവരെ രക്തസാക്ഷികളായി അല്ലാഹു സ്വീകരിക്കട്ടെയെന്നും മന്ത്രാലയം പ്രാർത്ഥിച്ചു.