ദേശീയതലത്തിലെ വൈദ്യുതി ലഭ്യതക്കുറവും കുറഞ്ഞ കാലവർഷം മൂലം അണക്കെട്ടുകളിൽ ജലമില്ലാത്തതും സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണത്തിന് കാരണമായി എന്ന് കെഎസ്ഇബി. ഉയർന്ന ഉപഭോഗവും എൽ നിനോ പ്രതിഭാസവും പ്രതിസന്ധി രൂക്ഷമാക്കുന്നു. മൺസൂൺ ശക്തിപ്പെട്ടാൽ സ്ഥിതി മെച്ചപ്പെടുമെന്നാണ് പ്രതീക്ഷ.
തിരുവനന്തപുരം: ദേശീയതലത്തിൽ ലഭ്യതയിൽ ഉണ്ടായ ഗണ്യമായ കുറവുകാരണം വൈദ്യുതി വാങ്ങാൻ കഴിയാത്തതും ഗ്രിഡ് ഫ്രീക്വൻസി അസാധാരണമായി താഴ്ന്ന സാഹചര്യവും മൂലം സംസ്ഥാനത്ത് ഇന്നലെ വൈകുന്നേരം ഏഴ് മണിക്ക് ശേഷം വൈദ്യുതി നിയന്ത്രണം അനിവാര്യമായി വന്നുവെന്ന് കെഎസ്ഇബി വിശദീകരണം. രാത്രി ഏഴ് മുതൽ എട്ട് മണി വരെ 514 മെഗാവാട്ടും എട്ട് മുതൽ ഒമ്പത് മണി വരെ 622 മെഗാവാട്ടും, ഒമ്പത് മുതൽ 10 മണി വരെ 580 മെഗാവാട്ടും, 10 മുതൽ 11 മണി വരെ 588 മെഗാവാട്ടും, 11 മുതൽ 12 മണി വരെ 578 മെഗാവാട്ടും, 12 മുതൽ ഒരു മണി വരെ 250 മെഗാവാട്ടും എന്നിങ്ങനെ വൈദ്യുതി ലഭ്യതയിൽ ഉണ്ടായ കുറവ് പരിഹരിക്കുന്നതിനായാണ് നിയന്ത്രണം വേണ്ടിവന്നത്.
ഇന്നലെ ആകെ ഉപഭോഗം 86.92 ദശലക്ഷം യൂണിറ്റും അതിൽ കെഎസ്ഇബിഎല്ലിന്‍റെ ജലവൈദുത നിലയങ്ങളിൽ നിന്നുള്ള ഉത്പാദനം 17.32 ദശലക്ഷം യൂണിറ്റും ആയിരുന്നു. ആഭ്യന്തര ഉത്പാദനം ആകെ ഉപഭോഗത്തിന്റെ 19.9% ആയിരുന്നു. വൈദ്യുതി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നിട്ടും സംസ്ഥാനത്ത് ഇന്നലെ രാത്രി 07.20-ന് 4,635 മെഗാവാട്ട് വൈദ്യുതി ആവശ്യകത രേഖപ്പെടുത്തി. മുൻവർഷങ്ങളിലെ ജൂൺ മാസങ്ങളെ അപേക്ഷിച്ച് ഈ വർഷം ദൈനംദിന വൈദ്യുതി ഉപഭോഗത്തിലും പീക്ക് ആവശ്യകതയിലും ഗണ്യമായ വർധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
കാലവർഷത്തിൽ ഉണ്ടായ ഗണ്യമായ കുറവ് മൂലം നിലവിൽ കെ.എസ്.ഇ.ബി.യുടെ അണക്കെട്ടുകളിൽ സംഭരണശേഷിയുടെ 20.89 ശതമാനം മാത്രം ജലമാണ് ലഭ്യമായിട്ടുള്ളത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ജലസംഭരണികളിൽ 58.58 % വെള്ളം ഉണ്ടായിരുന്നതുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് ഗണ്യമായ കുറവാണ്. ജൂൺ മാസത്തിൽ ഇതുവരെ അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്ക് പ്രതീക്ഷിച്ചതിന്റെ 58% മാത്രമാണ് ലഭിച്ചത്. ജൂൺ മാസത്തിൽ പ്രതീക്ഷിച്ച അളവിൽ മഴ ലഭിക്കാതിരുന്നതാണ് നിലവിലെ ഈ സാഹചര്യം രൂപപ്പെടാൻ പ്രധാന കാരണം.
അതേസമയം, എൽ നിനോ പ്രതിഭാസത്തിന്‍റെ സ്വാധീനത്തെത്തുടർന്ന് രാജ്യത്താകെ അന്തരീക്ഷ താപനില ഉയർന്നതിനാൽ വൈദ്യുതി ആവശ്യകത ഗണ്യമായി വർധിക്കുകയും വൈദ്യുതി ലഭ്യതയിൽ കുറവ് അനുഭവപ്പെടുകയും ചെയ്യുന്നത് നിലവിലെ സാഹചര്യം കൂടുതൽ സങ്കീർണമാക്കിയിട്ടുണ്ട്. അന്തരീക്ഷ താപനില ഉയർന്ന നിലയിൽ തുടരുന്നതിനാൽ ദേശീയതലത്തിൽ വൈദ്യുതി ദൗർലഭ്യം തുടർന്നേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. സംസ്ഥാനത്ത് മൺസൂൺ ശക്തിപ്രാപിക്കുകയും അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്ക് ഗണ്യമായി വർധിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ നിലവിലെ സ്ഥിതിഗതികളിൽ കാര്യമായ പുരോഗതി പ്രതീക്ഷിക്കാനാകുമെന്നും കെഎസ്ഇബി വാർത്താ കുറിപ്പിൽ വ്യക്തമാക്കി.


