വെടിക്കെട്ടിന് അനുമതി നിഷേധിച്ചത് പൊലീസിന്‍റെതുൾപ്പെടെയുള്ള റിപ്പോർട്ടിന്‍റെ  അടിസ്ഥാനത്തിലല്ലേ എന്ന് കോടതി. 

കൊച്ചി : മരട് കൊട്ടാരം ക്ഷേത്ര വെടിക്കെട്ടിന് അനുമതി നിഷേധിച്ച സിംഗിൾ ബെഞ്ച് ഉത്തരവിൽ ഇടപെടാൻ വിസമ്മതിച്ച് ഡിവിഷൻ ബെഞ്ചും. ആചാര കാര്യങ്ങളിൽ തടസ്സം ഉണ്ടാകുന്നെങ്കിൽ അക്കാര്യത്തിൽ വ്യക്തത വരുത്താൻ സിംഗിൾ ബെഞ്ചിനെ സമീപിക്കാൻ ഹർജിക്കാർക്ക് ഹൈക്കോടതി നിർദേശം നൽകി. വെടിക്കെട്ടിന് അനുമതി നിഷേധിച്ചത് പൊലീസിന്‍റെതുൾപ്പെടെയുള്ള റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലല്ലേ എന്ന് കോടതി ചോദിച്ചു.

വെടിക്കെട്ട് നൂറ് വർഷമായുള്ള ആചാരങ്ങളുടെ ഭാഗമാണെന്നായിരുന്നു ക്ഷേത്രം ഭാരവാഹികളുടെ മറുപടി. എന്നാൽ ഇക്കാര്യത്തിൽ മറ്റ് നിരീക്ഷണങ്ങൾക്ക് ഇല്ലെന്ന് വ്യക്തമാക്കിയ കോടതി ആചാരങ്ങൾ സംബന്ധിച്ച് വ്യക്തത വരുത്താൻ സിംഗിൾ ബെഞ്ചിനെ സമീപിക്കാൻ നിർദേശിച്ചു. ചീഫ് ജസ്റ്റിസ് എ ജെ ദേശായി ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് അപ്പീൽ പരിഗണിച്ചത്. ഇന്നും നാളെയും രാത്രി വെടിക്കെട്ട് നടത്താനുള്ള അനുമതി തേടിയാണ് ക്ഷേത്രം ഭാരവാഹികൾ അടിയന്തരമായി ഡിവിഷൻ ബഞ്ചിനെ സമീപിച്ചത്. നേരത്തെ ജില്ലാ കളക്ടറും അനുമതി തള്ളിയിരുന്നു.