പ്രതിപക്ഷത്തിന് തലവേദന, ഭരണപക്ഷത്തിന് പിടിവള്ളി! കോൺഗ്രസിൽ ഭിന്നത രൂക്ഷമാക്കി തരൂരിന്‍റെ പ്രശംസ, ഇനിയെന്ത്?

തരൂരിന്റെ പ്രശംസ പിടിവള്ളിയാക്കി മുഖ്യമന്ത്രി അടക്കമുള്ള സി പി എം നേതാക്കൾ പ്രതിപക്ഷത്തെ കടന്നാക്രമിക്കുന്നതും യു ഡി എഫിലെ തലവേദനയുടെ ആക്കം കൂട്ടുകയാണ്

Division in the state Congress is intensifying over the leadership stance towards Shashi Tharoor who is challenging the party

തിരുവനന്തപുരം: പാർട്ടിയെ വെല്ലുവിളിക്കുന്ന ശശി തരൂരിനോടുള്ള നേതൃത്വത്തിന്‍റെ നിലപാടിൽ സംസ്ഥാന കോൺഗ്രസിൽ ഭിന്നത രൂക്ഷമാകുന്നു. തരൂരിനെ ഒട്ടും വിമർശിക്കാതെ വ്യവസായമന്ത്രിയുടെ അവകാശവാദങ്ങളെ മാത്രം തള്ളിപ്പറഞ്ഞുള്ള കെ പി സി സി അധ്യക്ഷന്റെ പ്രതികരണത്തോടെയാണ് ഭിന്നത രൂക്ഷമായത്. ശക്തമായ ഭാഷയിൽ തരൂരിനെ തള്ളിപ്പറഞ്ഞ പ്രതിപക്ഷ നേതാവ് വി ഡി സതീശനും യു ഡി എഫ് കൺവീന‍ർ എം എം ഹസനുമടക്കം രംഗത്തെത്തിയപ്പോൾ ചില നേതാക്കൾ മൗനത്തിലുമാണ്. വ്യക്തിപരമായി അഭിപ്രായം പറയണമെങ്കിൽ തരൂർ, കോൺഗ്രസ് പ്രവർത്തക സമിതി അംഗത്വം രാജിവെക്കണമെന്നായിരുന്നു ഹസനടക്കമുള്ളവർ പറഞ്ഞത്. മറുവശത്ത് തരൂരിന്റെ പ്രശംസ പിടിവള്ളിയാക്കി മുഖ്യമന്ത്രി അടക്കമുള്ള സി പി എം നേതാക്കൾ പ്രതിപക്ഷത്തെ കടന്നാക്രമിക്കുന്നതും യു ഡി എഫിലെ തലവേദനയുടെ ആക്കം കൂട്ടുകയാണ്.

വിശദ വിവരങ്ങൾ ഇങ്ങനെ

എ ഐ സി സി നിലപാട് തള്ളി മോദി - ട്രംപ് കൂടിക്കാഴ്ചക്ക് പ്രശംസ, പ്രതിപക്ഷ പ്രചാരണം തള്ളി കേരളത്തിൽ വ്യവസായ നയത്തിനും പ്രശംസ. ഹൈക്കമാൻഡിനെയും കെ പി സി സിയെയും ഒരുപോലെ വെട്ടിലാക്കിയിട്ടും ശശി തരൂരിനെതിരായ തുടർനടപടിയിൽ നേതൃത്വത്തിന് അവ്യക്തതയാണ്. പാർട്ടിയെ പരുങ്ങലിലാക്കിയത് പ്രവർത്തക സമിതി അംഗമായതിനാൽ പന്ത് ദില്ലി കോർട്ടിലെന്നാണ് കെ പി സി സി നേതൃത്വത്തിന്‍റെ വാദം. അച്ചടക്കലംഘനത്തിന് വിട്ടുവീഴ്ചയില്ലാതെ സെമികേഡർ പറഞ്ഞ് വാളോങ്ങുന്ന കെ പി സി സി അധ്യക്ഷൻ തരൂരിനോടുള്ള മൃദുസമീപനം. തരൂരിനെ ഒരു വരി കുറ്റപ്പെടുത്താതെയാണ് കെ സുധാകരൻ വിഷയത്തിൽ പ്രതികരിച്ചുകൊണ്ട് ഇന്നലെ വാർത്താകുറിപ്പ് ഇറക്കിയത്. വിമർശനം മുഴുവൻ തരൂർ പുകഴ്ത്തിയ ഇടത് സർക്കാരിന്‍റെ വ്യവസായിക മേഖലയിലെ അവകാശവാദങ്ങൾക്കെതിരെ മാത്രമായിരുന്നു സുധാകരൻ ഉന്നയിച്ചത്. കോഴിക്കടകളും പൂട്ടിപ്പോയ കടകളും ചേർത്താണ് വ്യവസായമന്ത്രിയുടെ കണക്കെന്നും പരിഹസിച്ചു. സുധാകരനെ മാറ്റണമെന്ന ആവശ്യത്തെ ശക്തമായി പ്രതിരോധിച്ചതിനുള്ള തരുരിനോടുള്ള കടപ്പാടാണോ ഇതെന്നാണ് പാ‍ർട്ടിയിലെ എതിർചേരിയുടെ ചോദ്യം. സുധാകരൻ അയഞ്ഞെങ്കിലും പ്രതിപക്ഷനേതാവ് അടക്കമുള്ള ബഹൂഭൂരിപക്ഷവും തരൂർ പരിധിവിട്ടെന്ന അഭിപ്രായക്കാരാണ്. പാർട്ടിയിൽ പുതു ചേരിക്ക് ശ്രമിച്ചപ്പോൾ തരൂരിനെ പിന്തുണച്ച എം കെ രാഘവൻ അടക്കമുള്ള നേതാക്കളും പുതിയ വിവാദത്തിൽ തരൂരിനൊപ്പമില്ലെന്നതും ശ്രദ്ധേയമാണ്. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സർക്കാറിന് കിട്ടിയ നമ്പർ വൺ വികസന പ്രചാരണായുധമായി തരൂർ പ്രശംസയെന്നതാണ് ഇതിന്‍റെ മറുവസം. തരൂരിനെ പുകഴ്ത്താനും പ്രതിപക്ഷത്തെ കുത്താനും മത്സരിക്കുകയാണ് ഇടത് നേതാക്കൾ. അതേസമയം മോദി - ട്രംപ് കൂടിക്കാഴ്ചയെ കുറിച്ചുള്ള തരൂർ പ്രശംസയിൽ സി പി എം ഇതുവരെയും മിണ്ടിയിട്ടുമില്ല.

വിലങ്ങും ചങ്ങലയും ഉണ്ടായിരുന്നെന്ന് ഇന്നലെ മടങ്ങിവന്ന യുവാവ്; മോദി-ട്രംപ് കൂടിക്കാഴ്ച ചോദ്യം ചെയ്ത് കോൺഗ്രസ്

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios