കടുത്ത ഭാഷയിൽ വിമര്‍ശനമുന്നയിച്ച കോൺഗ്രസ് നേതാക്കൾക്കുള്ള പരോക്ഷ മറുപടിയും ഉണ്ടായിരുന്നു ദിവ്യയുടെ വാക്കുകളിൽ
തിരുവനന്തപുരം: കെകെ രാഗേഷിനെ അഭിനന്ദിച്ചുള്ള കുറിപ്പില്‍ വിവാദം തുടരവെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ദിവ്യ എസ് അയ്യര്‍. ബോധ്യമുള്ളപ്പോള്‍ സ്നേഹാദരവ് അര്‍പ്പിക്കുന്നത് അന്നും ഇന്നും ഒരു പതിവാണ്. അത് പതയല്ല, എന്‍റെ ജീവിത പാതയാണെന്നും ദിവ്യ എസ്. അയ്യര്‍. മഴ പെയ്തു കഴിഞ്ഞ് മരം പെയ്യുന്ന പോലെ എവിടൊക്കെയോ ചിലന്പുന്നതും പുലന്പുന്നതും കേള്‍ക്കുന്നുണ്ടെന്നും ദിവ്യ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട് പോയ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി കെകെ രാഗേഷിനെ പുകഴ്ത്തിയ സംഭവത്തിലെ വിമര്‍ശനങ്ങൾക്കാമഅ ഒടുവിൽ ദിവ്യ എസ്. അയ്യര്‍ മറുപടി നൽകിയിരിക്കുന്നത്. കർണന് പോലും അസൂയ തോന്നുന്ന കെ കെ ആർ കവചമെന്നായിരുന്നു മുഖ്യമന്ത്രിക്കൊപ്പമുള്ള രാഗേഷിന്‍റെ ചിത്രം പങ്കുവച്ചുകൊണ്ട് ദിവ്യ എസ് അയ്യർ ഇന്നലെ പുകഴ്ത്തിയത്. കെ മുരളീധരനും യൂത്ത് കോൺഗ്രസ് നേതാക്കളുമടക്കം രൂക്ഷ വിമർശനവുമായി രംഗത്തെത്തിയതിന് പിന്നാലെ ഭര്‍ത്താവും കോൺഗ്രസ് നേതാവുമായ ശബരിനാഥും വിമര്‍ശനവുമായി എത്തിയിരുന്നു.
വിവാദം അനാവശ്യമെന്ന് രാഗേഷ് പ്രതികരിച്ചിരുന്നു. യൂത്ത് കോൺഗ്രസ് നിലപാട് ദൗർഭാഗ്യകരമെന്ന് പറഞ്ഞ രാഗേഷ് നല്ല വാക്കുകൾ പറഞ്ഞതിന് ദിവ്യയെ അധിക്ഷേപിക്കുകയാണെന്ന് വിമർശിച്ചു. ദിവ്യക്കെതിരെ നടക്കുന്നത് വ്യക്തിപരമായ അധിക്ഷേപമാണെന്നും ദിവ്യയെ അധിക്ഷേപിക്കുന്നത് പ്രാകൃത മനസുള്ളവരാണെന്നും ആയിരുന്നു രാഗേഷ് പറഞ്ഞത്. അതേസമയം, ദിവ്യക്കെതിരെ അതിരൂക്ഷ വിമർശനവുമായിട്ടായിരുന്നു കോൺഗ്രസ് നേതാവ് കെ മുരളീധരൻ രംഗത്തെത്തിയത്. പിണറായി വിജയന് പാദസേവ ചെയ്യുന്ന ഉദ്യോഗസ്ഥയാണ് ദിവ്യ എസ് അയ്യരെന്ന് അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു. സോപ്പിടുമ്പോൾ അധികം പതപ്പിച്ചാൽ ദോഷം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
