ആലപ്പുഴ: പാര്‍ട്ടിയുടെ പ്രഖ്യാപിത നയത്തിന് വിരുദ്ധമായി മകന്റെ കല്യാണം ആഡംബരമാക്കിയെന്ന ആരോപണത്തിൽ ജാഗ്രത കുറവ് സമ്മതിച്ച് ആലപ്പുഴ കഞ്ഞിക്കുഴി സിപിഎം ഏരിയാ കമ്മിറ്റി അംഗം സിവി മനോഹരൻ. വിവാഹ സത്കാരത്തിന്‍റെ പരിപാടികൾ സംഘടിപ്പിച്ചതിൽ ജാഗ്രത കുറവ് ഉണ്ടായിട്ടുണ്ടെന്നാണ് സിവി മനോഹരൻ പറയുന്നത്. മകന്‍റെ വിവാഹ സത്കാരത്തിന് ഡിജെ പാര്‍ട്ടി നടത്തിയെന്ന് കണ്ടെത്തി കഴിഞ്ഞ ദിവസം പാര്‍ട്ടി മനോഹരനെതിരെ നടപടി എടുത്തിരുന്നു . പാര്‍ട്ടി നയത്തിന് വിരുദ്ധമായി പ്രവര്‍ത്തിച്ചതിനാൽ ആറ് മാസത്തേക്കാണ് സിപിഎം സിവി മനോഹരനെ സസ്പെന്‍റ്  ചെയ്തത്. 

പാര്‍ട്ടി നടപടി അംഗീകരിക്കുന്നു എന്ന് സിവി മനോഹരൻ പറഞ്ഞു. പാര്‍ട്ടി തന്നെയാണ് ജീവൻ . മകൻ ഇവന്‍റ് മാനേജ്മെന്‍റ് സ്ഥാപനം നടത്തുന്നുണ്ട്. അതിന്‍റെ പ്രമോഷൻ കൂടിയാണ് വിവാഹ സത്കാരത്തിലൂടെ ലക്ഷ്യമിട്ടത്. ആദ്യം എതിര്‍ത്തിരുന്നു എങ്കിലും മകന്‍റെ വളര്‍ച്ചക്ക് ആവശ്യമാണെങ്കിൽ അത് നടന്നോട്ടെ എന്ന് മാത്രമെ ഉദ്ദേശിച്ചിരുന്നുള്ളു എന്നും സിവി മനോഹരൻ പറഞ്ഞു. പാര്‍ട്ടി നേതാക്കളേയും അടുപ്പമുള്ളവരേയും എല്ലാം വിവാഹത്തിനും സത്കാരത്തിനും വിളിച്ചിരുന്നു എന്നും സിവി മനോഹരൻ പറയുന്നു. 

പ്രീ വെഡ്ഡിംഗ് ഷൂട്ട് വിദേശത്തായിരുന്നു എന്നതടക്കമുള്ള ആരോപണങ്ങളാണ് ഇപ്പോൾ നടക്കുന്നത്. ഇതിലൊന്നും ഒരു വാസ്തവവും ഇല്ലെന്നും സിവി മനോഹരൻ പറയുന്നു. മകന് പാസ്പോര്‍ട് പോലും ഇല്ല. പാര്‍ട്ടി ശത്രുക്കൾ അവസരം മുതലെടുത്ത് കുപ്രചാരണം നടത്തുകയാണെന്നും സിവി മനോഹരൻ വ്യക്തമാക്കി. 

തുടര്‍ന്ന് വായിക്കാം: മകന്‍റെ കല്യാണത്തിന് ഡിജെ പാര്‍ട്ടി; ആലപ്പുഴയിൽ സിപിഎം നേതാവിന് സസ്പെൻഷൻ