പട്ടാമ്പി ഗവൺമെൻറ് സംസ്കൃത കോളേജിലാണ് അവസാന വർഷ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ഡി ജെ പാർട്ടി നടന്നത്.  500ലേറെ വിദ്യാർഥികളെ പങ്കെടുപ്പിച്ചുകൊണ്ട് ക്യാമ്പസ് ഓഡിറ്റോറിയത്തിൽ വച്ചായിരുന്നു പാർട്ടി.  

പാലക്കാട്: പട്ടാമ്പിയിൽ (Pattambi) കൊവിഡ് നിയന്ത്രണങ്ങൾ (Covid Regulations) ലംഘിച്ച് കോളേജിൽ ഡി ജെ പാർട്ടി സംഘടിപ്പിച്ചു. പട്ടാമ്പി ഗവൺമെൻറ് സംസ്കൃത കോളേജിലാണ് അവസാന വർഷ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ഡി ജെ പാർട്ടി നടന്നത്. 500ലേറെ വിദ്യാർഥികളെ പങ്കെടുപ്പിച്ചുകൊണ്ട് ക്യാമ്പസ് ഓഡിറ്റോറിയത്തിൽ വച്ചായിരുന്നു പാർട്ടി. 

പരിപാടികൾക്ക് അമ്പതിലേറെ പേർ ഒരുമിച്ചു കൂടരുത് എന്ന ആരോഗ്യ വകുപ്പിന്റെ കർശന നിർദ്ദേശം നിലനിൽക്കെയാണ് ഗവൺമെൻറ് കോളേജിലെ അധ്യാപകരുടെ അറിവോടെ ഡിജെ പാർട്ടി സംഘടിപ്പിച്ചത്. ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ അധ്യാപകർ ഇടപെട്ട് പാർട്ടി നിർത്തിവച്ചു. നൂറ് പേർക്കുള്ള അനുമതിയാണ് നല്കിയതെന്ന് കോളേജ് പ്രിൻസിപ്പാൾ വിശദീകരിക്കുന്നു. കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചിട്ടില്ല. രാവിലെ ആരംഭിച്ച പരിപാടി ഉച്ചയോടെ അവസാനിച്ചെന്നും പ്രിൻസിപ്പാൾ സുനിൽ ജോൺ പ്രതികരിച്ചു. 

സംഭവത്തിൽ പട്ടാമ്പി പൊലീസ് കേസെടുത്തിട്ടുണ്ട്. നിയന്ത്രണങ്ങൾ ലംഘിച്ച് ഡിജെ പാർട്ടി നടത്തിയതിനാണ് പട്ടാമ്പി പോലീസ് കേസെടുത്തത്. 
പ്രിൻസിപ്പാൾ, അധ്യാപകർ ,വിദ്യാർഥികൾ എന്നിവർക്കെതിരെയാണ് കേസ്. പാലക്കാട് ജില്ലയില്‍ 31ന് മുകളിലാണ് ടി പി ആര്‍ നിരക്ക്.

YouTube video player