താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ നിന്ന് മതിയായ ചികിത്സ കുഞ്ഞിന് നൽകിയില്ലെന്ന് ആരോപിച്ചാണ് സനൂപ് ഡോക്ടർ വിപിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചത്.
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിലെ ഒൻപത് വയസുകാരിയുടെ മരണം അമീബിക് മസ്തിഷ്കജ്വരം ബാധിച്ചാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസറുടെ റിപ്പോർട്ട്. ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് നൽകിയ റിപ്പോർട്ടിലാണ് അനയയുടെ മരണകാരണം അമീബിക് മസ്തിഷ്ക ജ്വരം മൂലമാണെന്ന് രേഖപ്പെടുത്തിയത്. പോസ്റ്റ്മോർട്ടത്തിനിടെ കുട്ടിയുടെ നട്ടെല്ലിൽ നിന്ന് ശേഖരിച്ച സ്രവത്തിൽ അമീബയുടെ സാന്നിധ്യം കണ്ടെത്തിയെന്നാണ് റിപ്പോർട്ടിലുള്ളത്. അനയയുടെ മരണം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചല്ലെന്നായിരുന്നു കുടുംബത്തിന്റെ ആരോപണം. താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ നിന്ന് മതിയായ ചികിത്സ കുഞ്ഞിന് നൽകിയില്ലെന്ന് ആരോപിച്ചാണ് സനൂപ് ഡോക്ടർ വിപിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചത്.
കെജിഎംഒഎ അനിശ്ചിതകാല സമരം തുടരുന്നു
ഡോക്ടർക്ക് നേരെ ആക്രമണം ഉണ്ടായ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ കെജിഎംഒഎ പ്രഖ്യാപിച്ച അനിശ്ചിതകാല സമരം തുടരുന്നു. അത്യാഹിത വിഭാഗവും ഒപിയും ഉൾപ്പെടെ ആശുപത്രിയിലെ മുഴുവൻ സേവനവും സ്തംഭിപ്പിച്ചാണ് ഡോക്ടർമാരുടെ സമരം. അതീവ ഗുരുതരാവസ്ഥയിൽ എത്തുന്ന രോഗികളെ മാത്രമാണ് കാഷ്വാലിറ്റിയിൽ പരിശോധിക്കുന്നത്. ആശുപത്രി പരിസരം സേഫ് സോൺ ആയി പ്രഖ്യാപിക്കുക കാഷ്വാലിറ്റിയിൽ കൃത്യമായ ട്രയാജ് സംവിധാനം നടപ്പിലാക്കുക, പൊലീസ് എയ്ഡ്, ഔട്ട് പോസ്റ്റുകൾ സ്ഥാപിക്കുക, സിസിടിവി, സെക്യൂരിറ്റി സിസ്റ്റങ്ങൾ നടപ്പിലാക്കുക, എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. ആക്രമണത്തിൽ പരിക്കേറ്റ ഡോക്ടർ വിപിന്റെ ആരോഗ്യനില തൃപ്തികരമാണ്. ഡോക്ടർ രണ്ട് ദിവസത്തിനകം ആശുപത്രി വിടും.


