Asianet News MalayalamAsianet News Malayalam

13 വർഷം കഴിഞ്ഞത് മറ്റൊരു പേരിൽ, സവാദിന്റെ ഡിഎൻഎ പരിശോധിക്കാൻ എൻഐഎ

കൂടുതൽ ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുന്നതിന്റെ ഭാഗമായാണ് എൻഐഎ നീക്കം. 
 

dna test to savad first accused of hand chopping case apn
Author
First Published Jan 28, 2024, 2:48 PM IST

കൊച്ചി : തൊടുപുഴ ന്യൂമാൻ കോളേജിലെ അധ്യാപകൻ പ്രൊഫ. ടി ജെ ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസിലെ ഒന്നാം പ്രതി സവാദിന്റെ ഡിഎൻഎ പരിശോധന നടത്താൻ എൻഐഎ. കോടതിയിൽ ഉടൻ അപേക്ഷ നൽകും. 13 വർഷം ഷാജഹാനെന്ന പേരിൽ ഒളിവിൽ കഴിഞ്ഞ ശേഷമാണ് സവാദ് പിടിയിലായത്. കൂടുതൽ ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുന്നതിന്റെ ഭാഗമായാണ് എൻഐഎ നീക്കം. 

വിവാഹ സമയത്ത് നൽകിയ പേര് ഷാജഹാൻ എന്ന്; സവാദിനെ പിടികൂടാൻ സഹായിച്ചത് കുട്ടിയുടെ ജനന സർട്ടിഫിക്കറ്റ്

കേസിൽ സവാദിനെ റിമാൻഡ് ചെയ്തിരിക്കുകയാണ്. ഫെബ്രുവരി 16 വരെയാണ് റിമാൻഡിൽ വിട്ടത്. അന്വേഷണം പൂർത്തിയായിട്ടില്ലെന്നും വീണ്ടും കസ്റ്റഡിയിൽ വാങ്ങാൻ അപേക്ഷ നൽകുമെന്നും എൻ ഐ എ വ്യക്തമാക്കി. 2010 ജൂലൈ 4നാണ് തൊടുപുഴ ന്യൂമാൻ കോളേജിലെ അധ്യാപകനായിരുന്ന ടി ജെ ജോസഫിന്റെ കൈപ്പത്തി സവാദിന്‍റെ നേതൃത്വത്തിലുള്ള സംഘം വെട്ടിയത്. ചോദ്യപ്പേപ്പറിൽ മതനിന്ദ ആരോപിച്ചായിരുന്നു ആക്രമണം. ആക്രമണത്തിനു ശേഷം ഒളിവിൽ പോയ സവാദിനെ കഴിഞ്ഞ ദിവസമാണ് കണ്ണൂരിൽ നിന്ന് എൻ.ഐ.എ അറസ്റ്റ് ചെയ്തത്. ഷാജഹാൻ എന്ന് പേര് മാറ്റി കുടുംബമായി കണ്ണൂർ ജില്ലയിൽ താമസിച്ച് വരുന്നതിനിടെയാണ് പിടികൂടിയത്. 

സവാദിനെ പിടികൂടാന്‍ എന്‍ഐഎ ഉദ്യോഗസ്ഥർക്ക് സഹായകമായത് കുട്ടിയുടെ ജനന സർട്ടിഫിക്കറ്റായിരുന്നു. കാസർകോട്ട് വിവാഹ സമയത്ത് നൽകിയ പേര് ഷാജഹാൻ എന്നാണെങ്കിലും മൂത്ത കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ നൽകിയത് യഥാർത്ഥ പേരാണ്. മംഗൽപ്പാടി പഞ്ചായത്ത് നൽകിയ ജനന സർട്ടിഫിക്കറ്റിലാണ് അച്ഛന്‍റെ പേര്  എം എം സവാദ് എന്ന് രേഖപ്പെടുത്തിയത്. ഒളിവിൽ താമസിച്ച് ആശാരിപ്പണി ചെയ്ത് വരുന്നതിനിടയിലാണ് സവാദ് പിടിയിലായത്. എൻഐഎയ്ക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് വീട് വളഞ്ഞ് പിടികൂടുകയായിരുന്നു.

പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ സംരക്ഷണത്തിലായിരുന്നു സവാദിന്‍റെ ഒളിവ് ജീവിതമെന്നാണ് എൻഐഎയുടെ കണ്ടെത്തൽ. 13 വര്‍ഷം ഒളിവിലിരിക്കാന്‍ സവാദിനെ സഹായിച്ചത് ആരൊക്കെയാണെന്നും കാണാമറയത്ത് സവാദ് എവിടെയൊക്കെയാണ് കഴിഞ്ഞതെന്നുമൊക്കെയുള്ള കാര്യങ്ങളില്‍ വിശദമായ അന്വേഷണം നടത്താനാണ് എന്‍ഐഎയുടെ നീക്കം

Latest Videos
Follow Us:
Download App:
  • android
  • ios