ജനകീയ വികാരം അവഗണിച്ചുകൊണ്ടുള്ള സിപിഎം നിലപാടിനൊത്ത് നിൽക്കാൻ സിപിഐയ്ക്ക് ഒരു ബാധ്യതയുമില്ലെന്ന് കത്തിൽ...
തിരുവനന്തപുരം: കെ റെയിലിനെ (K Rail) പിന്തുണയ്ക്കുന്ന സിപിഐ (CPI) തീരുമാനത്തിനെതിരെ കാനം രാജേന്ദ്രന് കത്തെഴുതി സിപിഐ മുൻ നേതാക്കളുടെ മക്കൾ. കമ്യൂണിസ്റ്റ് പാർട്ടി സ്ഥാപക നേതാക്കളുടെ മക്കളാണ് കെ റെയിലിനെ എതിർത്ത് കത്തുമായി രംഗത്തെത്തിയിരിക്കുന്നത്.
സി അച്യുതമേനോന്‍, എന്‍ ഇ ബലറാം, പി ടി പൂന്നൂസ്, കെ ദാമോദരന്‍, കെ മാധവന്‍, റോസമ്മ പുന്നൂസ്, സി ഉണ്ണിരാജ, എം എന്‍ ഗോവിന്ദന്‍ നായര്‍, പൊടോര കുഞ്ഞിരാമന്‍ നായര്‍, കെ ഗോവിന്ദപ്പിള്ള, കാമ്പിശേരി കരുണാകരന്‍, പുതുപ്പള്ളി രാഘവന്‍ , വി വി രാഘവന്‍, പവനന്‍, പി.രവീന്ദ്രൻ, ശർമ്മാജി, എന്നീ പതിനാറ് മൺമറഞ്ഞ നേതാക്കന്മാരുടെ മക്കളാണ് കത്തിന് പിന്നിൽ
അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയുടെ തുടർച്ചയായി ഇപ്പോഴും പ്രതീക്ഷയോടെ നോക്കിക്കാണുന്ന സി പിഐ എന്ന മഹത്തായ ഈ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ വര്‍ത്തമാന കാല അവസ്ഥയെക്കുറിച്ചുള്ള ആശങ്കയാണ് കത്തെഴുതാൻ കാരണം. കഴിഞ്ഞ പിണറായി സർക്കാരിന്റെ കാലത്തും നിലവിലെ സർക്കാരിന്റെ തുടക്കകാലത്തും എതിർപ്പ് രേഖപ്പെടുത്തേണ്ട നിർണ്ണായക ഘട്ടങ്ങളിൽ അതിന് തയ്യാറായിരുന്ന പാർട്ടി എന്നാൽ ജനങ്ങളെ ഗുരുതരമായി ബാധിക്കുന്ന കെ റെയിൽ പദ്ധതി വിഷയത്തിൽ എടുത്ത നിലപാട് മനസ്സിലാക്കാൻ കഴിയുന്നില്ലെന്ന് കത്തിൽ ആരോപിക്കുന്നു.
കെ റെയില്‍ പോലെ ബഹു ഭൂരിപക്ഷം വരുന്ന സാധാരണമനുഷ്യരുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കാൻ സാധ്യതയുള്ള ഒരു വിഷയം വരുമ്പോള്‍ വിപുലമായ ഒരു ചര്‍ച്ചയും കൂടാതെ കമ്യൂണിസ്റ്റ് പാർട്ടി ഒരു നിലപാടെടുക്കുന്നതിനോട് യോജിക്കാൻ കഴിയുന്നില്ല. ഇക്കാര്യത്തിൽ ജനകീയ വികാരം അവഗണിച്ചുകൊണ്ടുള്ള സിപിഎം നിലപാടിനൊത്ത് നിൽക്കാൻ സിപിഐയ്ക്ക് ഒരു ബാധ്യതയുമില്ലെന്നാണ് തങ്ങൾ വിശ്വസിക്കുന്നതെന്നും 21 പേർ ഒപ്പിട്ട കത്തിഷ പറയുന്നു. സി അച്യുതമേനോന്റെ മകൻ വി രാമൻ കുട്ടി, കെ ദാമോദരന്റെ മകൻ കെ പി ശശി അടക്കം 21 പേരാണ് കാനത്തിന് അയച്ച സംയുക്ത കത്തിൽ ഒപ്പിട്ടിരിക്കുന്നത്.
