3 സെക്കൻ്റ് റൂൾ പാലിക്കാറുണ്ടോ, ടെയിൽ ഗേറ്റിംഗിനെ കുറിച്ച് അറിഞ്ഞിരിന്നേ മതിയാകൂ...; നിർദേശവുമായി എംവിഡി
എപ്പോഴും ഒരു വാഹനത്തിന് പിറകിൽ സുരക്ഷിതമായ ദൂരമുണ്ടെന്ന് ഉറപ്പു വരുത്തണമെന്ന് എംവിഡി നിർദേശിച്ചു. തൻ്റെ വാഹനം പോകുന്ന വേഗതയിൽ പെട്ടെന്ന് ബ്രേയ്ക്ക് ചെയ്യേണ്ടി വരുമ്പോൾ വാഹനം സുരക്ഷിതമായി നിൽക്കാൻ സാധ്യതയുള്ള ദൂരമാണിത്
വാഹനം ഓടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുപ്രധാനമായ ഒരു കാര്യത്തെ കുറിച്ച് മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്. റോഡിൽ ഒരു വാഹനത്തിൻ്റെ തൊട്ടുപിറകിൽ വളരെ ചേർന്ന് വണ്ടിയോടിക്കുന്നതാണ് ടെയിൽ ഗേറ്റിംഗ്. ഇത് അത്യന്തം അപകടമുണ്ടാവാൻ സാധ്യതയുള്ള പ്രവർത്തിയാണ്. എപ്പോഴും ഒരു വാഹനത്തിന് പിറകിൽ സുരക്ഷിതമായ ദൂരമുണ്ടെന്ന് ഉറപ്പു വരുത്തണമെന്ന് എംവിഡി നിർദേശിച്ചു. തൻ്റെ വാഹനം പോകുന്ന വേഗതയിൽ പെട്ടെന്ന് ബ്രേയ്ക്ക് ചെയ്യേണ്ടി വരുമ്പോൾ വാഹനം സുരക്ഷിതമായി നിൽക്കാൻ സാധ്യതയുള്ള ദൂരമാണിത്. ഇത് വാഹനത്തിൻ്റെ വേഗത, ബ്രേയ്ക്കിൻ്റെ എഫിഷ്യൻസി, ടയർ തേയ്മാനം, വാഹനത്തിലുള്ള ലോഡ്, കാലാവസ്ഥ, റോഡ് കണ്ടീഷൻ എന്നിവ അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും.
3 സെക്കൻ്റ് റൂൾ:
നമ്മുടെ റോഡുകളിൽ 3 സെക്കൻ്റ് റൂൾ പാലിച്ചാൽ നമുക്ക് സുരക്ഷിത ദൂരത്തിൽ വാഹനമോടിക്കാൻ കഴിയും. മുൻപിലുള്ള വാഹനം റോഡിലുള്ള ഒരു പോയിൻ്റ് (അത് വശത്തുള്ള ഏതെങ്കിലും കാണുന്ന വസ്തു - സൈൻ ബോർഡ്, ഏതെങ്കിലും ഇലക്ട്രിക് / ടെലിഫോൺ പോസ്റ്റ്, അല്ലെങ്കിൽ റോഡിലുള്ള മറ്റേതെങ്കിലും മാർക്കിങ്ങ് തുടങ്ങിയവ) പാസ് ആയതിനു ശേഷം മിനിമം മൂന്ന് സെക്കൻ്റുകൾക്ക് ശേഷമേ നമ്മുടെ വാഹനം അ പോയിൻ്റ് കടക്കാൻ പാടുള്ളൂ. ഇതാണ് 3 സെക്കൻ്റ് റൂൾ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. മഴക്കാലത്ത് ഇത് 4 സെക്കൻ്റെങ്കിലും ആവണം.
റെഗുലേഷൻ 17
1 മറ്റൊരു വാഹനത്തിന് പിന്നിൽ ഓടുന്ന വാഹനത്തിൻ്റെ ഡ്രൈവർ, തൻ്റെ വാഹനം മുന്നിലുള്ള വാഹനത്തിൽ നിന്ന് മതിയായ അകലം പാലിക്കണം, അതുവഴി മുന്നിലുള്ള വാഹനം പെട്ടെന്ന് വേഗത കുറയ്ക്കുകയോ നിർത്തുകയോ ചെയ്താൽ സുരക്ഷിതമായി നിർത്താൻ കഴിയും.
2 മറ്റൊരു വാഹനം പിന്തുടരുമ്പോൾ, മുമ്പിലെ വാഹന ഡ്രൈവർ നിർബന്ധിതമായ യാതൊരു കാരണവുമില്ലാതെ പെട്ടെന്ന് ബ്രേക്ക് ചെയ്യരുത്.
3 അതിശക്ത മഴയോ മറ്റ് പ്രതികൂല കാലാവസ്ഥയോ ഉണ്ടെങ്കിൽ ഡ്രൈവർ, മുന്നിലുള്ള വാഹനത്തിൽ നിന്നുള്ള ദൂരം ഇനിയും വർദ്ധിപ്പിക്കണം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം