Asianet News MalayalamAsianet News Malayalam

ഡോ. ഷഹനയുടെ ആത്മഹത്യ; പ്രതി ഡോ റുവൈസിന്റെ ജാമ്യാപേക്ഷ തള്ളി, അതീവ ഗൗരവമുള്ള കുറ്റമെന്ന് കോടതി

തിരുവനന്തപുരം സ്പെഷ്യല്‍ അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. അതീവ ഗൗരവമുള്ള കുറ്റമാണ് പ്രതി ചെയ്തതെന്ന് കോടതി നിരീക്ഷിച്ചു. 

Doctor Shahana suicide latest news updates court rejected Dr Ruwais bail plea nbu
Author
First Published Dec 11, 2023, 12:07 PM IST

തിരുവനന്തപുരം: ഡോ ഷഹനയുടെ ആത്മഹത്യ കേസില്‍ അറസ്റ്റിലായ പ്രതി ഡോ റുവൈസിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. തിരുവനന്തപുരം എസിജെഎം കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. കുറ്റം അതീവ ഗൗരവമുള്ളതാണെന്ന് കോടതി നിരീക്ഷിച്ചു. ഈ ഘട്ടത്തിൽ പ്രതിക്ക് ജാമ്യം അനുവദിച്ചാൽ അത് കേസന്വേഷണത്തെ ബാധിക്കുമെന്ന പ്രോസിക്യൂട്ടറുടെ വാദം കൂടി പരിഗണിച്ചാണ് കോടതിയുടെ നടപടി.

 ''അവരുടെ സ്ത്രീധനമോഹം മൂലം എന്റെ ജീവിതം അവസാനിപ്പിക്കുന്നു. ഇത്ര പണം ആവശ്യപ്പെടുന്നത് അവന്റെ സദോഹരിക്ക് വേണ്ടിയാണോ.ഞാൻ വ‍ഞ്ചിക്കപ്പെട്ടു.'' ഒപി ടിക്കറ്റിന്റെ പിറകിൽ ഡോ. ഷഹന എഴുതിയ ആത്മഹത്യാക്കുറിപ്പിലെ ഈ വരികളുടെയും ബന്ധുക്കളുടെ മൊഴികളുടെയും സാഹചര്യത്തെളിവുകളുടെയും പശ്ചാത്തലത്തിലാണ് റുവൈസിനെ കേസില്‍ പ്രതി ചേര്‍ത്തതും പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തിയതും. കത്തിൽ റുവൈസിന്റെ പേരുമുണ്ട്. ആത്മഹത്യ കുറിപ്പിൽ റുവൈസിന്റെ പേരില്ലെന്നായിരുന്നു ആദ്യഘട്ടത്തിൽ പൊലീസ് പറഞ്ഞിരുന്നത്. റുവൈസ് സ്ത്രീധനം ചോദിച്ചെന്ന ബന്ധുക്കളുടെ മൊഴിയും പൊലീസ് മറച്ചുവച്ചു. പിന്നീട് ഷഹ്നയുടെ ആത്മഹത്യ വലിയ ചർച്ചയായതിന് ശേഷം മാത്രമാണ് പൊലീസ് റുവൈസിനെതിരെ കേസെടുക്കാൻ തയ്യാറായത്. പിജി ഡോക്ടർമാരുടെ സംഘടനയായ കെഎംപിജിഎയുടെ പ്രസിഡന്റായിരുന്ന റുവൈസ് അറസ്റ്റിലായതോടെ പുറത്താക്കിയിരുന്നു.

ഷഹനയുമായുള്ള വിവാഹത്തില്‍ നിന്ന് അവസാന നിമിഷമാണ് ഡോ. റുവൈസ് പിന്മാറിയത്. ബന്ധത്തിൽ നിന്നും പിന്മാറിയതിനാൽ ആത്മഹത്യ ചെയ്യുകയാണെന്ന് കാണിച്ചാണ് ഡോ. ഷഹന ഡോ. റുവൈസിന് വാട്സ്ആപ്പ് സന്ദേശം അയച്ചിരുന്നു. ഷഹന ആത്മഹത്യ ചെയ്യാൻ പോകുകയാണെന്ന് അറിഞ്ഞിട്ടും റുവൈസ് തടയാനോ സംസാരിക്കാനോ കൂട്ടാക്കിയില്ല. സന്ദേശം എത്തിയതിന് പിന്നാലെ റുവൈസ് ഷഹനയുടെ നമ്പർ ബ്ലോക്ക് ചെയ്യുകയായിരുന്നു. ഇത് ഷഹനയുടെ മനോനില കൂടുതൽ തകർക്കാൻ ഇടയാക്കിയിട്ടുണ്ടെന്നാണ് പൊലീസിന്‍റെ വിലയിരുത്തൽ. കേസില്‍ ഡോ. റുവൈസിന്റെ അച്ഛനെയും പൊലീസ് പ്രതി ചേർത്തു. റുവൈസിന്റെ അച്ഛനും സ്ത്രീധനത്തിനായി സമ്മർദ്ദം ചെലുത്തിയെന്നാണ് ഷഹനയുടെ അമ്മയുടെ മൊഴി. ഇതേ തുടർന്നാണ് റുവൈസിന്റെ അച്ഛനെയും കേസില്‍ പ്രതി ചേർത്തത്. ഇയാള്‍  ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. 

Latest Videos
Follow Us:
Download App:
  • android
  • ios