Asianet News MalayalamAsianet News Malayalam

യുവ ഡോക്ടര്‍ ഷഹനയുടെ മരണത്തിൽ സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ സ്വമേധയാ കേസെടുത്തു

സ്ത്രീധനത്തിൻറെ പേരിൽ വിവാഹ വാഗ്ദാനത്തിൽ നിന്നും സുഹൃത്തായ ഡോക്ടർ പിന്മാറിയതാണ് ഷഹനയുടെ ആത്മഹത്യക്ക് കാരണമെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു

Doctor shahana suicide minority commission registers suo moto case kgn
Author
First Published Dec 6, 2023, 6:47 PM IST

തിരുവനന്തപുരം: യുവ ഡോക്ടര്‍ ഷഹനയുടെ മരണത്തിൽ സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ സ്വമേധയാ കേസെടുത്തു. സംഭവത്തിൽ മെഡിക്കൽ എജുക്കേഷൻ ഡയറക്ടര്‍, ജില്ലാ കളക്ടര്‍, കമ്മീഷണര്‍ എന്നിവരോട് റിപ്പോര്‍ട്ട് തേടി. ഈ മാസം 14 ന് നേരിട്ട് ഹാജരായി റിപ്പോർട്ട് നൽകാനാണ് മൂവരോടും നിര്‍ദ്ദേശിച്ചിരിക്കുന്നത്. 

സ്ത്രീധനത്തിൻറെ പേരിൽ വിവാഹ വാഗ്ദാനത്തിൽ നിന്നും സുഹൃത്തായ ഡോക്ടർ പിന്മാറിയതാണ് ഷഹനയുടെ ആത്മഹത്യക്ക് കാരണമെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. വൻ തുക സ്ത്രീധനമായി ആവശ്യപ്പെട്ടതാണ് മരണ കാരണമെന്നാണ് മെഡിക്കൽ കോളേജ് പൊലീസിനോടും വനിതാ കമ്മീഷൻ അധ്യക്ഷയോടും ബന്ധുക്കൾ പറഞ്ഞത്. ഷഹനയുടെ സുഹൃത്തായ ഡോക്ടറെ അടക്കം ചോദ്യം ചെയ്യാനാണ് പൊലീസ് തീരുമാനം.

സങ്കടങ്ങളെല്ലാം ആത്മഹത്യകുറിപ്പിൽ എഴുതിയാണ് ഡോക്ടർ ഷെഹ്ന ആത്മഹത്യ ചെയ്തത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സർജറി വിഭാഗത്തിൽ പിജി ചെയ്യുകയായിരുന്നു ഷെഹന. കഴിഞ്ഞദിവസമാണ് ഷഹനയെ അനസ്തേഷ്യക്കുള്ള മരുന്ന് കുത്തിവെച്ച് മരിച്ച നിലയിൽ ഫ്ലാറ്റിൽ കണ്ടെത്തിയത്. സുഹൃത്തും പിജി ഡോക്ടർമാരുടെ സംഘടനാ പ്രതിനിധിയുമായ ഡോക്ടറുമായി ഷെഹന അടുപ്പത്തിലായിരുന്നു. ഇരുവരുടെയും വീട്ടുകാർ വിവാഹത്തിന് സമ്മതിച്ചിരുന്നു. ഇതിനിടെ വരൻറെ വീട്ടുകാർ വൻ തുക സ്ത്രീധനം ആവശ്യപ്പെട്ടെന്നാണ് ഷെഹനയുടെ ബന്ധുക്കൾ പറയുന്നത്. താങ്ങാവുന്നതിലും അപ്പുറമുള്ള തുകയായതിനാൽ വിവാഹം മുടങ്ങി. വരൻ വിവാഹത്തിൽ നിന്ന് പിന്മാറി. ഇത് ഷെഹനയെ മാനസികമായ തകർത്തിരുന്നുവെന്നാണ് മൊഴി.

ആത്മഹത്യാ കുറിപ്പിൽ ആരുടേയും പേര് പറഞ്ഞിട്ടില്ല. അസ്വാഭാവിക മരണത്തിനാണ് മെഡിക്കൽ കോളേജ് പൊലീസ് കേസെടുത്തത്. ഷെഹനയുടെ സുഹൃത്തും ആരോപണ വിധേയനുമായ ഡോക്ടർ പ്രതികരിക്കാൻ തയ്യാറായിട്ടില്ല. സ്ത്രീധനമാണ് ആത്മഹത്യക്ക് പിന്നില്ലെന്ന ആരോപണത്തെ കുറിച്ച് ശിശുവികസന വകുപ്പ് ഡയറക്ടറോട് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ആരോഗ്യമന്ത്രി നിർദ്ദേശിച്ചു. വെഞ്ഞാറമൂട് സ്വദേശിയായ ഷെഹ്ന പഠനത്തിൽ മിടുക്കിയായിരുന്നു. മെറിറ്റ് സീറ്റിലായിരുന്നു എംബിബിഎസ് പ്രവേശനം. വിദേശത്തായിരുന്നു അച്ഛൻ മാസങ്ങൾക്ക് മുമ്പാണ് മരിച്ചത്. ഇതോടെയാണ് കുടംബത്തിന് സാമ്പത്തിക പ്രതിസന്ധിയുണ്ടായത്. സഹോദരൻ ഒരു കമ്പ്യൂട്ടർ സെൻററിൽ ജോലി ചെയ്യുകയാണ്. ഷെഹ്നയുടെ അച്ഛൻ പലർക്കും പണം കടം കൊടുത്തിരുന്നു. ആ പണവും തിരികെ കിട്ടിയിട്ടില്ല. ഇതും ഈ കുടുംബത്തെ ബുദ്ധിമുട്ടിച്ചിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് | Latest News updates

Latest Videos
Follow Us:
Download App:
  • android
  • ios