കൊല്ലം: സിപിഎം നല്‍കിയ പട്ടികയില്‍ നിന്ന് നിയമനം നടത്താത്തതിനാൽ ഡോക്ടറെ സ്ഥലംമാറ്റിയെന്ന് ആരോപണം. കൊല്ലം അഞ്ചൽ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ സൂപ്രണ്ടിനെയാണ് നീണ്ടകരയിലേക്ക് മാറ്റിയത്. നടപടിക്കെതിരെ സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടന രംഗത്തെത്തി. അതേസമയം, നിരന്തരമായ പരാതികളെത്തുടര്‍ന്നാണ് സ്ഥലംമാറ്റമെന്നാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം.

അഞ്ചൽ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ സൂപ്രണ്ട് ഡോ. എസ് സജീവിനെയാണ് ആരോഗ്യവകുപ്പ് ഡയറക്ടര്‍ സ്ഥലംമാറ്റിയത്. ആശുപത്രിയിലേക്കുളള എക്സ് റേ, ഇസിജി ടെക്നീഷ്യന്മാരുടെ നിയമനം സിപിഎം നേതൃത്വത്തിലുള്ള ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതി നല്‍കിയ പട്ടികയില്‍ നിന്ന് വേണമെന്ന് നിര്‍ദേശം നൽകിയെങ്കിലും ഡോക്ടര്‍ സജീവ് അത് അംഗീകരിച്ചില്ല. തുടര്‍ന്ന് ആശുപത്രി വികസന സമിതി അംഗീകരിച്ച് നൽകിയ പട്ടിക ബ്ലോക്ക് പഞ്ചായത്തും അംഗീകരിച്ചില്ല. ഈ തര്‍ക്കത്തിനൊടുവിലാണ് ഡോക്ടറെ നീണ്ടകരയിലേക്ക് സ്ഥലംമാറ്റിയതെന്നാണ് ആരോപണം. ഡോ. സജീവിനെതിരെയുള്ള നടപടിക്കെതിരെ ജില്ലയിലെ സര്‍ക്കാര്‍ ഡോക്ടര്‍മാരും അഞ്ചല്‍ സാമൂഹികരോഗ്യകേന്ദ്രത്തിലെ ജീവനക്കാരും രംഗത്തെത്തി. നടപടിക്കെതിരെ ഡോ. സജീവ് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചു. 

അതേസമയം, ഡോക്ടര്‍ രോഗികളോട് മോശമായി പെരുമാറുന്നതായി പരാതി കിട്ടിയിരുന്നുവെന്നാണ് ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നത്. ഡോക്ടര്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ബ്ലോക്ക് പഞ്ചായത്ത് പ്രസി‍ഡന്‍റ് ആരോഗ്യവകുപ്പിന് കത്തും നല്‍കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് വിളിക്കുന്ന യോഗങ്ങളില്‍ ഡോക്ടര്‍ പങ്കെടുക്കുന്നില്ലെന്നതടക്കം ആരോപണങ്ങളില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയശേഷമാണ് ഡോക്ടറെ സ്ഥലംമാറ്റിയതെന്നാണ് ആരോഗ്യവകുപ്പ് അധികൃതരുടെ വിശദീകരണം.