2017 ആഗസ്റ്റിനും 2018 ഒക്ടോബറിനു മിടയില്‍ 14 ഇന്‍വോയിസുകളില്‍ നിന്നായി 8 ലക്ഷത്തി പതിനായിരം രൂപ ഐജിഎസ്ടി അടച്ചതായി സംസ്ഥാന ജിഎസ് ടി വകുപ്പിന്‍റെ സെര്‍വറിലെ രേഖകള്‍ വ്യക്തമാക്കുന്നു.

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകള്‍ വീണ വിജയന്‍റെ എക്സാലോജിക് കമ്പനി സിഎംആര്‍എല്ലില്‍ നിന്നും സ്വീകരിച്ച 57 ലക്ഷം രൂപയില്‍ 45 ലക്ഷം രൂപക്ക് മാത്രം നികുതി ഒടുക്കിയതായി രേഖ. 2017 ആഗസ്റ്റിനും 2018 ഒക്ടോബറിനു മിടയില്‍ 14 ഇന്‍വോയിസുകളില്‍ നിന്നായി 8 ലക്ഷത്തി പതിനായിരം രൂപ ഐജിഎസ്ടി അടച്ചതായി സംസ്ഥാന ജിഎസ് ടി വകുപ്പിന്‍റെ സെര്‍വറിലെ രേഖകള്‍ വ്യക്തമാക്കുന്നു. എന്നാല്‍, ബാക്കി ഇടപാടുകളുടെ നികുതി രേഖകള്‍ ലഭ്യമല്ല എന്നാണ് സൂചന.

ഐടി സേവന കമ്പനിയായ എക്സാലോജിക്കും കെഎംആര്‍എല്ലും തമ്മില്‍ കൈമാറിയ 57 ലക്ഷം രൂപയുടെ സേവന നികുതിയടച്ചിട്ടുണ്ടൊയെന്ന പരിശോധനയിലാണ് ഇടപാടിന്‍റെ ആദ്യ ഘട്ടത്തില്‍ എക്സാലോജിക് നികുതിയടച്ചതിന്‍റെ രേഖകള്‍ പുറത്തുന്നത്. 2017 ആഗസ്റ്റിനും 2018 ഒക്ടോബറിനുമിടയില്‍ വീണയുടെ കമ്പനി 45 ലക്ഷം രൂപയുടെ ഇന്‍വോയ്സ് കെഎംആര്‍എല്ലിന് സിഎംആര്‍എല്ലിന് നല്‍കിയിട്ടുണ്ട്. ഇതനുസരിച്ച് 45 ലക്ഷം രൂപയും ഇതിന്‍റെ 18 ശതമാനം നികുതിയുമടക്കം 53 ലക്ഷത്തി പതിനായിരം രൂപ എക്സാലോജിക്കിന് സിഎംആര്‍എല്‍ നല്‍കി. ഇന്‍വോയ്സ് പ്രകാരമുള്ള നികുതി തുകയായ 8 ലക്ഷത്തി പതിനായിരം രൂപ എക്സസാലോജിക് ഐജിഎസ് ടി അടച്ചതായും സെര്‍വര്‍ രേഖകള്‍ വ്യക്തമാക്കുന്നു. ഈ രേഖകള്‍ സിഎംആര്‍എല്ലിന്‍റെ 2 ബി ഫോമിലുമുണ്ട്. അതായത് 45 ലക്ഷം രൂപയുടെ 18 ശതമാനം നികുതിയടച്ച രേഖകള്‍ മാത്രമാണ് ഇപ്പോഴുള്ളത്. 

എക്സാലോജിക് 8,10,000 രൂപ ഐജിഎസ്ടി അടച്ചതായി രേഖ

ആദായ നികുതി തര്‍ക്ക പരിഹാര ബോര്‍ഡിന് ആദായ നികുതി വകുപ്പ് സമര്‍പ്പിച്ച രേഖകള്‍ പ്രകാരം 2017 മുതല്‍ 2020 വരെയുള്ള കാലയളവില്‍ എക്സാലോജിക്കിന് 57 ലക്ഷം രൂപയും വീണക്ക് ഒരു കോടി 15 ലക്ഷം രൂപയും സിഎംആര്‍എല്ലിന്‍റെ അക്കൗണ്ടില്‍ നിന്നും നല്‍കിയിട്ടുണ്ട്. ആകെ ഒരു കോടി 72 ലക്ഷം രൂപ. ഇതില്‍ എക്സാലോജിക്കിന് ലഭിച്ച 57 ലക്ഷം രൂപയില്‍ 45 ലക്ഷം രൂപക്ക് മാത്രമാണ് നികുതി ഒടുക്കിയിരിക്കുന്നത്. വീണക്കും എക്സാലോജിക്കിനും നല്‍കിയ പണം ഐടി സേവനത്തിനുള്ള പ്രതിഫലമാണെങ്കില്‍ 31 ലക്ഷത്തോളം രൂപയാണ് നികുതി വരുക. എന്നാല്‍ അത്രയും നികുതി ലഭിച്ചതായി രേഖകള്‍ ജിഎസ് ടി സെര്‍വറില്‍ ലഭ്യമല്ലെന്നാണ് സൂചന. സിഎംആര്‍എല്ലില്‍ നിന്നും കമ്പനിക്കും വീണക്കും ലഭിച്ച പണത്തിന്‍റെ ഐജിഎസ്ട ടി അടച്ചിട്ടുണ്ടോയെന്ന് നികുതി സെക്രട്ടറിയും ജിഎസ് ടി കമ്മീഷണറേറ്റും പരിശോധിച്ചു വരുകയാണ്. ആ ഘട്ടത്തിലാണ് ഇടപാടിന്‍റെ ആദ്യ ഘട്ടത്തില്‍ നികുതി ഒടുക്കിയതിന്‍റെ രേഖകള്‍ പുറത്തുവരുന്നത്.