ആഭ്യന്തര ടൂറിസത്തില്‍ വൻ കുതിപ്പെന്ന അവകാശവാദം പൊള്ള, സന്ദര്‍ശകരില്‍ മുക്കാല്‍പങ്കും കേരളത്തില്‍ നിന്നുള്ളവര്‍


അന്താരാഷ്ട്ര നിലവാരത്തിലുള്ള ടൂറിസം കേന്ദ്രങ്ങളിൽ പോലും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാനോ സഞ്ചാരികളെ ആകര്‍ഷിക്കാനോ ടൂറിസം വകുപ്പ് പദ്ധതികളുണ്ടാക്കുന്നില്ലെന്ന വിമര്‍ശനം ശക്തമാണ്.

domestic tourism not showing any progressive trend in kerala

തിരുവനന്തപുരം: കേരളത്തിന്‍റെ വിനോദ സഞ്ചാര മേഖലയിൽ ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തിൽ കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലുണ്ടായത്  വൻ കുതിച്ച് ചാട്ടമെന്ന ടൂറിസം വകുപ്പിന്‍റെ അവകാശവാദവും പൊള്ള. കൊവിഡിന് ശേഷം സംസ്ഥാനത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ സന്ദര്‍ശിച്ചതിൽ മുക്കാൽ ആളുകളും കേരളത്തിന് അകത്തുള്ളവർ തന്നെയാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. സംസ്ഥാനത്തിന് പുറത്ത് നിന്നുള്ള സഞ്ചാരികളെ ആകര്‍ഷിക്കാൻ പദ്ധതികളുണ്ടായില്ലെന്ന് മാത്രമല്ല തദ്ദേശീയരായ സഞ്ചാരികളായത് കൊണ്ട് പ്രതീക്ഷിച്ച വരുമാനവും കിട്ടിയിട്ടില്ലെന്നാണ് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്.

കൊവിഡിന് ശേഷം കേരളത്തിലേക്ക് ആഭ്യന്തര സഞ്ചാരികളുടെ ഒഴുക്കാണെന്നും ഇത് സര്‍വ്വകാല റെക്കോഡെന്നും മന്ത്രി പറയുന്നു .  രാജ്യത്തിന് അകത്ത് നിന്ന് ഒരു വിനോദ സഞ്ചാര കേന്ദ്രത്തിലെത്തുന്ന ആരെയും ആഭ്യന്തര ടൂറിസ്റ്റായി കണക്കാക്കും. 2023 ൽ കേരളത്തിൽ ഈ വിഭാഗത്തിൽ 2.18 കോടി പേരെത്തിയെന്നും 2022 നെ അപേക്ഷിച്ച് സഞ്ചാരികളുടെ എണ്ണം 15.92 ശതമാനം കൂടുലാണെന്നുമാണ് മന്ത്രിയുടെ കണക്ക്.

ആഭ്യന്തര ടൂറിസ്റ്റുകളുടെ എണ്ണം തയ്യാറാക്കുന്നത് കലണ്ടര്‍ വര്‍ഷത്തിന്‍റെ അടിസ്ഥാനത്തിലാണ്. അത് അനുസരിച്ച് വന്ന് പോയവരിൽ കേരളത്തിൽ നിന്നുള്ള സഞ്ചാരികളെത്ര എന്ന ചോദ്യത്തിന് ആകെ വന്നവരിൽ 71.5 ശതമാനം എന്ന് ഉത്തരം. അതായത് വെറും 28.5 ശതമാനം പേര്‍ മാത്രമാണ് ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തിയത്.  2023 ആദ്യ പാദത്തിൽ ആഭ്യന്തര സഞ്ചാരികളിൽ 68.85 ശതമാനം പേര്‍ കേരളീയര്‍ തന്നെ ആയിരുന്നെന്നും ടൂറിസം വകുപ്പ് സമ്മതിക്കുന്നു.

അന്താരാഷ്ട്ര നിലവാരത്തിലുള്ള ടൂറിസം കേന്ദ്രങ്ങളിൽ പോലും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാനോ സഞ്ചാരികളെ ആകര്‍ഷിക്കാനോ ടൂറിസം വകുപ്പ് പദ്ധതികളുണ്ടാക്കുന്നില്ലെന്ന വിമര്‍ശനം ശക്തമാണ്. പറഞ് പൊലിപ്പിക്കുന്ന കണക്കുകൾക്കപ്പുറം കാര്യമൊന്നും നടക്കുന്നില്ലെന്ന് വ്യക്തം

 

Latest Videos
Follow Us:
Download App:
  • android
  • ios