കോൺഗ്രസ് രാഷ്ട്രീയത്തിൽ കെ സുധാകരൻ അസ്വസ്ഥനാണെന്ന വാർത്തകൾക്കിടെ, അദ്ദേഹത്തിന് പിന്തുണയുമായി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ രംഗത്ത്. പദവികളേക്കാൾ വലുതാണ് പ്രവർത്തകരുടെ മനസ്സിലെ സുധാകരന്റെ സ്ഥാനമെന്ന് രാഹുൽ ഓർമ്മിപ്പിക്കുന്നു.  

തിരുവനന്തപുരം: കോൺഗ്രസ് രാഷ്ട്രീയത്തിൽ നിർണ്ണായകമായ ഒരു ഘട്ടത്തിലൂടെ കെ സുധാകരൻ കടന്നുപോകുമ്പോൾ, അദ്ദേഹത്തിന് പിന്തുണയും ഒപ്പം സ്നേഹപൂർവ്വമായ ഒരോർമ്മപ്പെടുത്തലുമായി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. സ്ഥാനാർത്ഥിത്വത്തെ ചൊല്ലിയും പാർട്ടിക്കുള്ളിലെ നീക്കങ്ങളെ ചൊല്ലിയും സുധാകരൻ അസ്വസ്ഥനാണെന്ന വാർത്തകൾക്കിടയിലാണ് രാഹുലിന്റെ ഈ ഫേസ്ബുക്ക് പോസ്റ്റ്. ഷുഹൈബും സജിത്ത് ലാലും ഉൾപ്പെടെ കണ്ണൂരിൽ കോൺഗ്രസ് പ്രസ്ഥാനത്തിനായി ജീവൻ ബലി നൽകിയ അനേകം രക്തസാക്ഷികളുടെ നേതാവാണ് സുധാകരൻ എന്ന് രാഹുൽ ഓർമ്മിപ്പിക്കുന്നു. കേവലം പദവികളല്ല, മറിച്ച് പ്രവർത്തകരുടെ ഉള്ളിലെ വീര്യമാണ് സുധാകരൻ.

കണ്ണൂർ എംഎൽഎ എന്നോ കേരള മുഖ്യമന്ത്രി എന്നോ ഉള്ളത് കേവലം പദവികൾ മാത്രമാണ്. അതിനേക്കാൾ എത്രയോ വലിയ സ്ഥാനത്താണ് സുധാകരൻ എന്ന രണ്ടക്ഷരം ഇന്ന് ഇരിക്കുന്നത്. ജീവൻ വേണേൽ തന്നേക്കാം എന്ന് പ്രവർത്തകർ മുദ്രാവാക്യം വിളിക്കുന്നത് ആലങ്കാരികമല്ല, അത് അർത്ഥവത്താണ്, എന്ന് കുറിപ്പിൽ പറയുന്നു. സുധാകരനെതിരെ പ്രവർത്തിക്കേണ്ടി വരുന്ന ഒരു സാധാരണ കോൺഗ്രസ് പ്രവർത്തകന്റെ മാനസികാവസ്ഥ ആലോചിക്കണമെന്നും കേൾക്കുന്ന വാർത്തകൾ കള്ളമാണെന്ന് അദ്ദേഹം തന്നെ പറയണമെന്നും രാഹുൽ ആവശ്യപ്പെടുന്നു.

കണ്ണൂരിൽ സുധാകരൻ സ്ഥാനാർത്ഥിയായാൽ ആഹ്ലാദത്തോടെ ഏറ്റെടുക്കും. അതുണ്ടായില്ലെങ്കിലും കേരളം മുഴുവൻ സഞ്ചരിച്ച് പ്രവർത്തകരെ ആവേശപ്പെടുത്താൻ അദ്ദേഹം മുൻപന്തിയിൽ ഉണ്ടാകണം. നിലവിലെ ദുർഭരണത്തെ ബ്രണ്ണൻ കോളേജിൽ വെച്ച് ചെയ്തത് പോലെ ചവിട്ടി താഴെയിടാൻ സുധാകരന്റെ നേതൃത്വം വേണമെന്ന് രാഹുൽ ആഹ്വാനം ചെയ്യുന്നു. രക്തസാക്ഷികളുടെ നേതാവിന് രക്തസാക്ഷികളെ വേദനിപ്പിക്കാനാകില്ല തീർച്ച എന്ന വരികളോടെയാണ് രാഹുൽ തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.