വിഷമം മറികടക്കാൻ പലരും വിഗ്ഗുകൾ ഉപയോഗിക്കുമ്പോൾ, ചികിത്സാച്ചെലവു കാരണം വിഗ് വാങ്ങാൻ സാധിക്കാത്ത നിരവധി പേർ നമുക്കുചുറ്റുമുണ്ട്. ഇവർക്കൊരു സഹായഹസ്തം നൽകാനാണ് വാഴത്തോപ്പ് സ്‌കൂളിലെ എൻ.എസ്.എസ് യൂണിറ്റ് വിദ്യാർത്ഥികൾ മുടി ദാന ക്യാമ്പ് സംഘടിപ്പിച്ചത്.
കാൻസർ ചികിത്സയുടെ ഭാഗമായുള്ള കീമോതെറാപ്പി പലപ്പോഴും രോഗികൾക്ക് മുടി നഷ്ടപ്പെടാൻ കാരണമാകാറുണ്ട്. ശാരീരിക ബുദ്ധിമുട്ടുകൾക്കപ്പുറം, ഈ മാറ്റം പലരിലും മാനസികമായി വലിയ വെല്ലുവിളിയുയർത്തുന്നു. എന്നാൽ, ഈ വേദനയുടെ ഘട്ടത്തിൽ അവർക്ക് ആത്മവിശ്വാസം വീണ്ടെടുക്കാൻ സഹായിക്കുന്നതാണ് വിഗ്ഗുകൾ. കാൻസർ രോഗികൾക്ക് വിഗ്ഗ് നിർമ്മിക്കാനായി മുടി മുറിച്ച് നൽകുന്നവരുടെ കൂട്ടായ്മകൾ നിലവിൽ പലയിടങ്ങളിലുമുണ്ട്.
ആത്മവിശ്വാസം വീണ്ടെടുക്കാനും വിഷമം മറികടക്കാനും പലരും വിഗ്ഗുകൾ ഉപയോഗിക്കുമ്പോൾ, ചികിത്സാച്ചെലവു കാരണം വിഗ് വാങ്ങാൻ സാധിക്കാത്ത നിരവധി പേർ നമുക്കുചുറ്റുമുണ്ട്. ഇവർക്കൊരു സഹായഹസ്തം നൽകുകയാണ് ഇടുക്കി വാഴത്തോപ്പ് സ്ക്കൂളിലെ എൻ. എസ്. എസ് യൂണിറ്റ് വിദ്യാർത്ഥികൾ. ഹെയർ ഡൊണേഷൻ ക്യാമ്പിലൂടെ 60 പേരാണ് കാൻസർ രോഗികൾക്ക് വിഗ് നിർമ്മിക്കാൻ മുടി മുറിച്ച് നൽകി മാതൃകയായിരിക്കുന്നത്. പദ്ധതിയെക്കുറിച്ച് അറിഞ്ഞതോടെ സമീപത്തെ സ്‌കൂളുകളിൽ നിന്നുള്ള കുട്ടികളും, അമ്മമാരും ഉൾപ്പെടെ നിരവധി പേരാണ് മുടി ദാനം ചെയ്യാനെത്തിയത്. കുറഞ്ഞത് 20 സെന്റീമീറ്റർ നീളത്തിലാണ് മുടി മുറിച്ചെടുത്തത്. ചിലർ മുടി മുഴുവനായും മുറിച്ചുനൽകാൻ തയ്യാറായെന്നതും ശ്രദ്ധേയമാണ്. ഒരു വർഷത്തോളം മുടി നീട്ടിവളർത്തിയെത്തിയ ഒരു യുവാവും ഇക്കൂട്ടത്തിൽ ഉണ്ടായിരുന്നു.
'മുടി നഷ്ടപ്പെടുന്നതിന്റെ വിഷമം കുറയ്ക്കാൻ വിഗ്ഗുകൾ സഹായകമാകും. ഇത്തരം ഉദ്യമങ്ങൾ അഭിനന്ദനാർഹമാണ്'–പാല ജനറൽ ആശുപത്രിയിലെ ഓങ്കോളജിസ്റ്റ് ഡോ. ശബരിനാഥ് പി.എസ് അഭിപ്രായപ്പെടുന്നു. 'ഹെയർ ഫോർ യു' എന്ന ചാരിറ്റബിൾ സൊസൈറ്റിയാണ് ഈ മുടി ഉപയോഗിച്ച് വിഗ്ഗുകൾ നിർമ്മിക്കുക. കോട്ടയം, പാലാ താലൂക്ക് ആശുപത്രികളിൽ ചികിത്സയിലുള്ള പാവപ്പെട്ട കാൻസർ രോഗികൾക്ക് ഈ വിഗ്ഗുകൾ സൗജന്യമായി വിതരണം ചെയ്യും.
നഷ്ടപ്പെട്ട മുടിക്ക് പകരം സൗജന്യ വിഗ്ഗ് ലഭിക്കുന്നത് കാൻസർ രോഗികളിൽ ഉണ്ടാക്കുന്ന ആശ്വാസവും ആകത്മവിശ്വാസവും ചെറുതല്ല. വിഗ്ഗുകൾ നിർമ്മിക്കുന്നതിനായി മുടി മുറിച്ച് നൽകുന്നതിലൂടെ കാരുണ്യത്തിൻ്റെ പുതിയ അധ്യായം കൂടിയാണ് കുറിക്കപ്പെടുന്നത്. സൗന്ദര്യസങ്കൽപ്പങ്ങൾക്കും അപ്പുറം, സഹജീവികൾക്ക് ആത്മവിശ്വാസം പകരാനുള്ള സന്നദ്ധതയിലൂടെ നിരവധി പേർക്കാണ് ജീവിതത്തിൽ പ്രതീക്ഷാ കിരണം ലഭിക്കുന്നത്.


