പ്രധാനമന്ത്രിയുടെ ജന്മദിനത്തോടനുബന്ധിച്ച് രാജസ്ഥാനിലെ ആശുപത്രിയിൽ ബിജെപി പ്രവർത്തകർ ബിസ്ക്കറ്റ് വിതരണം നടത്തി. എന്നാൽ ഫോട്ടോ എടുത്ത ശേഷം രോഗികളിൽ നിന്ന് ബിസ്ക്കറ്റ് തിരികെ വാങ്ങുന്ന വീഡിയോ വൈറലായതോടെ സംഭവം വിവാദമായി.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനത്തോടനുബന്ധിച്ച് രാജസ്ഥാനില്‍ നടന്ന ഒരു പരിപാടിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെ രാജസ്ഥാനിലെ ബിജെപി ഘടകത്തിനെതിരെ രൂക്ഷ വിമർശനം. പിന്നാലെ, പ്രചരിക്കുന്ന വീഡിയോ വ്യാജമാണെന്ന് അവകാശപ്പെട്ട് രാജസ്ഥാന്‍ ബിജെപി ഘടകവും രംഗത്തെത്തി. പ്രധാനമന്ത്രിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് പ്രഖ്യാപിച്ച സേവ പഖ് വാഡ ക്യാമ്പയിന്‍റെ ഭാഗമായി രാജസ്ഥാനിലെ ജയ്പ്പൂരിലെ ആർയുഎച്ച്എസ് ആശുപത്രിയിൽ ബിജെപി പ്രവർത്തകർ നടത്തിയ ബിസ്ക്കറ്റ് വിതരണത്തിലാണ് സംഭവമെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു.

വീഡിയോ

ഇന്ത്യന്‍ ഓണ്‍ ഫീഡ് എന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ നിന്നാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. വീഡിയോയില്‍ താമര ചിഹ്നമുള്ള ഷാളുകൾ ധരിച്ച നിരവധി പേര്‍ ഒരു ആശുപത്രി വാർഡില്‍, അഞ്ച് രൂപയുടെ ബിസ്ക്കറ്റ് കവറുകൾ പിടിച്ച് വാർഡിലെ കിടക്കയിലുള്ള രോഗികളോടൊപ്പം ഫോട്ടോയ്ക്കും വീഡിയോയ്ക്കും പോസ് ചെയ്യുന്നത് കാണാം. ഫോട്ടോ എടുത്തതിന് പിന്നാലെ ഇവര്‍ നല്‍കിയ ബിസ്ക്കറ്റ് പാക്കറ്റുകൾ തിരികെ വാങ്ങി പോകുന്നതും വീഡിയോയില്‍ കാണാം.

View post on Instagram

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി സെപ്റ്റംബർ 17 -നും ഒക്ടോബർ രണ്ടിനും ഇടക്ക് രോഗികൾക്ക് പഴങ്ങളും ബിസ്ക്കറ്റുകളും എത്തിച്ച് നൽകുക എന്നതാണ് 'സേവ പഖ് വാഡ' ക്യാമ്പയിൻ കൊണ്ട് ബിജെപി ലക്ഷ്യമിട്ടത്. എന്നാല്‍ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെയാണ് വീഡിയോ വ്യാജമാണെന്ന് അഭിപ്രായപ്പെട്ട് രാജസ്ഥാന്‍ ബിജെപി ഘടകം രംഗത്തെത്തി. സമൂഹ മാധ്യമങ്ങളില്‍ വൈറലാവാന്‍ വേണ്ടി എഡിറ്റ് ചെയ്ത വീഡിയോ പങ്കുവയ്ക്കുകയായിരുന്നെന്ന് ബിജെപി ഷിയോപൂർ മണ്ഡലം പ്രസിഡന്‍റ് ഗോപാൽ ലാൽ സൈനി മാധ്യമങ്ങളോട് പ്രതികരിച്ചു.

പ്രതികരണം

വീഡിയോ വ്യാപകമായി പങ്കുവയ്ക്കപ്പെട്ടതിന് പിന്നാലെ വ്യാപക പ്രതിഷേധമാണ് സമൂഹ മാധ്യമങ്ങളിൽ ഉയർന്നത്. പാവപ്പെട്ട രോ​ഗികളെ അപമാനിക്കുന്ന പ്രവൃത്തിയാണ് ഇതെന്നാണ് ഭൂരിഭാ​ഗം ആളുകളും വീഡിയോക്ക് താഴെ കുറിച്ചത്. ഫോട്ടോ എടുത്ത ശേഷം ബിസ്ക്കറ്റ് തിരിച്ചെടുക്കൽ പദ്ധതിയാണ് ഇതെന്ന ചിലര്‍ പരിഹാസിച്ചു. അഞ്ച് രൂപയ്ക്ക് താഴെയുള്ള ബിസ്ക്കറ്റ് കിട്ടിയില്ലേ എന്നായിരുന്നു ചിലരുടെ ചോദ്യം. മുഖ്യമന്ത്രി ഭജൻ ലാൽ ശർമ്മയുടെ സംഗനേർ മണ്ഡലത്തിൽ നടന്ന സേവ് പഖ് വാഡ ക്യാമ്പൈനില്‍ നിന്നുള്ള ദൃശ്യങ്ങളാണെന്നാണ് വീഡിയോ പങ്കുവച്ച് കൊണ്ട് ഇന്ത്യന്‍ ഓണ്‍ ഫീഡ് എന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് അവകാശപ്പെട്ടത്.