വൈറ്റിലയിലെ കല്ലട ഓഫീസിന് മുന്നിലെത്തിയപ്പോൾ നാലഞ്ച് പേരടങ്ങിയ സംഘം ബസിലേക്ക് കയറി ഉറങ്ങിക്കിടന്നവരെ ക്രൂരമായി തല്ലി, ചോദ്യം ചെയ്ത സഹയാത്രികനെ തലയ്ക്കടിച്ച് വീഴ്ത്തി. യാത്രക്കാരന്‍റെ അനുഭവം... 

തിരുവനന്തപുരം: കല്ലട ബസ്സിൽ യാത്രക്കാര്‍ക്ക് നേരിടേണ്ടിവന്നത് ക്രൂരമായ അനുഭവങ്ങളെന്ന് യാത്രക്കാരന്‍റെ വെളിപ്പെടുത്തൽ. ഹരിപ്പാട് പിന്നിട്ട് കരുവാറ്റയിൽ എത്തിയപ്പോഴാണ് ബസ്സ് ബ്രേക്ക് ഡൗണാകുന്നത്. മൂന്നര മണിക്കൂറോളം വെളിച്ചം പോലും ഇല്ലാത്ത വഴിയിൽ യാത്രക്കാര്‍ നിന്നിട്ടും പകരം സംവിധാനം ഉണ്ടാക്കിയില്ല. യാത്രക്കാര്‍ ഇത് ചോദ്യം ചെയ്തതോടെ ബസ്സിലുണ്ടായിരുന്ന മൂന്ന് ജീവനക്കാരിൽ രണ്ട് പേര്‍ സംഭവസ്ഥലത്ത് നിന്ന് മുങ്ങി. യാത്രക്കാരിൽ ചിലര്‍ പൊലീസിനെ വിവരം അറിയിച്ചതോടെ ഹരിപ്പാട് സ്റ്റേഷനിൽ നിന്ന് പൊലീസെത്തി. പകരം ബസ്സ് വന്നിട്ടും ഒളിച്ച് നിന്ന ജീവനക്കാരെ കാത്ത് പിന്നെയും അരമണിക്കൂറോളം ബസ്സ് വഴിയിൽ കിടന്നെന്നാണ് യാത്രക്കാരനായ സച്ചിൻ പറയുന്നത്. 

അവിടെനിന്ന് നാല് മണിക്കൂറോളം കഴിഞ്ഞതിന് ശേഷം ബസ്സെടുത്തതോടെ യാത്രക്കാര്‍ മിക്കവരും നല്ല ഉറക്കത്തിലായിരുന്നു. വൈറ്റിലയിലെ സുരേഷ് കല്ലട ഓഫീസിന് മുന്നിൽ ബസ്സ് നിര്‍ത്തിയിട്ടാണ് ബസ്സിൽ അക്രമി സംഘം കയറിയതും ചോദ്യം ചെയ്ത യാത്രക്കാരെ തെരഞ്ഞു പിടിച്ച് മര്‍ദ്ദിച്ചതെന്നുമാണ് സച്ചിൻ പറയുന്നത്.

"ഇവരാണ് പ്രശ്നമുണ്ടാക്കിയതെന്ന് ബസ് ഡ്രൈവര്‍ ആണ് ബസ്സിൽ കയറിയ സംഘത്തിന് ചൂണ്ടിക്കാട്ടി കൊടുത്തത്. കല്ലടയോട് കളിച്ചാൽ നീയൊക്കെ വിവരം അറിയും, ബസ്സിൽ നിന്ന് ഇറങ്ങി പോകെടാ എന്ന് ആക്രോശിച്ചായിരുന്നു മര്‍ദ്ദനം. ഉറങ്ങിക്കിടന്നവര്‍ക്ക് പലര്‍ക്കും ആദ്യം സംഗതി പിടികിട്ടിയില്ല. ക്രൂരമായി മര്‍ദ്ദിച്ച് ബസ്സിൽ നിന്ന് ഇറക്കിവിടാൻ ശ്രമിക്കുന്നതിനിടെ ചോദ്യം ചെയ്യാൻ ശ്രമിച്ച സഹയാത്രികനെ തലയ്ക്കടിച്ച് വീഴ്ത്തി. ബിക്കിയുള്ളവരെ എല്ലാം നിരത്തിൽ ഓടിച്ചിട്ട് തല്ലുകയായിരുന്നു" എന്നും സച്ചിൻ പറയുന്നു. 

എൻജിനീയറിംഗ് വിദ്യാര്‍ത്ഥിയായ തനിക്ക് അടുത്ത ദിവസം പരീക്ഷയായിരുന്നു എന്നും അതിന് എത്താനായില്ലെന്നും സച്ചിൻ പറയുന്നു. ബാഗും ഹാൾടിക്കറ്റും അടക്കം നഷ്ടമായെന്നും സച്ചിൻ പറ‌ഞ്ഞു.