ഷാർജ കോൺസലേറ്റ് ജനറലിന് സംശയങ്ങൾ സംബന്ധിച്ചുള്ള കാര്യങ്ങൾ അറിയില്ലായിരുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു
കോട്ടയം: കൊല്ലം സ്വദേശിനി വിപഞ്ചികയും മകള്‍ വൈഭവിയും ഷാര്‍ജയിൽ മരിച്ചതിൽ സംശയങ്ങളുണ്ടെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. ഇന്ത്യൻ പൗരന് കിട്ടേണ്ട എല്ലാ നീതിയും ന്യായവും അവർക്ക് കിട്ടണം. ഷാർജയിലെ നിയമം അനുസരിച്ച് മൃതദേഹം ഭർത്താവിന് വിട്ടുകൊടുക്കും. ഇന്ത്യൻ നിയമ വ്യവസ്ഥയിലൂടെ അത് തടയാനുള്ള ശ്രമം നടത്തുകയാണ്. ഇന്ന് ഹൈക്കോടതിയിൽ നിന്ന് ഇക്കാര്യത്തിൽ തീരുമാനം ഉണ്ടാകും.
വിപഞ്ചികയുടെ മരണത്തിൽ ഒരുപാട് സംശയങ്ങള്‍ ബാക്കിയുണ്ടെന്നും ഷാർജ കോൺസലേറ്റ് ജനറലിന് സംശയങ്ങൾ സംബന്ധിച്ചുള്ള കാര്യങ്ങൾ അറിയില്ലായിരുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു. മരണത്തിലെ സംശയങ്ങളും ദുരൂഹതകളും കോൺസലേറ്റ് ജനറലിനെ അറിയിച്ചിട്ടുണ്ടെന്നും കാര്യങ്ങൾ ബോധ്യപ്പെടുത്തിയപ്പോഴാണ് കുട്ടിയുടെ സംസ്കാരം തടഞ്ഞതെന്നും സുരേഷ് ഗോപി പറഞ്ഞു.
ഫോറൻസിക് റിപ്പോർട്ട് കിട്ടാതെ വിപഞ്ചികയുടെ മൃതദേഹം കൊടുക്കില്ലെന്ന് കോൺസലേറ്റ് ജനറൽ അറിയിച്ചു. ഫോറൻസിക് റിപ്പോർട്ട് കിട്ടാൻ അവിടെ ആരോ സമ്മർദ്ദം ചെലുത്തുന്നുണ്ട്. വിപഞ്ചികയുടെ അമ്മ അവിടെയെത്തിയത് തുടർനടപടികൾക്ക് ഗുണം ചെയ്യും. അപ്പുറത്തെ വശത്ത് നിന്ന് സംസ്കാരത്തിലടക്കം തിരക്കുകൂട്ടുന്നത് കാണുമ്പോൾ സംശയം കൂടുകയാണ്. ഷാർജ സർക്കാർ കരുണയും ദയയുമുള്ളവരാണ്. വിപഞ്ചികയുടെ ഒരുപാട് ശബ്ദസന്ദേശങ്ങളടക്കം കുടുംബം അയച്ചു നൽകിയിട്ടുണ്ട്.
വിപഞ്ചികയുടെ മകള്‍ വൈഭവിയുടെ സംസ്കാരം ഇന്നലെ നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ, കോണ്‍സുലേറ്റിന്‍റെ അടിയന്തര ഇടപെടലിനെ തുടര്‍ന്ന് സംസ്കാരം മാറ്റിവെക്കുകയായിരുന്നു. അതേസമയം, വിപഞ്ചികയുടെയും കുഞ്ഞിന്റെയും ദുരൂഹ മരണം സംബന്ധിച്ച് വിപഞ്ചികയുടെ അമ്മ ശൈലജ അടിയന്തര ഇടപെടലിന് അഭ്യർത്ഥിച്ചിട്ടുണ്ട്.
ഇന്ത്യൻ കോൺസുലേറ്റ് ഇടപെടണമെന്നും മകൾക്ക് നീതി ലഭിക്കണമെന്നും വിപഞ്ചികയുടെ അമ്മ പറഞ്ഞു. കുഞ്ഞിന്റെ മൃതദേഹം നാട്ടിൽ സംസ്കരിക്കണമെന്നും വിപഞ്ചികയുടെയും കുഞ്ഞിന്റെയും മൃതദേഹം ഒന്നിച്ച് നാട്ടിൽ എത്തിക്കണമെന്നും അമ്മ ശൈലജ ആവശ്യപ്പെട്ടിട്ടുണ്ട്.
ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് വിപഞ്ചികയെയും (33) ഒന്നര വയസുള്ള മകള്‍ വൈഭവിയെയും ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഒരേ കയറിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹങ്ങൾ. മരണ കാരണം സ്ഥിരീകരിക്കുന്നതിനാണ് നാട്ടിൽ റീപോസ്റ്റ്മോർട്ടത്തിന്‍റെ സാധ്യത കുടുംബം ആലോചിക്കുന്നത്.
ഭർത്താവിനും കുടുംബത്തിനും എതിരെ വിപഞ്ചിക ഫെയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് അപ്രത്യക്ഷമായതിൽ ദുരൂഹതയുണ്ടെന്നും പരാതിയുണ്ട്. വിപഞ്ചിക ഉപയോഗിച്ചിരുന്ന ഫോണും ലാപ്ടോപ്പും കാണാതായതും അന്വേഷിക്കണമെന്ന് അഭിഭാഷകന്‍ ആവശ്യപ്പെട്ടിരുന്നു. പ്രതികളെ നാട്ടില്‍ എത്തിച്ച് അന്വേഷണത്തിന് വിധേയരാക്കുന്നതിനുള്ള ശ്രമം തുടരുമെന്നും കുടുംബം വ്യക്തമാക്കി. സംഭവത്തിൽ ഭര്‍ത്താവിനും വീട്ടുകാര്‍ക്കുമെതിരെ കുണ്ടറ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇവര്‍ക്കെതിരെ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി.



